കരിഞ്ഞുണങ്ങുമ്പോഴും പമ്പയുടെ അടിത്തട്ട് തോണ്ടി മണല്‍ കടത്തുന്നു

കോഴഞ്ചേരി: ജലക്ഷാമം രൂക്ഷമാകുന്നതിനിടെ പമ്പയുടെ അടിത്തട്ട് വീണ്ടും തോണ്ടുന്നു. വേനല്‍മഴ പെയ്തെങ്കിലും പമ്പാതീരത്തെ പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. നാട്ടുകാര്‍ക്ക് തെല്ളൊരാശ്വാസമായിരുന്ന പി.ഐ.പി കനാല്‍ അടയ്ക്കുക കൂടി ചെയ്തതോടെ കൂടുതല്‍ പ്രതിസന്ധിയിലുമായി. ജലക്ഷാമം അധികം നേരിടുന്ന സ്ഥലങ്ങളില്‍ നാട്ടുകാര്‍ ശുദ്ധജലം ലഭ്യമാക്കാനുള്ള അഭ്യര്‍ഥനയുമായി ജനപ്രതിനിധികളെ സമീപിക്കുകയാണ്. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍വന്നതോടെ ജലവിതരണം നടത്താനുള്ള തുക ലഭ്യമല്ളെന്നാണ് ഇവരുടെ മറുപടി. ചിലയിടങ്ങളില്‍ പഞ്ചായത്ത് അംഗങ്ങളും പ്രസിഡന്‍റുന്മാരും സ്വന്തം ചെലവില്‍ ടാങ്കുകളില്‍ വെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍, ഇതൊന്നും ആവശ്യത്തിന് തികയുന്നില്ല. പമ്പാനദിയില്‍നിന്ന് അനിയന്ത്രിതമായും ആശാസ്ത്രീയമായും മണല്‍ ഖനനം നടത്തിയതാണ് ഈ മേഖലയില്‍ ജലക്ഷാമം ഇത്രയും രൂക്ഷമാകാന്‍ കാരണം. എന്നാല്‍, നിരോധം നിലനില്‍ക്കുമ്പോഴും മണല്‍ ഖനനം നടക്കുന്നുണ്ട്. പമ്പാ ഇറിഗേഷന്‍ പദ്ധതിയിലെ ഏറ്റവും വലിയ നീര്‍പ്പാലമായ വാഴകുന്നത്തുനിന്നുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മണല്‍കടത്ത് നടത്തിയത്. മണല്‍ഖനനം മൂലം നദിയുടെ അടിത്തട്ട് താഴുകയും പാലത്തിന്‍െറ സ്പാനുകള്‍ വെള്ളത്തിന്‍െറ മുകളിലത്തെുകയും ചെയ്ത് പാലം അപകട സ്ഥിതിയിലാണ്. പാലത്തിന് മുകളിലൂടെയുള്ള ഗതാഗതം ഭാഗികമായി തടഞ്ഞിട്ടുണ്ട്. ഇത്രയെല്ലാം സുരക്ഷ ഒരുക്കുമ്പോഴാണ് അനധികൃത ഖനനം നടക്കുന്നത്. ആറന്മുള, കോയിപ്രം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ പ്രദേശം. മണല്‍ഖനനം മൂലം നദിയുടെ ഗതി മാറിയത് അയിരൂര്‍ ശുദ്ധജലപദ്ധതി കിണറ്റിലേക്ക് ജലം എത്തുന്നതിന് തടസ്സമായിട്ടുണ്ട്. അയിരൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കൃത്യമായി വെള്ളം എത്തുന്നതിന് ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കാഞ്ഞീറ്റുകര, തേക്കുങ്കല്‍, പ്ളാങ്കമണ്‍, തീയാടിക്കല്‍ ഇവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ കടുത്ത ശുദ്ധജല ക്ഷാമത്തിലാണ്. കോഴഞ്ചേരി കിഴക്ക്, മേലുകര, തെക്കേമല, വഞ്ചിത്ര എന്നിവിടങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. ചെറുകോല്‍, നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍, മെഴുവേലി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പി.ഐ.പി കനാല്‍ അടച്ചത് നാട്ടുകാരെ പ്രതികൂലമായി ബാധിച്ചു. പ്രധാന കനാലില്‍നിന്ന് നിരവധി ഉപകനാലുകള്‍ വഴിക്കും ഓടകള്‍ വഴിക്കും കാര്‍ഷിക ആവശ്യത്തിന് മറ്റും വെള്ളം ലഭിച്ചിരുന്നു. ആറന്മുളയില്‍ ജലക്ഷാമം രൂക്ഷമാകുന്നതിനിടെ പലയിടത്തും വെള്ളം പാഴാകുന്നുണ്ട്. കിഴക്കെ നടയില്‍ പൈപ്പ് പൊട്ടി മൂന്നുമാസം കഴിയുമ്പോഴും ഇത് നന്നാക്കാനുള്ള ഒരു ശ്രമവും ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.