ഹയര്‍ സെക്കന്‍ഡറി: സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് സ്കൂള്‍ മാനേജ്മെന്‍റുകളുടെ പകല്‍ക്കൊള്ള

കോഴഞ്ചേരി: ഹയര്‍ സെക്കന്‍ഡറി പ്രവേശത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമേ ഈടാക്കാവൂ എന്ന നിര്‍ദേശം സ്വകാര്യ -എയ്ഡഡ് സ്കൂളുകള്‍ അവഗണിക്കുന്നു. പ്ളസ് വണ്‍ കോഴ്സിന് രണ്ടാം അലോട്ട്മെന്‍റ് 27ന് വരാനിരിക്കെ ഇനിയുള്ള പ്രവേശത്തിന് കൂടുതല്‍ തുക ഈടാക്കാനാകും മാനേജ്മെന്‍റുകളും പി.ടി.എകളും ശ്രമിക്കുക. പി.ടി.എ സംഭാവന പരമാവധി 500 രൂപ മാത്രമാണ് സര്‍ക്കാര്‍ ഫീസിന് പുറമെ വാങ്ങാന്‍ അനുമതിയുള്ളൂ. ഇത്തരത്തില്‍ ലഭിക്കുന്ന സംഭാവനയുടെ പട്ടിക നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കണമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ഇത്തരത്തിലാണെങ്കിലും സര്‍ക്കാര്‍ സ്കൂളുകളിലെ പി.ടി.എകളും ഫണ്ട് ശേഖരണത്തില്‍ പിന്നാക്കമല്ല. നിരവധി ഇനങ്ങളിലായി കുറഞ്ഞത് 5,000 രൂപ വരെയെങ്കിലും ഈടാക്കാനാണ് പ്രവേശ സമയത്തെ ശ്രമം. പി.ടി.എ ഫണ്ട് പി.ടി.എ അംഗത്വ ഫീസ്, കെട്ടിട ഫണ്ട്, ലബോറട്ടറി ഫീസ്, ലൈബ്രറി ഫീസ്, ഇങ്ങനെ വിവിധ ഇനങ്ങള്‍ ഇവര്‍ കണ്ടത്തെിയിട്ടുണ്ട്. ഇതിനു പുറമെ കുറഞ്ഞത് മൂന്ന് ജോഡി യൂനിഫോമെങ്കിലും വാങ്ങണമെന്ന് സ്കൂളുകളില്‍നിന്ന് നിര്‍ദേശമുണ്ട്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് വാങ്ങിയ കുട്ടികളാണ് ആദ്യ അലോട്ട്മെന്‍റ് പ്രകാരം പ്രവേശത്തിനത്തെിയത്. ഇവരില്‍നിന്ന് ഇത്തരത്തില്‍ ഫീസ് ഈടാക്കിയാല്‍ മാര്‍ക്ക് കുറവുള്ളവര്‍ എത്തുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകും. ഒരുവര്‍ഷത്തെ ലബോറട്ടറി ഫീസ് എന്ന പേരില്‍ വന്‍ തുക ഈടാക്കുന്ന സ്കൂളുകളും യൂനിഫോം സ്കൂളില്‍നിന്ന് വാങ്ങണമെന്ന് നിര്‍ദേശിക്കുന്നു. കുറഞ്ഞത് രണ്ടെണ്ണത്തിന് തുണി വാങ്ങുമ്പോള്‍ 800 രൂപ മുതല്‍ 2,000 രൂപ വരെയാണ് ഈടാക്കുന്നത്. ജില്ല ആസ്ഥാനത്തുള്ള സ്കൂളുകളില്‍ മൂന്ന് ജോഡികള്‍ വാങ്ങണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി 2,500 രൂപയാണ് ഈടാക്കുന്നത്. കെട്ടിടങ്ങള്‍ പലതും പൂര്‍ത്തിയാക്കണമെന്നും ഇതിനായി വികസനനിധിയിലേക്ക് നിര്‍ലോഭമായി സംഭാവന നല്‍കണമെന്നും പലയിടത്തും നിര്‍ദേശമുണ്ട്. രക്ഷാകര്‍തൃസമിതിയുടെയും സ്കൂളിന്‍െറതുമായി രണ്ട് രസീതുകളിലായി 1,370 രൂപയാണ് ഒൗദ്യോഗികമായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് വിവിധ ഇനങ്ങളിലായി അധിക പിരിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.