പ്ളസ് വണ്‍ പ്രവേശം ആദ്യഘട്ട നടപടി പൂര്‍ത്തിയായി: ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരമില്ല

പത്തനംതിട്ട: ജില്ലയില്‍ പ്ളസ് വണ്‍ പ്രവേശത്തിന്‍െറ ആദ്യഘട്ട നടപടി പൂര്‍ത്തിയാകുന്നു. രണ്ടാമത്തെ അലോട്ട്മെന്‍റ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ ലിസ്റ്റ് പ്രകാരം അലോട്ട്മെന്‍റ് ലഭിച്ചവര്‍ സ്കൂളില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് സ്ഥിരപ്രവേശം നേടണം. താല്‍ക്കാലിക പ്രവേശത്തില്‍ തുടരുന്നവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരമില്ല. അലോട്ട്മെന്‍റ് ലഭിച്ചവര്‍ അതത് സ്കൂളില്‍ ഫീസടച്ച് ചൊവ്വാഴ്ച സ്ഥിരപ്രവേശം നേടണം. ഈമാസം 30ന് പ്ളസ് വണ്‍ ക്ളാസുകള്‍ ആരംഭിക്കും. സി.ബി.എസ്.ഇ പരീക്ഷയില്‍ വിജയിച്ചവര്‍ക്കും എസ്.എസ്.എല്‍.സി സേ പരീക്ഷ വിജയികള്‍ക്കും സപ്ളിമെന്‍ററി അലോട്ട്മെന്‍റ് അപേക്ഷ ജൂലൈ എട്ടു മുതല്‍ നല്‍കാം. കൂടാതെ അപേക്ഷ നല്‍കിയിട്ടും ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്കും നിലവിലെ അപേക്ഷ എഴുതി പുതിയ ഓഫ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ളിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിക്കാം. ജില്ലയില്‍ പ്ളസ് വണ്ണിന് ആകെ 11,787 മെറിറ്റ് സീറ്റുകളാണുള്ളത്. ഇതില്‍ 4942 പേര്‍ ആദ്യ അലോട്ട്മെന്‍റില്‍ സ്ഥിര പ്രവേശം നേടി. 3012 പേര്‍ താല്‍ക്കാലിക പ്രവേശം നേടിയവരാണ്. അവശേഷിക്കുന്നത് 3833 സീറ്റുകളാണ്. ജില്ലയില്‍ 17,945 അപേക്ഷകളാണ് പ്ളസ് വണ്‍ പ്രവേശത്തിന് നല്‍കിയത്. ആകെ 15,058 സീറ്റുകളാണുള്ളത്. ഏകജാലകം വഴി 11,787 മെറിറ്റ് സീറ്റുകളിലേക്കാണ് അലോട്ട്മെന്‍റ് നടക്കുന്നത്. ബാക്കിയുള്ളത് മാനേജ്മെന്‍റ്, കമ്യൂണിറ്റി സീറ്റുകളിലേക്ക് നേരിട്ട് പ്രവേശം നടക്കും. ജില്ലയില്‍ മൊത്തം 96 ഹയര്‍സെക്കന്‍ഡറി സ്കൂളുകളാണുള്ളത്. ഇതില്‍ 32 എണ്ണം സര്‍ക്കാര്‍ സ്കൂളുകളും 44 എണ്ണം എയ്ഡഡ് സ്കൂളുകളുമാണ്. 15 അണ്‍ എയ്ഡഡ് വിദ്യാലയവും രണ്ട് സ്പെഷല്‍ സ്കൂളുകളുമുണ്ട്. സയന്‍സിന് 8886 സീറ്റുകളും ഹ്യൂമാനിറ്റീസിന് 3786 സീറ്റുകളുമാണുള്ളത്. അപേക്ഷിക്കുന്ന മുഴുവന്‍ പേര്‍ക്കും സീറ്റ് ലഭിക്കും. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുണ്ട്. സയന്‍സ് ബാച്ചിനോടാണ് കൂടുതല്‍ പേര്‍ക്കും താല്‍പര്യം. ഹ്യൂമാനിറ്റിസ്, കോമേഴ്സ് സീറ്റുകളാണ് കൂടുതലായും ഉള്ളത്. കഴിഞ്ഞവര്‍ഷം മിക്ക ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും പ്ളസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. ഹയര്‍സെക്കന്‍ഡറി പ്രവേശത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമേ വാങ്ങാവൂവെന്ന കര്‍ശന നിര്‍ദേശം മിക്ക സ്കൂളുകളും ലംഘിക്കുകയാണത്രേ. എയ്ഡഡ് സ്കൂളുകളില്‍ സംഭാവന എന്ന രീതിയില്‍ അമിത ഫീസാണ് ഈടാക്കുന്നത്. പി.ടി.എ ഫണ്ട്, കെട്ടിട ഫണ്ട്, ലബോറട്ടറി ഫീ, ലൈബ്രറി ഫീസ് തുടങ്ങിയവയുടെയും യൂനിഫോമിന്‍െറ പേരിലും പ്രത്യേക പണം വാങ്ങുന്നുണ്ട്. 1000 മുതല്‍ 2000 രൂപവരെ പലസ്കൂളുകളിലും വാങ്ങുന്നത്. വിലപേശാന്‍ ഇടനിലക്കാരെവരെ ചില എയ്ഡഡ് സ്കൂളുകളില്‍ ഏജന്‍റുന്മാരായി നിയോഗിച്ചിട്ടുണ്ടത്രേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.