കോന്നി: കോന്നി നിയോജക മണ്ഡലത്തില്‍ ബി.ജെ.പി-എന്‍.ഡി.എ വോട്ടുകള്‍ ചോര്‍ന്നതും യു.ഡി.എഫ് വിജയത്തിന് കാരണമായി. എന്‍.ഡി.എ സഖ്യം കൂടി വന്നതോടെ മണ്ഡലത്തില്‍ ഈഴവ സമുദായത്തിനാണ് മുന്‍തൂക്കം. മണ്ഡലം പുനര്‍നിര്‍ണയം നടന്നപ്പോള്‍ ഏനാദിമംഗലം, ചിറ്റാര്‍, സീതത്തോട്, മൈലപ്ര പഞ്ചായത്തുകള്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതോടെ ഈഴവ വോട്ടുകള്‍ 40,000ലധികമായി. എന്നിട്ടും എന്‍.ഡി.എക്ക് നേട്ടം കൊയ്യാനായില്ല. 2011ല്‍ കോന്നി മണ്ഡലത്തില്‍ വി.എസ്. ഹരീഷ് ചന്ദ്രന്‍ മത്സരിച്ചപ്പോള്‍ 5,994 വോട്ടായിരുന്നു ബി.ജെ.പിക്ക്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.ടി. രമേശിന് ലഭിച്ചത് 18,222 വോട്ടായിരുന്നു. എന്നാല്‍, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ബി.ജെ.പിക്ക് കോന്നി മണ്ഡലത്തില്‍ 22,000ത്തിലധികം വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ എന്‍.ഡി.എ സഖ്യം കൂടി വന്നപ്പോള്‍ മണ്ഡലത്തില്‍ എന്‍.ഡി.എ സഖ്യം 50,000ത്തിലധികം വോട്ടുകള്‍ ലഭിക്കേണ്ടതാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥി ഡി. അശോക്കുമാറിന് ലഭിച്ചത് വെറും 16,713 വോട്ട് മാത്രമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ നിയമസഭാ സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുമില്ല. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ 1509 വോട്ടും ചേര്‍ന്നിട്ടുണ്ട്. കോന്നി നിയോജക മണ്ഡലത്തിലെ വോട്ടറും പ്രമാടം സ്വദേശിയുമായ എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി കെ. പത്മകുമാര്‍ റാന്നിയില്‍ മത്സരിച്ചത് യു.ഡി.എഫിനെ സഹായിക്കാനാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്‍.ഡി.എ സഖ്യത്തിന് വന്‍മുന്നേറ്റം നടത്താന്‍ കഴിയുമായിരുന്ന കോന്നി മണ്ഡലത്തില്‍ എസ്.എന്‍.ഡി.പി വോട്ടുകള്‍ ഒറ്റക്കെട്ടായി ചോര്‍ന്നത് വരുംദിവസങ്ങളില്‍ ചര്‍ച്ചാവിഷയമാകും. ഇടതുമുന്നണിയിലെ വോട്ട് ചോര്‍ച്ചയും ഈ തെരഞ്ഞെടുപ്പിനെ നയിക്കേണ്ടവര്‍ പിന്മാറിയതും കോന്നി നേതൃത്വത്തിനെതിരെയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.