സര്‍വനാശം വിതച്ച് കോന്നിയില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപകമായി

കോന്നി: സര്‍വനാശം വിതച്ച് കോന്നിയില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപകമാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തി. കാട്ടുപന്നിയും കാട്ടാനകളും വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനു പുറമെയാണ ് ഇപ്പോള്‍ കൂട്ടമായി ആഫ്രിക്കന്‍ ഒച്ചുകളും എത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ ഒച്ചുകള്‍മൂലം കെനിയയില്‍ നിരവധി പേര്‍ക്ക് മസ്തിഷ്ക ജ്വരം പിടിപെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈര്‍പ്പമുള്ള പ്രദേശത്താണ് ആഫ്രിക്കന്‍ ഒച്ചുകള്‍ കൂടുതലായി കാണുന്നത്. കൂട്ടമായി എത്തുന്ന ഒച്ചുകള്‍ പ്രദേശത്തെ കപ്പ, വാഴ, തെങ്ങ്, മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇലകളും കായ്ഫലങ്ങളും എന്നിവ കാര്‍ന്നുതിന്നുകയാണ്. ഒച്ചിന്‍െറ സ്രവം ശരീരത്ത് വീണാല്‍ മനുഷ്യരുടെ ശരീരമാകെ ചൊറിഞ്ഞ് തടിക്കും. കൂടാതെ ഉപ്പ് ലായനിയോ പുകയില കഷായമോ ഉപയോഗിച്ച് ഇവയെ നശിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന രൂക്ഷമായ ദുര്‍ഗന്ധംമൂലം തലകറക്കവും ഛര്‍ദിയും ഉണ്ടാകാറുണ്ട്. 2007 കാലഘട്ടത്തിലാണ് അക്കാമിക ഫുലിക്ക എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചുകളെ ആദ്യമായി കോന്നി മാരൂര്‍ പാലം പ്രദേശത്ത് കണ്ടത്തെിയത്. അന്ന് അദ്ഭുത ഒച്ചിനെ കാണാന്‍ കോന്നിയിലേക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു. മുട്ടയിട്ട് പെരുകാന്‍ തുടങ്ങിയതോടെയാണ് ഇവ വരുത്തുന്ന നാശത്തെക്കുറിച്ച് ജനം അറിയാന്‍ തുടങ്ങിയത്. ആദ്യം മാരൂര്‍ പാലം പ്രദേശത്ത് കണ്ടിരുന്ന ഒച്ചുകള്‍ പിന്നീട് മങ്ങാരം, ചൈനാമുക്ക് പ്രദേശത്തേക്ക് കൂടി വ്യാപിച്ചു. ഇവയുടെ ശരീരത്തില്‍നിന്ന് പുറത്തുപോകുന്ന സ്രവത്തിന്‍െറ രൂക്ഷമായ ദുര്‍ഗന്ധം കാരണം വീട്ടില്‍ ഭക്ഷണം പാചകം ചെയ്ത് കഴിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ആഫ്രിക്കന്‍ ഒച്ചിനെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെ സംസ്ഥാനത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍നിന്ന് ശാസ്ത്രജ്ഞരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും കോന്നിയിലത്തെി ഇവയെക്കുറിച്ച് പഠനം നടത്തി. ഇതോടെ, കോന്നി ഗ്രാമപഞ്ചായത്ത് ഇടപെട്ട് ഉപ്പ് ലായനി, പുകയില കഷായം എന്നിവ ഉപയോഗിച്ച് നശിപ്പിക്കാന്‍ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി രംഗത്തിറക്കി. ഒരുപരിധിവരെ വിജയമായിരുന്നെങ്കിലും ആഫ്രിക്കന്‍ ഒച്ചുകള്‍ പൂര്‍ണമായി ഒഴിഞ്ഞുവെന്ന ധാരണയില്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. വേനല്‍ച്ചൂട് മാറി മഴ കനത്തതോടെ വീണ്ടും ആഫ്രിക്കന്‍ ഒച്ചുകള്‍ കൂട്ടത്തോടെ തലപൊക്കിയതോടെ ജനങ്ങള്‍ ഭീതിയിലാണ്. ഇപ്പോള്‍ കോന്നി, പ്രമാടം പഞ്ചായത്തുകളിലും കോന്നി മുതല്‍ കുമ്പഴ വരെ അച്ചന്‍കോവിലാറിന്‍െറ തീരപ്രദേശത്തും ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപകമാകുകയാണ്. എന്നാല്‍, ഇവയെ ഉന്മൂലനംചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല. വര്‍ഷത്തില്‍ രണ്ടുതവണ മുട്ടയിടുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ ഓരോ തവണയും 400 മുതല്‍ 900 വരെ മുട്ടകളാണ് ഇടുന്നത്. ഇതില്‍ 80 ശതമാനവും വിരിയുന്നു. അതിനാല്‍, വരുംദിവസങ്ങളില്‍ ഇവയുടെ എണ്ണം ഏറിവരുകതന്നെചെയ്യും. ഇവയെ നശിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. ഏറ്റവും അവസാനം എറണാകുളം ജില്ലയില്‍ ഇരുമ്പനം റെയില്‍വേ കോളനിയില്‍ താമസിക്കുന്ന നിരവധി കുട്ടികള്‍ക്ക് മസ്തിഷ്കജ്വരം ബാധിച്ചതിനെ കുറിച്ച് അമൃത മെഡിക്കല്‍ സയന്‍സിലെ ന്യൂറോ സംഘം പരിശോധന നടത്തുമ്പോള്‍ ഇതിന് കാരണം ആഫ്രിക്കന്‍ ഒച്ചുകളാണോയെന്ന് പരിശോധന നടത്തുകയാണ് മെഡിക്കല്‍ സംഘവും പീച്ചിയിലുള്ള കേരള ഫോറസ്റ്റ് റിസര്‍ച് സെന്‍ററിലെ ഗവേഷകരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.