ജിഷയുടെ കൊലപാതകം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം

പത്തനംതിട്ട: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ മൃഗീയമായി പീഡിപ്പിച്ച് ദാരുണമായി കൊലപ്പെടുത്തിയിട്ടും നാളിതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പട്ടികജാതി-വര്‍ഗ സമത്വ മുന്നേറ്റ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിലെ പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും കൂടുതല്‍ അധിവസിക്കുന്ന പത്തനംതിട്ട ജില്ലയിലെ എസ്.സി, എസ്.ടി ഫണ്ടിന്‍െറ കോടികളുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുക. കോന്നി താലൂക്കില്‍ ഉള്‍പ്പെട്ട കോന്നി നിയോജക മണ്ഡലത്തില്‍ 4500ല്‍ അധികം പട്ടയം വിതരണം ചെയ്തിട്ടും ഭൂരഹിത എസ്.സി, എസ്.ടി വിഭാഗങ്ങളെ വഞ്ചിച്ചതില്‍ കമ്മിറ്റി പ്രതിഷേധിച്ചു. മലയോര കര്‍ഷകരുടെ മറവില്‍ റീസര്‍വേ ദുരുപയോഗം ചെയ്ത് ഭൂമാഫിയകള്‍ക്ക് വന്‍ തോതില്‍ റവന്യൂ ഭൂമി പതിച്ചുനല്‍കിയത് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പത്തനംതിട്ട ശാന്തി ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ജനറല്‍ സെക്രട്ടറി കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കേശവന്‍ തയ്യിലത്തേ് അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ഏഴംകുളം മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. മോഹനന്‍ മച്ചിക്കാട്, അനന്തന്‍ വലഞ്ചുഴി, ഗിരീഷ് കാട്ടാത്തിയില്‍, ഗോപാലകൃഷ്ണന്‍ കോന്നി, സത്യന്‍ കൊക്കാത്തോട്, ശശി ഇരുപതേക്കര്‍, രാജന്‍ ഒരേക്കര്‍, ശശി കോന്നി, ശശികല എന്നിവര്‍ സംസാരിച്ചു. പെരുമ്പാവൂരില്‍ ക്രൂരനരഹത്യക്ക് ഇരയായ ജിഷക്ക് നീതി ലഭിക്കണമെന്നും ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ക്കെതിരെ ശക്തമായ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം നാലിന് കലക്ടറേറ്റ് പടിക്കല്‍നിന്ന് പ്രതിഷേധ നീതിസന്ധ്യ നടത്തുന്നു. മിനിസിവില്‍ സ്റ്റേഷനില്‍ സമാപിക്കുന്ന നീതിസന്ധ്യ കെ.എം. സലിംകുമാര്‍ ഉദ്ഘാടനം ചെയ്യും. രാജന്‍ കൈതക്കാട് അധ്യക്ഷതവഹിക്കും. മല്ലപ്പള്ളി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയായ ദലിത് യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് നടപടി കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ചേരമര്‍ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി മല്ലപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തി. സംസ്ഥാന പ്രസിഡന്‍റ് കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് ഫ്രാന്‍സിലി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഷാജി മാത്യു, ടി.കെ. മോഹനന്‍, പി.ജെ. പീറ്റര്‍, ബി. പ്രകാശ്, സി.ടി. ജോണ്‍സണ്‍, ആര്‍. രാജന്‍, ജോജി, ഡേവിഡ്, ജേക്കബ് ജോണ്‍, പി.ടി. ശാമുവല്‍, എം.പി. രാജു, പി.കെ. ബിജു, ഇ.കെ. അജയന്‍, തങ്കമ്മ ജോയി എന്നിവര്‍ സംസാരിച്ചു. എ.കെ.സി.എച്ച്.എം.എസ് മഹിളാ സമാജം മല്ലപ്പള്ളി താലൂക്ക് യൂനിയന്‍ നേതൃത്വത്തില്‍ ടൗണില്‍ വെള്ളിയാഴ്ച രാവിലെ 11 മുതല്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. സജീവ് ഉദ്ഘാടനം ചെയ്യും. മഹിളാ സമാജം യൂനിയന്‍ പ്രസിഡന്‍റ് പ്രശാന്ത് വിശ്വനാഥ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.