നടുറോഡില്‍ വെന്തുരുകി ജില്ലയിലെ ട്രാഫിക് പൊലീസ്

തിരുവല്ല: കൊടും വേനല്‍ കനക്കുമ്പോഴും നഗരത്തില്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുകയാണ് ജില്ലയിലെ ട്രാഫിക് പൊലീസ്. പത്തനംതിട്ട, അടൂര്‍, തിരുവല്ല എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ട്രാഫിക് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. മതിയായ ജീവനക്കാരില്ലാത്തതും ആവശ്യത്തിന് വിശ്രമമില്ലാത്തതും ഇവര്‍ക്ക് വെല്ലുവിളിയായിട്ടുണ്ട്. സാധാരണ പൊലീസുകാരില്‍നിന്ന് വ്യത്യസ്തമായി ആറുമണിക്കൂറാണ് ഇവരുടെ പ്രവര്‍ത്തന സമയം. എന്നാല്‍, കൊടും വെയിലത്ത് നില ഉറക്കുന്നതോടെ ഇവര്‍ക്ക് ഇരട്ടി പണിയാകും. ആവശ്യത്തിനുള്ള സുരക്ഷാ സാമഗ്രികളൊ മതിയായ കുടിവെള്ളമൊ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഉപയോഗിക്കുന്ന കുപ്പായവും ചൂട് ഇരട്ടിയാക്കും. അടുത്തിടെ സി.ഐക്ക് ഉള്‍പ്പെടെ കൊടുംചൂടില്‍ സൂര്യാതപം ഏറ്റത് വലിയ വാര്‍ത്തയായിരുന്നു. 2000 കാലംഘട്ടം മുതല്‍ ട്രാഫിക് പൊലീസിന് കാലാവസ്ഥക്ക് അനുയോജ്യമായ യൂനിഫോം നിശ്ചയിക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. വിവിധ കമീഷനുകളും ഈ ആവശ്യത്തെ ശരിവെച്ചിരുന്നു. എന്നാല്‍, മാറിവന്ന സംസ്ഥാനത്തെ ആഭ്യന്തര വകുപ്പുകള്‍ ഒന്നും ഇവര്‍ക്കുവേണ്ട പരിഗണന നല്‍കിയില്ല. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സാഹചര്യം പോലും പലപ്പോഴും ഇവര്‍ക്കില്ല. തിരക്കുകള്‍ക്കിടയില്‍ ഒന്ന് ശ്രദ്ധതെറ്റിയാല്‍ കനത്ത ഗതാഗതക്കുരുക്കും പിന്നെ യാത്രക്കാരുടെയും മേല്‍ ഉദ്യോഗസ്ഥരുടെയും ശകാര വര്‍ഷവും. വനിതാ ജീവനക്കാരാണ് ഇതില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭിക്കുന്നത്. യൂനിഫോമുകള്‍ വളരെപ്പെട്ടന്ന് തന്നെ നരക്കുകയും മുഷിയുകയും ചെയ്യുന്നതും ഇവരെ വലക്കുന്നു. രണ്ടുനേരം നാരങ്ങാവെള്ളം കൊടുക്കണമെന്ന് ഡി.ജി.പി ഉത്തരവിട്ടിരുന്നെങ്കിലും പലയിടത്തും ഇത് ലഭിക്കുന്നില്ല എന്നും ഇവര്‍ പറയുന്നു. ട്രാഫിക് യൂനിറ്റുകളില്‍ നിലവിലെ ജീവനക്കാരുടെ അനുപാതം കൂട്ടണമെന്ന ആവശ്യം ഇതിന് മുമ്പ് പലതവണ അധികൃതര്‍ക്ക് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. കൊടും ചൂടിനെ പ്രതിരോധിക്കാന്‍ അടിയന്തരമായി ഒരു കുടയെങ്കിലും നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.