നിയമ പോരാട്ടങ്ങള്‍ക്ക് അറുതി ; തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് തടസ്സം നീങ്ങി

തിരുവല്ല: ഹൈകോടതിയിലെ നിയമപോരാട്ടങ്ങള്‍ക്ക് അറുതിയായതോടെ തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനുള്ള തടസ്സം നീങ്ങി. സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള നടപടി വേഗത്തിലാകുന്നതോടെ സ്റ്റേഷന്‍െറ കിഴക്ക് ഭാഗത്തെ വികസനത്തിന് പച്ചക്കൊടി ഉയര്‍ന്നിരിക്കുകയാണ്. ഏറ്റെടുക്കുന്ന ഭൂമിയില്‍ ഗോഡൗണ്‍ നിര്‍മിക്കാനും ഹൈകോടതി അനുമതി നല്‍കി. തിരുവല്ല സ്റ്റേഷന്‍ വികസനം സാധ്യമാകുന്നതോടെ കിഴക്ക് ഭാഗത്ത്കൂടി മുമ്പുണ്ടായിരുന്ന സൗകര്യപ്രദമായ വഴിയും പുന$സ്ഥാപിക്കും. രണ്ടുവരിപ്പാതക്ക് സ്ഥലമെടുക്കുന്നതിനൊപ്പം പുതിയ ഗുഡ്സ് പാതയും ഗോഡൗണും നിര്‍മിക്കുന്നത് ചോദ്യംചെയ്ത് സമീപവാസികളായ ചിലരാണ് നേരത്തേ സിംഗ്ള്‍ ബെഞ്ച് മുമ്പാകെ ഹരജി നല്‍കിയത്. നിലവിലെ ഗോഡൗണ്‍ ആള്‍താമസമുള്ളയിടത്തുനിന്ന് 25 മീറ്റര്‍ അകലെ മാത്രമാണ് ഉള്ളതെന്നും പുതിയത് നിര്‍മിക്കുന്നത് വീണ്ടും അകലം കുറയുമെന്നും ഉള്‍പ്പെടെയുള്ള അഭിഭാഷക കമീഷന്‍െറ റിപ്പോര്‍ട്ട് പരിഗണിച്ച് സിംഗ്ള്‍ ബെഞ്ച് ഹരജി അനുവദിക്കുകയായിരുന്നു. സിമന്‍റ് ഗോഡൗണ്‍ വരുന്നതിലെ ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അന്നത്തെ വിധി. സ്ഥലമെടുപ്പിനുള്ള വിജ്ഞാപനവും ഇതോടൊപ്പം റദ്ദാക്കി. സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരെ റെയില്‍വേയാണ് പിന്നീട് അപ്പീല്‍ നല്‍കിയത്. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനാണ് തിരുവല്ലയെന്നും റെയില്‍വേ വികസനത്തിന് കൂടുതല്‍ പാതയും കൂടുതല്‍ വാഗണുകളും അടുപ്പിക്കാവുന്ന പ്ളാറ്റ്ഫോമും ഷെഡുകളും ആവശ്യമാണെന്നുമായിരുന്നു റെയില്‍വേയുടെ വാദം. ഇതേ നിലപാട് വ്യക്തമാക്കി റെയില്‍വേ തൊഴിലാളികളും വ്യാപാരികളും ഉള്‍പ്പെടെയുള്ളവരും കക്ഷിചേര്‍ന്ന് ഹരജി നല്‍കി. ഗതാഗതം, ചരക്കുനീക്കം, ചരക്കിറക്കലും കയറ്റലും സൂക്ഷിക്കലും തുടങ്ങി റെയില്‍വേയുമായി ബന്ധപ്പെട്ട വികസനത്തിന് അവകാശമുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പില്‍ കോടതിക്ക് ഇടപെടാനാകില്ല. പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് ശരിയായ രീതിയില്‍ പരിഗണിച്ച് പരിഹരിക്കപ്പെടണം. മലിനീകരണ പ്രശ്നമില്ലാത്തവിധം റെയില്‍വേക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആകാമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി. സിമന്‍റ് ഗോഡൗണ്‍ വരുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന ഹരജിയില്‍ സ്ഥലമെടുപ്പ് ഉള്‍പ്പെടെ റദ്ദാക്കിയ സിംഗ്ള്‍ ബെഞ്ച് ഉത്തരവ് തള്ളിയാണ് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ജെ.എല്‍. ഷെഫീഖ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. റെയില്‍വേക്ക് വേണ്ടി അഡ്വ. സി.എസ്. ഡയസും തൊഴിലാളികള്‍ക്കുവേണ്ടി തമ്പാന്‍ തോമസും ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.