കേന്ദ്ര സര്‍വകലാശാലയുടെ കാമ്പസ്; 56 കുടുംബങ്ങള്‍ പെരുവഴിയിലാകും

തിരുവല്ല: കേന്ദ്ര സര്‍വകലാശാലയുടെ കാമ്പസിനായി കടപ്ര ആലന്തുരുത്തിക്ക് സമീപം 10 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി പുരോഗമിക്കുമ്പോള്‍ 56 കുടുംബങ്ങള്‍ പെരുവഴിയിലാവുമെന്ന ഭീഷണിയില്‍. പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സിന്‍െറ പാട്ടഭൂമിയില്‍ വാടകക്ക് താമസിക്കുന്ന സാധാരണക്കാര്‍ക്കാണ് തലചായ്ക്കാന്‍ ഇടമില്ലാതെ പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരിക. കമ്പനിയുടെ തന്നെ ഏക്കര്‍ കണക്കിന് ഭൂമി പുളിക്കീഴിലും പരിസരത്തും കാടുപിടിച്ച് അന്യാധീനപ്പെട്ട് കിടക്കുന്ന സാഹചര്യത്തിലാണ് സര്‍വകലാശാല പദ്ധതി ജനവാസ കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരുന്നത്. വിഷയത്തില്‍ എം.എല്‍.എക്കും എം.പിക്കും മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതികൊടുത്തിട്ടും ഫലമുണ്ടായില്ല. സ്വന്തമായി ഭൂമിയില്ലാത്ത ഇവര്‍ നിരവധിതവണ മുഖ്യമന്ത്രിയുടെ ഭൂരഹിതര്‍ക്കുള്ള പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഫലമുണ്ടായില്ല. രണ്ടുപേര്‍ക്ക് മൂന്ന് സെന്‍റ് സ്ഥലം വീതം അനുവദിച്ചു എങ്കിലും താമസയോഗ്യമല്ലാത്ത പ്രദേശമാണ് ലഭ്യമായത്. ആകെ 40 സീറ്റ് മാത്രമുള്ള കാമ്പസിനായി 10 ഏക്കര്‍ സ്ഥലം എന്തിന് ഏറ്റെടുക്കണമെന്നതും ചോദ്യചിഹ്നമായി കിടക്കുന്നു. വര്‍ഷങ്ങളായി വാടക വ്യവസ്ഥയില്‍ താമസിക്കുന്ന 56 കുടുംബങ്ങള്‍ക്ക് വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 13നാണ് കമ്പനി അധികൃതര്‍ നോട്ടീസ് നല്‍കിയത്. തുച്ഛമായ ശമ്പളത്തില്‍ കഴിയുന്ന ഇവര്‍ക്ക് ഉടന്‍ മറ്റൊരു താമസസ്ഥലം കണ്ടത്തൊനും സാധിക്കുന്നില്ല. വലിയ സെക്യൂരിറ്റിയും വാടകയും നല്‍കാന്‍ പണമില്ലാത്ത ഇവരുടെ ജീവിതം ഇതോടെ വഴിമുട്ടി. പ്രായമായ മാതാപിതാക്കളും രോഗികളും കൊച്ചുകുട്ടികളും അടങ്ങിയ സാധാരണക്കാരണ് ഇവിടെ താമസിക്കുന്നത്. 10 വര്‍ഷത്തിലധികമായി വാടകക്ക് താമസിക്കുന്ന ഇവര്‍ വര്‍ഷാവസാനം വാടകച്ചീട്ട് പുതുക്കണമെന്ന വ്യവസ്ഥയിലാണ് കഴിഞ്ഞിരുന്നത്്. പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സിന്‍െറ പാട്ടക്കരാര്‍ മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാറിനാണെന്നാണ് കമ്പനിയുടെ വിശദീകരണം. റവന്യൂ വകുപ്പും സ്ഥലം എം.പി ആന്‍േറാ ആന്‍റണിയും നേരിട്ട് ഇടപെട്ട വിഷയത്തില്‍ തന്‍െറ അഭിപ്രായം ചോദിച്ചിട്ടില്ളെന്ന് മാത്യു ടി. തോമസ് എം.എല്‍.എ പറയുന്നു. ഐ.ടി പാര്‍ക്കിനായി മാത്യു ടി. തോമസ് മുന്നോട്ടുവെച്ച സ്ഥലം റവന്യൂ വകുപ്പ് ഇടപെട്ട് സര്‍വകലാശാല കാമ്പസിന് നല്‍കിയതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് എം.എല്‍.എയുടെ വിയോജിപ്പിന് കാരണമെന്നാണ് സൂചന. പദ്ധതി എന്തുതന്നെയായാലും പ്രദേശത്ത് വര്‍ഷങ്ങളായി താമസിക്കുന്ന നിരവധി പാവങ്ങളാണ് പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരിക. കേന്ദ്ര സര്‍വകലാശാലയുടെ മേല്‍നോട്ടത്തിലുള്ള ബി.എല്‍.എം ക്യാമ്പസിനാണ് കടപ്രയില്‍ സ്ഥലമേറ്റെടുക്കുന്നത്. പദ്ധതിക്ക് ആവശ്യമായ പ്രദേശം കണ്ടത്തെിനല്‍കാന്‍ ജനപ്രതിനിധികള്‍ക്ക് സാധിച്ചാല്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ സര്‍വകലാശാല അധികൃതര്‍ തയാറാണെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.