ഭൂരിഭാഗം പഞ്ചായത്തുകളിലും നാല് നഗരസഭകളിലും ഇടതിന് വന്‍ മുന്നേറ്റം

പത്തനംതിട്ട: യു.ഡി.എഫ് കോട്ടയായ പത്തനംതിട്ടയില്‍ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നാല് നഗരസഭകളിലും ഇടതുമുന്നണിക്ക് വന്‍ മുന്നേറ്റം. ആറന്മുള, റാന്നി, അടൂര്‍, തിരുവല്ല മണ്ഡലങ്ങളിലെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ഇടതുമുന്നണിക്ക് അട്ടിമറി നേട്ടമാണ് ലഭിച്ചത്. എന്നാല്‍, കോന്നിയില്‍ അദ്ഭുതം സൃഷ്ടിക്കാനുമായില്ല.ആറന്മുള മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട നഗരസഭയിലെ മിക്ക ബൂത്തുകളിലും എല്‍.ഡി.എഫ് മേല്‍ക്കൈ നേടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടിയ നഗരസഭ കൂടിയാണിത്. നഗരസഭ പ്രദേശം ഉള്‍പ്പെടുന്ന 28 ഓളം ബൂത്തുകളില്‍ 13 ഇടത്ത് മാത്രമാണ് ശിവദാസന്‍നായര്‍ക്ക് നേരിയ ലീഡ് നിലനിര്‍ത്താനായത്. ഇതില്‍ ചില ബൂത്തുകളില്‍ രണ്ടും മൂന്നും വോട്ടുകളുടെ വ്യത്യാസമാണുള്ളത്. 166, 168, 169, 170, 171, 173, 175, 178, 179, 184, 187, 189, 190 ബൂത്തുകളിലാണ് നേരിയ ലീഡുകള്‍ നിലനിര്‍ത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ ഭൂരിപക്ഷം ലഭിച്ച ബൂത്തുകളാണ് ഇതെല്ലാം. ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജിന്‍െറ ബൂത്തായ 180 ലും ശിവദാസന്‍ നായര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 268 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. വീണക്ക് 444, ശിവദാസന്‍ നായര്‍ക്ക് 302. യു.ഡി.എഫ് ശക്തികേന്ദ്രമായ നഗരസഭയില്‍ യു.ഡി.എഫിന് കോട്ടം സംഭവിച്ചത് ഏറെ ചര്‍ച്ചക്കിടയാക്കിക്കഴിഞ്ഞു. പ്രവര്‍ത്തനങ്ങളിലെ വീഴ്ച പരാജയത്തിന് ഇടയാക്കിയതായും സംശയിക്കുന്നു. ആറന്മുള മണ്ഡലത്തില്‍ ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യം യു.ഡി.എഫിന് ഏറെ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. കൂടാതെ ന്യൂനപക്ഷ വോട്ടുകളില്‍ കുറെ എല്‍.ഡി.എഫിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. യു.ഡി.എഫ് പഞ്ചായത്തുകളായ ചെന്നീര്‍ക്കര, ഇലന്തൂര്‍, തോട്ടപ്പുഴശേരി എന്നിവിടങ്ങളിലും യു.ഡി.എഫിന് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ശിവദാസന്‍ നായരുടെ സ്വന്തം ബൂത്തിലും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ശ്രദ്ധേയമാണ്.‘എ’ ഗ്രൂപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്ത അനുയായിയായിരുന്നു ശിവദാസന്‍ നായര്‍. ആദ്യമെ സീറ്റ് ഉറപ്പിക്കാനും ഇദ്ദേഹത്തിനായി. എന്നാല്‍, എ ഗ്രൂപ്പുകാരന്‍ തന്നെയായ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജിന് സീറ്റിനായി ചര്‍ച്ചകള്‍ നടന്നതാണെങ്കിലും ലഭിച്ചില്ല. മോഹന്‍രാജിന് കോന്നിയിലോ ആറന്മുളയിലോ സീറ്റ് കൊടുക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ തയാറായതുമാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ കടുംപിടിത്തത്തിന് മുന്നില്‍ മോഹന്‍രാജിനാണ് സീറ്റ് നഷ്ടമായത്.അടൂരില്‍ 191 ബൂത്തുകളില്‍ 162 ബൂത്തുകളിലും എല്‍.ഡി.എഫിനാണ് മുന്‍തൂക്കം ലഭിച്ചത്. 24 ബൂത്തില്‍ മാത്രമാണ് യു.ഡി.എഫ് ലീഡ് നിലനിര്‍ത്തിയത്. അഞ്ച് ബൂത്തില്‍ എന്‍.ഡി.എയും ലീഡ് നേടി. അടൂര്‍, പന്തളം നഗരസഭകളിലും പന്തളം തെക്കേക്കര, കൊടുമണ്‍, പള്ളിക്കല്‍, കടമ്പനാട്, ഏറത്ത്, ഏഴംകുളം പഞ്ചായത്തുകളിലും എല്‍.ഡി.എഫ് വന്‍ ലീഡ് നിലനിര്‍ത്തി. എന്നാല്‍, തുമ്പമണ്‍ പഞ്ചായത്ത് മാത്രമാണ് യു.ഡി.എഫിനെ പിന്തുണച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും തുമ്പമണ്‍ ഒഴിച്ച് മറ്റ് പഞ്ചായത്തുകളും നഗരസഭകളും എല്‍.ഡി.എഫിനാണ് ലഭിച്ചത്. അടൂരില്‍ കോണ്‍ഗ്രസ് പടലപ്പിണക്കങ്ങളും പാലം വലിയും കെ.കെ. ഷാജുവിന് വിനയായി. അടുത്തയിടെ കോണ്‍ഗ്രസിലേക്ക് എത്തിയ കെ.കെ. ഷാജുവിന് സീറ്റ് നല്‍കിയതിനെതിരായ പ്രതിഷേധം ശക്തമായിരുന്നു. ഇവിടെ വിമതരും രംഗത്തത്തെിയിരുന്നു. എന്നാല്‍, പിന്നീട് പിന്‍മാറുകയായിരുന്നു. കോണ്‍ഗ്രസുകാര്‍ക്കിടയിലെ ശക്തമായ കാലുവാരലാണ് ചിറ്റയത്തിന്‍െറ ഭൂരിപക്ഷം വര്‍ധിക്കാന്‍ ഇടയാക്കിയതെന്നും പറയുന്നു. റാന്നിയില്‍ 11 പഞ്ചായത്തുകളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജു എബ്രഹാമിനായിരുന്നു ഭൂരിപക്ഷം. മറിയാമ്മ ചെറിയാന് വെച്ചൂച്ചിറയില്‍ മാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്. അതും കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് ലീഡായി ലഭിച്ചതും. കോട്ടാങ്ങല്‍, പെരുനാട്, നാറാണംമൂഴി, പഴവങ്ങാടി, അങ്ങാടി, കൊറ്റനാട്, എഴുമറ്റൂര്‍, അയിരൂര്‍, റാന്നി, വടശേരിക്കര, ചെറുകോല്‍ പഞ്ചായത്തുകളാണ് രാജു എബ്രഹാമിന് വന്‍ ലീഡ് നേടിക്കൊടുത്തത്. റാന്നിയില്‍ ന്യൂനപക്ഷ വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമായി ലഭിച്ചതായി കരുതുന്നു. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ അനൈക്യം തുടരുകയായിരുന്നു. കെ. ജയവര്‍മയും ബെന്നി പുത്തന്‍പറമ്പിലും തുടക്കത്തില്‍ എതിര്‍പ്പുമായി രംഗത്തത്തെിയിരുന്നു. പിന്നീട് പ്രശ്നങ്ങള്‍ പരിഹരിച്ചെന്നാണ് നേതാക്കള്‍ അവകാശപ്പെട്ടത്. ഇത്തവണ രാജു എബ്രഹാമിന് റെക്കോഡ് ഭൂരിപക്ഷമാണ് ലഭിച്ചത്. 14,596 ആയിരുന്നു ഭൂരിപക്ഷം.തിരുവല്ലയില്‍ ജോസഫ് എം. പുതുശ്ശേരി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതു മുതല്‍ അവിടെ യു.ഡി.എഫില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതാണ്. മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് 31,439 വോട്ടുകള്‍ നേടിയത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ പോലും അക്കീരമണ്ണിന് ലഭിച്ചതായി സംശയിക്കുന്നു. പി.ജെ. കുര്യന്‍െറ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസിലെ വിക്ടര്‍ ടി. തോമസിനെ അനുകൂലിക്കുന്ന ഒരു വിഭാഗവും പുതുശ്ശേരിക്കെതിരെ ‘നന്നായി’ പ്രവര്‍ത്തിച്ചതായാണ് അവിടത്തെ വോട്ടിങ് നിലകള്‍ സൂചിപ്പിക്കുന്നത്.തിരുവല്ല നഗരസഭ, പുറമറ്റം, പെരിങ്ങര, ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി പഞ്ചായത്തുകള്‍ യു.ഡി.എഫിന്‍െറ ശക്തികേന്ദ്രങ്ങളായിട്ടും ജോസഫ് എം. പുതുശേരിക്ക് ലീഡ് നേടാനായില്ല. ജില്ലയില്‍ യു.ഡി.എഫിന് ലഭിച്ച ഏക സീറ്റായ കോന്നിയില്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളില്‍ അടൂര്‍ പ്രകാശിന് അട്ടിമറി മുന്നേറ്റം നടത്താന്‍ കഴിഞ്ഞു. സി.പി.എം ഭരിക്കുന്ന സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തുകളില്‍ അടൂര്‍ പ്രകാശിന് 2500 ഓളം വോട്ടിന്‍െറ ഭൂരിപക്ഷം ലഭിച്ചു. മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളാണ് ജനങ്ങളെ ആകര്‍ഷിച്ചതെന്ന് കരുതുന്നു. മണ്ഡലത്തില്‍ ഈഴവ വോട്ടുകളില്‍ നല്ളൊരു ശതമാനവും അടൂര്‍ പ്രകാശിന് ലഭിച്ചതായി വിലയിരുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.