നാലു തൂണിലൊതുങ്ങി വടശ്ശേരിക്കര മൃഗാശുപത്രി കെട്ടിടം

വടശ്ശേരിക്കര: നാല്‍ക്കാലിയെപ്പോലെ നാലു തൂണിലൊതുങ്ങി വടശ്ശേരിക്കര മൃഗാശുപത്രി കെട്ടിടം. മൃഗസംരക്ഷണത്തിനും ചികിത്സക്കുമായി ബീജസങ്കലന ലാബുള്‍പ്പെടെ വിപുലമായ സൗകര്യം ലക്ഷ്യമിട്ട് ലോകബാങ്ക് സഹായത്തോടെ നിര്‍മാണമാരംഭിച്ച വടശ്ശേരിക്കര പഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിടമാണ് ഒരു വര്‍ഷമായി നിര്‍മാണം മുടങ്ങിക്കിടക്കുന്നത്. വടശ്ശേരിക്കര പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പഴയ മൃഗാശുപത്രി കെട്ടിടം ജീര്‍ണിച്ച് ചോര്‍ന്നൊലിച്ചപ്പോഴാണ് അതേസ്ഥലത്ത് പുതിയ കെട്ടിടം പണിയുന്നതിനായി പഞ്ചായത്ത് 10ലക്ഷം രൂപ വകയിരുത്തിയത്. താഴ്ന്ന സ്ഥലത്തുനിന്ന് റോഡ് നിരപ്പില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ പണിത് മുകള്‍വശം കോണ്‍ക്രീറ്റ് ചെയ്തപ്പോഴേക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. ഫണ്ട് തീര്‍ന്നതാണ് കാരണമെന്ന് പറയുന്നു. തുച്ഛമായ തുകകൊണ്ട് ആശുപത്രി കെട്ടിടം നിര്‍മിക്കാന്‍ തുനിഞ്ഞപ്പോഴേ വിമര്‍ശങ്ങള്‍ ഏറെ ഉയര്‍ന്നിരുന്നു. പിന്നീട് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതില്‍ പഞ്ചായത്ത് ശുഷ്കാന്തി കാണിക്കാതിരുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണമായും നിലച്ചു. പുതിയ സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്കായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും അത് മൃഗാശുപത്രി കെട്ടിടത്തിനുപയോഗിക്കുമോയെന്ന് വ്യക്തതയില്ല. ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയില്‍ സൗകര്യം കുറവായതിനാല്‍ ലബോറട്ടറികള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ലഭിക്കുന്നുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.