നാടന്‍ മത്സ്യകൃഷി പരിപോഷിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി പാളുന്നു

കോഴഞ്ചേരി: അന്യസംസ്ഥാനക്കാരുടെ മത്സ്യബന്ധനം പരിസ്ഥിതിക്കും പാരമ്പര്യ മത്സ്യകൃഷിക്കും നാശമുണ്ടാക്കുമ്പോള്‍ നാടന്‍ മത്സ്യകൃഷി പരിപോഷിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി പാളുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന മീന്‍പിടിത്തക്കാര്‍ക്ക് മത്സ്യഗവേഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതോടെയാണിതെന്ന് ആരോപണമുണ്ട്. മത്സ്യകൃഷിക്കും സംരക്ഷണത്തിനുമായി സര്‍ക്കാര്‍ ചെലവഴിക്കുന്ന ലക്ഷക്കണക്കിന് രൂപയാണ് വെള്ളത്തിലാകുന്നത്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാറും ത്രിതല പഞ്ചായത്തുകളും നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര പ്രാമുഖ്യം നല്‍കാത്തത് തകര്‍ച്ചക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സര്‍ക്കാറിന് കീഴിലുള്ള മത്സ്യ വിത്തുല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് വര്‍ഷംതോറും നദികള്‍, കുളങ്ങള്‍, നീര്‍ത്തടങ്ങള്‍ എന്നിവിടങ്ങളില്‍ നിക്ഷേപിക്കുന്നത്. കണക്കിലുള്‍പ്പെടുത്തുന്നതിന്‍െറ ഒരുഭാഗം മാത്രമേ നിക്ഷേപിക്കുന്നുള്ളൂ എങ്കിലും വന്‍തുകയാണ് ചെലവഴിക്കുന്നത്. ഇവിടങ്ങളില്‍ വളരുന്ന മത്സ്യം വിളവെടുക്കുന്നത് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘമാണ്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നത് ഫിഷറീസ് വകുപ്പില്‍നിന്നുള്ള ജീവനക്കാരാണെന്ന് ജനപ്രതിനിധികള്‍ പറയുന്നു. നദീതീരങ്ങളിലും സമീപ സ്ഥലങ്ങളിലും തമ്പടിക്കുന്ന ഇവര്‍ വന്‍തോതിലാണ് മത്സ്യബന്ധനം നടത്തുന്നത്. ഇവരുടെ മത്സ്യബന്ധനം പൈതൃക സമ്പത്തുവരെ നശിപ്പിക്കും വിധമാണെന്നും പരാതിയുണ്ട്. വന്‍ സംഘമായി നദീതീരത്ത് തമ്പടിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അനധികൃത മത്സ്യബന്ധനം സംബന്ധിച്ച് ജനപ്രതിനിധികള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ല. നിയമപരമായി പരാതി നല്‍കുകയും പ്രതികരിക്കുകയും ചെയ്യേണ്ട ഫിഷറീസ് വകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് ജനപ്രതിനിധികള്‍ ആരോപിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.