ളാഹയില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒന്നര മാസം

വടശേരിക്കര: ളാഹയില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒന്നര മാസം. ദാഹജലത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുന്നു. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിലെ ളാഹയില്‍ ജനകീയ പങ്കാളത്തിത്തോടെ നിര്‍മിച്ച ജലവിതരണ പദ്ധതിയുടെ അറ്റകുറ്റപ്പണിക്കായി പണം മുടക്കാന്‍ പഞ്ചായത്ത് വൈമനസ്യം കാണിച്ചതോടെയാണ് ഉയര്‍ന്ന പ്രദേശമായ ളാഹയിലെ ജനം കുടിവെള്ളം കിട്ടാതെ വലയുന്നത്. ഒമ്പതു വര്‍ഷം മുമ്പ് പഞ്ചായത്തിന്‍െറയും വേള്‍ഡ് വിഷന്‍െറയും വനംവകുപ്പിന്‍െറയും സഹായത്തോടെ നാട്ടുകാര്‍ പിരിവെടുത്ത് ശബരിമല വനത്തിലെ വളഞ്ഞാംകാനം ചതുപ്പില്‍ കുളം നിര്‍മിച്ച് ഡീസല്‍ പമ്പും സ്ഥാപിച്ചാണ് ളാഹ മിനി ജലവിതരണ പദ്ധതി ആരംഭിക്കുന്നത്. ശബരിമല വനത്തോട് ചേര്‍ന്നുകിടക്കുന്ന ളാഹ ഗ്രാമത്തിലെ പട്ടികജാതി-വര്‍ഗ കുടുംബങ്ങളുള്‍പ്പെടെ ഇരുനൂറോളം വീടുകളിലേക്ക് ഈ പദ്ധതിയില്‍നിന്ന് കുടിവെള്ളം ലഭ്യമായിരുന്നു. പ്രദേശത്തുതന്നെയുള്ള ആളിനെ പമ്പ് ഓപറേറ്ററായി നിയമിച്ച് നാട്ടുകാര്‍തന്നെ ശമ്പളവും ഡീസലും സമാഹരിച്ചു നല്‍കിയാണ് ഈ ജലവിതരണ പദ്ധതി വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോരുന്നത്. തുടക്കത്തിലുണ്ടായ മുതല്‍മുടക്ക് ഒഴിച്ചാല്‍ പഞ്ചായത്തിന് ആകെയുണ്ടായിരുന്ന ചെലവ് വര്‍ഷാവര്‍ഷം ശബരിമല സീസണടുക്കുമ്പോള്‍ കാട്ടിനുള്ളിലെ പമ്പ് ഹൗസും മറ്റും മെയിന്‍റനന്‍സിനായി പണം മുടക്കുക എന്നുള്ളതാണ്. ഇതിനു പകരമായി ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് നാട്ടുകാരുടെ ചെലവില്‍ പൊതുടാപ് സ്ഥാപിച്ചു നല്‍കുകയും ചെയ്യും. പ്രതിമാസം ഒരു കുടുംബം 150 രൂപ വെച്ചാണ് ജലവിതരണ പദ്ധതി നിലനിര്‍ത്തുന്നതിനായി നല്‍കേണ്ടത്. അടുത്തകാലത്തായി വനസംരക്ഷണ സമിതിക്കായിരുന്നു ഈ പദ്ധതിയുടെ മേല്‍നോട്ടം. ഡീസല്‍ എന്‍ജിന്‍ തകരാറിലായി കുടിവെള്ള വിതരണം മുടങ്ങിയിട്ടും പഞ്ചായത്ത് ബദല്‍ സംവിധാനമൊന്നും ഒരുക്കാത്തതാണ് നാട്ടുകാരെ വലച്ചിരിക്കുന്നത്. കടുത്ത ജലദൗര്‍ലഭ്യമുള്ള ളാഹയില്‍ താമസിക്കുന്നവര്‍ ഇപ്പോള്‍ അടിയന്തരാവശ്യങ്ങള്‍ക്ക് വെള്ളം വിലകൊടുത്തു വാങ്ങുകയാണ് ചെയ്യുന്നത്. വരള്‍ച്ച രൂക്ഷമായപ്പോള്‍ പഞ്ചായത്ത് ലോറിയില്‍ ജലവിതരണം നടത്തുന്നുണ്ടെങ്കിലും ആഴ്ചയില്‍ രണ്ടിലധികം പ്രാവശ്യം ളാഹക്കാര്‍ക്ക് വെള്ളം നല്‍കേണ്ടെന്നാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളത്തിന് ആവശ്യക്കാരില്ലാതെ ലോറിയില്‍നിന്ന് കമഴ്ത്തിക്കളയുമ്പോളും ളാഹക്കാര്‍ ഒന്നിലധികം കലങ്ങളില്‍ പഞ്ചായത്തിന്‍െറ വെള്ളം വാങ്ങി സ്റ്റോക് ചെയ്യുന്നെന്ന പരാതിയുമുണ്ട് ഭരണപക്ഷത്തിന്. എന്നാല്‍, വിഷയം കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് വാര്‍ഡ് അംഗം രാജന്‍ വെട്ടിക്കല്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.