മാതാപിതാക്കളെക്കൊണ്ട് വോട്ടുചെയ്യിക്കുമെന്ന് പ്രതിജ്ഞയെടുത്ത് വിദ്യാര്‍ഥികള്‍

പത്തനംതിട്ട: മാതാപിതാക്കളെക്കൊണ്ട് വോട്ടുചെയ്യിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ജില്ലയിലെ വിദ്യാര്‍ഥികള്‍. വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപ്പില്‍ പത്തനംതിട്ട ജില്ലയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിന് ആവിഷ്കരിച്ച മിഷന്‍ 80 ശതമാനം പരിപാടിയുടെ ഭാഗമായി പത്തനംതിട്ട മാര്‍ത്തോമ സ്കൂളില്‍ നടന്ന ചടങ്ങില്‍ മുഴുവന്‍ വിദ്യാര്‍ഥികളും പ്രതിജ്ഞയെടുത്തു. ചടങ്ങിന്‍െറ ഉദ്ഘാടനം കലക്ടര്‍ എസ്. ഹരികിഷോര്‍ നിര്‍വഹിച്ചു. മേയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍െറ വീട്ടിലും അയല്‍പക്കത്തുമുള്ള 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരെയും സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ പ്രേരിപ്പിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നുവെന്ന് കലക്ടര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വിദ്യാര്‍ഥികള്‍ ഏറ്റുചൊല്ലി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ ഉപദേശിച്ചു. ഇലക്ട്രോണിക് വോട്ടുയന്ത്രവും അതില്‍ വോട്ടു ചെയ്യേണ്ട വിധവും കുട്ടികള്‍ക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു. ജില്ലയിലെ എല്ലാ സ്കൂളുകളിലും വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. അസി. കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഐ. അബ്ദുസ്സലാം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ഐ അഗസ്റ്റിന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കിരണ്‍ റാം, സ്വീപ് അസി. നോഡല്‍ ഓഫിസര്‍മാരായ എം.ടി ജയിംസ്, രാരാരാജ്, സ്കൂള്‍ പ്രധാനാധ്യാപിക ഷീബ എ. തടിയില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.