പത്തനംതിട്ട: സംസ്ഥാനത്തിന്‍െറ വിനോദസഞ്ചാര ഭൂപടത്തില്‍ സവിശേഷമായ സ്ഥാനം നേടിയിട്ടുള്ള പത്തനംതിട്ടയില്‍ കുട്ടവഞ്ചിക്കും ആവനസവാരിക്കും ശേഷം ചലിക്കുന്ന കൊട്ടാരമൊരുങ്ങി. ഒരു ടൂറിസം സ്പോട്ടില്‍നിന്ന് മറ്റൊരിടത്തേക്ക് അത്യാഡംബരത്തോടെ സഞ്ചരിക്കുന്നതിനൊപ്പം അതില്‍ത്തന്നെ താമസിച്ച് പുറംകാഴ്ചകളും ഭക്ഷണവും ആസ്വദിക്കാം. രണ്ട് മുറികളും പ്രാഥമിക സൗകര്യങ്ങളുമുള്ള ചലിക്കുന്ന കൊട്ടാരം ട്രാക്ടറില്‍ ഘടിപ്പിച്ച് എ.സി സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നതാണ്. ടി.വി, മ്യൂസിക് സംവിധാനവും മുറികള്‍ക്കുള്ളിലുണ്ട്. അഞ്ചുപേര്‍ക്ക് കഴിയാവുന്നതാണ് ഒരു മുറി. വാഹനത്തിന്‍െറ നാല് വശവും ഗ്ളാസ് ആയതിനാല്‍ ദൂരക്കാഴ്ചകളും വനഭംഗിയും കണ്ട് ആസ്വദിക്കാനും അവസരമുണ്ട്. ഭക്ഷണം വാഹനത്തിനൊപ്പമുള്ള പ്രത്യേക കാന്‍റീനില്‍നിന്ന് ലഭിക്കും. പറയുന്ന ഭക്ഷണം ഇവര്‍ തയാറാക്കിത്തരും. വിവിധ തരത്തിലുള്ള ടൂര്‍ പാക്കേജുകളാണ് തയാറാക്കിയിട്ടുള്ളത്. 11,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. വനക്കാഴ്ചകള്‍ കാട്ടിത്തരാന്‍ ഗൈഡുകളും ഒപ്പമുണ്ടാകും. പരുന്തുംപാറ, വാഗമണ്‍, തേക്കടി, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും അവശ്യക്കാര്‍ക്ക് ചലിക്കുന്ന കൊട്ടാരത്തില്‍ ജില്ലക്ക് പുറത്തേക്കും ടൂര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. അഞ്ചുപേര്‍ക്ക് താമസിക്കാവുന്ന ചെറിയ വാഹനവും ഇവര്‍ ഒരുക്കിയിട്ടുണ്ട്. നിശ്ചിത സ്ഥലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന സംവിധാനം സഞ്ചാരികള്‍ക്ക് താമസത്തിനായും പ്രയോജനപ്പെടുത്താം. ജില്ലയിലെ അംഗീകൃത ടൂര്‍ ഓപറേറ്ററായ ഗൂസ്ബെറി ലാന്‍ഡ് ഹോളിഡെയ്സാണ് ചലിക്കുന്ന കൊട്ടാരം തയാറാക്കിയിരിക്കുന്നത്. 33 ലക്ഷം രൂപ ചെലവിലാണ് ഇതിന്‍െറ നിര്‍മിതി. സഞ്ചാരികള്‍ക്ക് പുതിയ സംവിധാനം കൂടുതല്‍ ഇഷ്ടപ്പെട്ടുവരുന്നതായി ഡയറക്ടര്‍ ജോര്‍ജ് എബ്രഹാം പറഞ്ഞു. അവധിക്ക് നാട്ടിലത്തെുന്ന പ്രവാസി മലയാളികള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. നിലക്കല്‍, അടവി, ളാഹ, പെരുന്തേനരുവി, പ്രമാടം, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളില്‍ കൊട്ടാരത്തില്‍ താമസസൗകര്യം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.