അടൂര്‍: സന്ധ്യമയങ്ങും നേരം, നെല്ലിമുകള്‍ ചന്ത പിരിയും നേരം. അതുകഴിഞ്ഞാല്‍ സമീപത്തെ പഞ്ചായത്തുവക കെട്ടിടവും പരിസരവും സാമൂഹികവിരുദ്ധ-അനാശാസ്യ പ്രവര്‍ത്തകരുടെ കേന്ദ്രമാണ്. അടൂര്‍-ശാസ്താംകോട്ട സംസ്ഥാന പാതക്കരികില്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ നെല്ലിമുകള്‍ കവലയിലെ പൊളിഞ്ഞ കെട്ടിടമാണ് സാമൂഹിക വിരുദ്ധര്‍ താവളമാക്കിയത്. 20 വര്‍ഷം മുമ്പ് പറക്കോട് ബ്ളോക് പഞ്ചായത്ത് ജെ.ആര്‍.വൈ, കടമ്പനാട് ഗ്രാമപഞ്ചായത്ത് ഫണ്ടുകള്‍ ഉപയോഗിച്ചു നിര്‍മിച്ച കെട്ടിടം നിര്‍മാണത്തിലെ അപാകത മൂലം ഏറെ വൈകാതെ ചോര്‍ന്നൊലിക്കുകയും ഭിത്തിയും അനുബന്ധ ഭാഗങ്ങളും തകര്‍ച്ചയുടെ വക്കിലത്തെുകയും ചെയ്തിരുന്നു. ഈ കെട്ടിടത്തിലാണ് നെല്ലിമുകള്‍ തപാല്‍ കാര്യാലയം പ്രവര്‍ത്തിച്ചിരുന്നത്. മഴ പെയ്താല്‍ തപാല്‍ ഉരുപ്പടികളുമായി ജീവനക്കാര്‍ നെട്ടോട്ടമോടുന്നത് നിരന്തരം പത്രവാര്‍ത്തകളായി സ്ഥാനം പിടിച്ചതോടെ അഞ്ചു വര്‍ഷം മുമ്പ് നെല്ലിമുകള്‍ ചന്തയിലെ കടമുറിയിലേക്ക് തപാല്‍ കാര്യാലയത്തിന്‍െറ പ്രവര്‍ത്തനം മാറ്റുകയായിരുന്നു. തപാല്‍ കാര്യാലയം പഴയകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സന്ധ്യ കഴിഞ്ഞാല്‍ സാമൂഹിക വിരുദ്ധര്‍ ഇവിടുത്തെ വരാന്തയും പരിസരവും അസാന്മാര്‍ഗിക കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. പോസ്റ്റ്ഓഫിസ് മാറ്റിയതോടെ ഇത്തരക്കാര്‍ക്ക് അനുഗ്രഹമായി. കെട്ടിടത്തിന്‍െറ പിന്നിലെ ജനാല സാമൂഹികവിരുദ്ധര്‍ ഇളക്കിമാറ്റി മുറിക്കുള്ളില്‍ കടക്കും. മുമ്പ് മയക്കുമരുന്നും സ്പിരിറ്റും മദ്യവും ശേഖരിച്ചുവെച്ച് ഇരുളിന്‍െറ മറവില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള ഇടമാക്കി മാറ്റിയത് വിവാദമായതോടെ സാമൂഹികവിരുദ്ധര്‍ കടക്കുന്ന പഴുതുകള്‍ പഞ്ചായത്ത് ഗ്രില്ലിട്ട് അടച്ചു. എന്നാല്‍, ആവശ്യക്കാര്‍ക്ക് അകത്തു കടക്കാന്‍ ഇപ്പോഴും കഴിയും. മദ്യപാനത്തിനും അനാശാസ്യത്തിനും ഇവിടം ഉപയോഗിക്കുന്നുണ്ട്. കെട്ടിടത്തിനകത്തും പുറത്തും മദ്യക്കുപ്പികളുടെ കൂട്ടവും ഇടക്ക് ഗര്‍ഭനിരോധ ഉറകളും കണ്ടെടുത്തിട്ടുണ്ട്. മുറ്റത്തും മറ്റും മദ്യക്കുപ്പികളുടെ കൂട്ടം കാണാം. ഇത്തരം പ്രവര്‍ത്തനങ്ങളെപ്പറ്റി പൊലീസിനും എക്സൈസിനും പഞ്ചായത്ത് അധികൃതര്‍ക്കും വ്യക്തമായ അറിവുണ്ടായിട്ടും നടപടിയുണ്ടാകുന്നില്ളെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.