പന്തളം മാര്‍ക്കറ്റ് പുനര്‍ലേലം ഹൈകോടതി തടഞ്ഞു

പന്തളം: പന്തളം മാര്‍ക്കറ്റ് പുനര്‍ലേലം ഹൈകോടതി തടഞ്ഞു. 31ന് ശേഷം മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാകും. പന്തളം മത്സ്യവിതരണ മാര്‍ക്കറ്റ്, വെറ്റില, പച്ചക്കറി വിതരണ മാര്‍ക്കറ്റുകളുടെ ലേലമാണ് പ്രതിസന്ധിയിലായത്. 2015-16 സാമ്പത്തിക വര്‍ഷത്തെ ലേലത്തുകയെക്കാള്‍ കാര്യമായ വര്‍ധനയില്ലാതിരുന്നതാണ് പുനര്‍ലേലം നടത്താന്‍ നഗരസഭാ അധികൃതരെ പ്രേരിപ്പിച്ചത്. 2014-15ല്‍ 9.50 ലക്ഷം രൂപയുണ്ടായിരുന്ന ലേലത്തുക 2015-16ല്‍ 5,90,000 രൂപയായി കുറഞ്ഞിരുന്നു. 2016-17ലെ ലേലത്തില്‍ ആറരലക്ഷം രൂപയായി ഉയര്‍ന്നെങ്കിലും 2014-15ലെ ലേലത്തുകയെക്കാള്‍ കുറവായിരുന്നതിനാല്‍ പുനര്‍ലേലം തീരുമാനിക്കുകയായിരുന്നു. ഇതോടെ ലേലത്തില്‍ പങ്കെടുത്തവര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. മൂന്നു മാസത്തേക്ക് ഹൈകോടതി പുനര്‍ലേലം തടയുകയും ചെയ്തു. ഇതോടെയാണ് മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം 31നു ശേഷം പ്രതിസന്ധിയിലായത്. കരാറുകാര്‍ തമ്മില്‍ നടത്തുന്ന ഒത്തുകളിയാണ് ലേലത്തുക കുറയാന്‍ കാരണമെന്നും നഗരസഭാ അധികൃതര്‍ പറയുന്നു. മാര്‍ക്കറ്റ് ലേലത്തിനുശേഷം നടന്ന സ്വകാര്യ ബസ്സ്റ്റാന്‍ഡിന്‍െറ ലേലത്തുക ഇരട്ടിയായി വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 5.25 ലക്ഷം രൂപ ഇത്തവണ 10.50 ലക്ഷമായി ഉയര്‍ന്നു. ശനിയാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം മാര്‍ക്കറ്റിന്‍െറ പുനര്‍ലേലം സംബന്ധിച്ച വിഷയത്തില്‍ ഹൈകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. അടിയന്തര സ്വഭാവത്തില്‍ കേസ് പരിഗണിക്കണമെന്ന ആവശ്യം നഗരസഭാ ഹൈകോടതിയില്‍ ഉന്നയിക്കാനും ധാരണയായതായി അറിയുന്നു. മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായതോടെ അടുത്തമാസം മുതല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാകും. ദക്ഷിണ കേരളത്തിലെ വലിയ വെറ്റില മാര്‍ക്കറ്റാണ് പന്തളത്ത് പ്രവര്‍ത്തിക്കുന്നത്. മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം നിലക്കുന്നതോടെ വെറ്റില കര്‍ഷകരാണ് കൂടുതല്‍ ബുദ്ധിമുട്ടിലാകുക. നഗരസഭാ ജീവനക്കാരുടെ ചുമതലയില്‍ മാര്‍ക്കറ്റില്‍ ഗേറ്റ് പിരിവ് നടത്തണമെന്നാണ് കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉയരുന്ന പ്രധാന ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.