പ്ളസ് വണ്‍ പ്രവേശം: സൈറ്റ് പണിമുടക്കുന്നത് വിദ്യാര്‍ഥികളെ വലക്കുന്നു

പന്തളം: സൈറ്റ് പണിമുടക്കുന്നതുമൂലം പ്ളസ് വണ്‍ പ്രവേശത്തിന് ശ്രമിക്കുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും വലയുന്നു. എസ്.എസ്.എല്‍.സി പരീക്ഷാഫലം വന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്ളസ് വണ്‍ പ്രവേശത്തിനുള്ള അപേക്ഷസമര്‍പ്പണം ആരംഭിച്ചിരുന്നില്ല. ആദ്യം 11ന് അപേക്ഷ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നത് പിന്നീട് 17ലേക്കും 20 ലേക്കും മാറ്റി. വെള്ളിയാഴ്ച രാവിലെമുതല്‍ രക്ഷിതാക്കളും കുട്ടികളും അക്ഷയകേന്ദ്രങ്ങളിലും സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലും കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. 20ന് അപേക്ഷ സ്വീകരിക്കല്‍ ആരംഭിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി വെബ്സൈറ്റില്‍ അറിയിപ്പുണ്ടെങ്കിലും നല്‍കാനുള്ള ലിങ്ക് തുറന്നില്ല. രക്ഷിതാക്കള്‍ സ്കൂളുകളില്‍ അന്വേഷിച്ചപ്പോള്‍ വൈകുന്നേരം ആറുമണിക്ക് ആരംഭിക്കുമെന്ന അറിയിപ്പ് ലഭിച്ചു. എന്നാല്‍, രാത്രി വൈകി ഒമ്പതിനാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക് ഓപണ്‍ ചെയ്തത്. വെബ്സൈറ്റില്‍ ലിങ്ക് തുറന്നെങ്കിലും ഒരു അപേക്ഷ സമര്‍പ്പിക്കുന്നതിന് ഒരു മണിക്കൂറിലേറെ വേണ്ടി വന്നെന്ന് അറിയുന്നു. ആയിരക്കണക്കിനുപേര്‍ സൈറ്റില്‍ ഒരേസമയം പ്രവേശിച്ചതാണ് കാരണം. ചില ഘട്ടങ്ങളില്‍ സൈറ്റ് പണിമുടക്കുകയും ചെയ്തു. നിരവധി വിദ്യാര്‍ഥികളാണ് ശനിയാഴ്ച രാവിലെമുതല്‍ അക്ഷയ കേന്ദ്രങ്ങളിലും കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലും ക്യൂ നില്‍ക്കുന്നത്. തകരാര്‍ കാരണം സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പ്രിന്‍റ് എടുക്കാന്‍ കഴിയുന്നില്ളെന്നും പരാതിയുണ്ട്. വെബ്സൈറ്റില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പ്രിന്‍റ് സഹിതം ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 25 രൂപ ഫീസ് നല്‍കിയാല്‍ മാത്രമെ അപേക്ഷസമര്‍പ്പണം പൂര്‍ത്തിയാകൂ. നാഷനല്‍ ഇന്‍ഫോര്‍മാറ്റിക് സെന്‍ററാണ് (എന്‍.ഐ.സി) ഹയര്‍ സെക്കന്‍ഡറി പ്ളസ് വണ്‍ അപേക്ഷസമര്‍പ്പണത്തിന് വെബ്സൈറ്റ് തയാറാക്കിയത്. ശേഷിക്കുറവാണ് സൈറ്റ് നിശ്ചലമാകാന്‍ കാരണമെന്ന് പറയുന്നു. ഇതിനിടെ, അപേക്ഷ സമര്‍പ്പിക്കാനത്തെുന്നവരില്‍നിന്ന് അക്ഷയകേന്ദ്രങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും അമിതചാര്‍ജ് ഈടാക്കുന്നതായും പരാതിയുണ്ട്. പ്ളസ് വണ്ണിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ഒരു ജില്ലയിലെ എത്ര സ്കൂളുകളും വിഷയവും ഓപ്ഷന്‍ നല്‍കാമെന്നിരിക്കെ വിദ്യാര്‍ഥികളുടെ അടുത്ത രണ്ടോ മൂന്നോ സ്കൂളുകള്‍ മാത്രം ഓപ്ഷന്‍ നല്‍കി കബളിപ്പിക്കുന്നതായും പരാതിയുണ്ട്. രക്ഷാകര്‍ത്താക്കളുടെയും കുട്ടികളുടെയും അജ്ഞത മുതലാക്കുകയാണ് സ്ഥാപനങ്ങള്‍ ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.