ഇടതു മുന്നണിയുടെ വിജയം ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ചെന്ന്

പത്തനംതിട്ട: ആറന്മുളയിലെ ബി.ജെ.പി വോട്ട് വര്‍ധനക്ക് കാരണം യു.ഡി.എഫ് നിലപാടാണെന്ന മുന്‍ ഡി.സി.സി പ്രസിഡന്‍റ് പീലിപ്പോസ് തോമസിന്‍െറ പ്രസ്താവന ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ച് ഇടതു മുന്നണി നേടിയ വിജയത്തിന്‍െറ ജാള്യം മറയ്ക്കാനാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറിയും യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഏജന്‍റുമായ അഡ്വ. വി.ആര്‍. സോജി പറഞ്ഞു. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷ വോട്ടുകള്‍ മാത്രമാണ് ആറന്മുളയില്‍ യു.ഡി.എഫിന് ലഭിച്ചത്. ആറന്മുളയില്‍ യു.ഡി.എഫ് രാഷ്ട്രീയ മത്സരം നടത്തിയപ്പോള്‍ ഇടതു മുന്നണി സാമുദായിക മത്സരമായി തെരഞ്ഞെടുപ്പിനെ തരംതാഴ്ത്തി. പച്ചയായ ജാതി പറഞ്ഞ് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ സി.പി.എം നടത്തിയ ശ്രമം വിജയം കണ്ടു. ഭൂരിപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ബി.ജെ.പിക്ക് ലഭിക്കാന്‍ വേണ്ടിയാണ് സി.പി.എം ന്യൂനപക്ഷ പ്രീണനം നടത്തിയത്. പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തുവന്ന ഒരു വിഭാഗം ഈഴവ വോട്ടുകള്‍ ബി.ഡി.ജെ.എസ് വഴി ബി.ജെ.പി പാളയത്തില്‍ എത്തിക്കുന്നതിലും സി.പി.എം വിജയിച്ചു. സി.പി.എം അനുഭാവികളായ എസ്.എന്‍.ഡി.പി ഭാരവാഹികളെയാണ് ഇതിന് നിയോഗിച്ചത്. ക്രൈസ്തവ മതപുരോഹിതന്‍ പീലിപ്പോസ് തോമസിനൊപ്പം തുറന്ന ജീപ്പില്‍ ആഹ്ളാദ പ്രകടനത്തില്‍ പങ്കെടുത്തതും ജനം കണ്ടതാണ്. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ ബി.ജെ.പിയെ വിമര്‍ശിക്കാതെ സി.പി.എം നേതാക്കള്‍ മൗനം പാലിച്ചു. ആറന്മുള ക്ഷേത്രത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ ആക്രമണം നേരിട്ട ശിവദാസന്‍ നായരെക്കാള്‍ വലിയ മതേതരവാദി ജില്ലയിലില്ല. കുമ്മനം രാജശേഖരന്‍ പരസ്യമായി ശിവദാസന്‍ നായരെ തോല്‍പിക്കുമെന്ന് പ്രസ്താവനയും ഇറക്കിയിരുന്നു. ഒരുഘട്ടത്തിലും ബി.ജെ.പിയുമായി സന്ധി ചെയ്യാന്‍ ശിവദാസന്‍ നായര്‍ തയാറായിട്ടില്ല. എന്നാല്‍, കുമ്മനവുമായും എം.ടി. രമേശുമായും പീലിപ്പോസ് തോമസ് നിരവധി തവണ വേദികള്‍ പങ്കിട്ടത് ആറന്മുളയിലെ ജനം മറന്നിട്ടില്ല. ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയത് ജാതി പരിഗണനവെച്ച് മാത്രമാണ്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യംവെച്ച് നടത്തിയ നീക്കമാണിതെന്ന് പീലിപ്പോസ് തോമസിന് നന്നായി അറിയാം. മധ്യതിരുവിതാംകൂറിന്‍െറ മതസൗഹാര്‍ദ പാരമ്പര്യം തകര്‍ക്കുന്നതില്‍ പീലിപ്പോസ് തോമസും മുഖ്യപങ്ക് വഹിച്ചു. 1996ല്‍ റാന്നി മണ്ഡലം യു.ഡി.എഫിന് നഷ്ടമായത് പീലിപ്പോസ് തോമസ് സ്ഥാനാര്‍ഥിയായതു കൊണ്ടുമാത്രമാണ്. പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ അദ്ദേഹം വിരല്‍ ചൂണ്ടുന്നത് ഇടതു സര്‍ക്കാറിന്‍െറ സ്ഥാനം ഉറപ്പിക്കാനാണെന്ന് പകല്‍പോലെ വ്യക്തമാണ്. മധ്യതിരുവിതാംകൂറിന്‍െറ മതസൗഹാര്‍ദ പാരമ്പര്യം തകര്‍ത്ത് വിജയിച്ച വീണ ജോര്‍ജ് എം.എല്‍.എ സി.പി.എമ്മിന് ബാധ്യതയാകാന്‍ പോകുന്നത് വരുംനാളുകളില്‍ കാണാന്‍ കഴിയുമെന്നും അഡ്വ. വി.ആര്‍. സോജി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.