പന്തളം: അശാസ്ത്രീയ റോഡ് നിര്‍മാണം നിമിത്തം പന്തളം-കൈപ്പട്ടൂര്‍ റോഡില്‍ വേനല്‍ മഴയില്‍ വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി വൈകുന്നേരങ്ങളില്‍ കനത്ത മഴയാണ് ഇവിടെ പെയ്യുന്നത്. റോഡിന് ഓട നിര്‍മിക്കാത്തതിനാലാണ് വെള്ളം കടകളിലേക്ക് കയറുന്നത്. പന്തളം-കൈപ്പട്ടൂര്‍ റോഡില്‍ പന്തളം ജങ്ഷനു കിഴക്ക് ഇന്ത്യന്‍ ബാങ്കിന് സമീപം മുതല്‍ റോഡിന് ഇരുവശത്തുമുള്ള വ്യപാര സ്ഥാപനങ്ങളിലാണ് വലിയ തോതില്‍ വെള്ളം കയറിയത്. തുടര്‍ച്ചയായി മൂന്നു ദിവസം വെള്ളം കയറിയതുമൂലം പതിനായിരങ്ങളുടെ നഷ്ടമാണുണ്ടായതെന്ന് വ്യാപാരികള്‍ പറയുന്നു. റോഡ് ഉയര്‍ന്നു നില്‍ക്കുന്നതുമൂലം വെള്ളം കയറുമ്പോള്‍ മാലിന്യവും കടക്കുള്ളിലേക്ക് കയറുന്നു. ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ഇത് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. ജങ്ഷന് കിഴക്കുവശം റോഡ് മൂന്നടിയോളം ഉയര്‍ത്തിയാണ് പുനര്‍നിര്‍മാണം നടത്തിയത്. ഇതുമൂലം വെള്ളം ഒഴുകുന്നതിന് തടസ്സമാകുന്നു. തീര്‍ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് ധിറുതിപിടിച്ചാണ് റോഡിന്‍െറ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. തീര്‍ഥാടനകാലം അവസാനിച്ചാലുടന്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പന്തളം മുതല്‍ കൈപ്പട്ടൂര്‍വരെ റോഡിന്‍െറ ഇരുവശവും ഉയര്‍ന്നു നില്‍ക്കുന്നത് മൂലം വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും നിരന്തര സംഭവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഓട നിര്‍മാണം പൂര്‍ത്തിയാകാത്ത തുമ്പമണ്‍ ജങ്ഷനില്‍ കാര്‍ ഓടയിലേക്ക് മറിഞ്ഞ് കാര്‍ യാത്രക്കാര്‍ക്ക് അപകടം സംഭവിച്ചിരുന്നു. 2013ലെ ശബരിമല തീര്‍ഥാടന പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പന്തളം-കൈപ്പട്ടൂര്‍ റോഡ് നിര്‍മാണം ആരംഭിച്ചത്. രണ്ടു കൊല്ലം കാത്തിരിപ്പ് വേണ്ടിവന്നു ഇതിന്. ഇനി റോഡ് നിര്‍മാണം പൂര്‍ത്തിയാകാന്‍ എത്രനാള്‍ കാത്തിരിക്കണമെന്ന ആശങ്കയിലാണ് ജനം. ഓട നിര്‍മാണം പൂര്‍ത്തിയാക്കി വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.