പത്തനംതിട്ട: മലബാര്‍ മാവ് കര്‍ഷക സമിതിയുടെയും എസ്പോസല്‍ കൗണ്‍സില്‍ ഓഫ് റിസോഴ്സിന്‍െറയും നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ മാമ്പഴ, ഗ്രാമീണ കാര്‍ഷികോല്‍പന്ന, തേന്‍, കൈത്തറി വിപണന മേളക്ക് തുടക്കമായി. പത്തനംതിട്ട പൊലീസ് സ്റ്റേഷന് സമീപം മാര്‍ക്കറ്റ് റോഡില്‍ പ്രത്യേകം തയാറാക്കിയ പവലിയനില്‍ ആരംഭിച്ച മേള രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സന്‍ രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷന്‍ പി.കെ. ജേക്കബ് നഗരസഭാ പ്രതിപക്ഷ നേതാവ് മുരളീധരന്‍ നായര്‍ക്ക് നല്‍കി ആദ്യവില്‍പന നിര്‍വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. സംഘാടകസമിതി കണ്‍വീനര്‍ എബി ഫ്രാന്‍സിസ് സ്വാഗതവും മലബാര്‍ മാവ് കര്‍ഷക സമിതി സെക്രട്ടറി ഷാജി കെ. ജോര്‍ജ് നന്ദിയും പറഞ്ഞു. മൂവാണ്ടന്‍, കുറ്റ്യാട്ടൂര്‍ (നമ്പ്യാര്‍), ബങ്കനപ്പള്ളി, പ്രയൂര്‍, സിന്ദൂരം, സോത്ത, നീലം, കാലാപാടി, മല്‍ഗോവ, പൈലി (നാട്ടിചേല), ഹുദാദത്ത്, മല്ലിക, കിളിച്ചുണ്ടന്‍ തുടങ്ങിയ 15ലേറെ ഇനം മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ലക്ഷ്യമിട്ടാണ് മേള ഒരുക്കിയിരിക്കുന്നത്. മലബാര്‍ മാവ് കര്‍ഷക സമിതിയിലെ 150 കര്‍ഷകര്‍ ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്ന മാമ്പഴങ്ങള്‍ മേളയില്‍ വില്‍പനക്കത്തെിച്ചിട്ടുണ്ട്. തോട്ടങ്ങളില്‍നിന്ന് പറിച്ചെടുക്കുന്ന മാങ്ങ മൂപ്പനുസരിച്ച് തരംതിരിച്ച് അറക്കപ്പൊടി, വയ്ക്കോല്‍ എന്നിവ ഉപയോഗിച്ച് പഴുപ്പിക്കുന്നതിനാല്‍ മൂപ്പ് എത്താത്തവ പഴുക്കില്ല. പഴുപ്പിക്കാനുള്ള മൂപ്പ് എത്താത്തവ തരംതിരിച്ച് ഉപ്പിലിട്ട മാങ്ങ, സ്ക്വാഷ്, അച്ചാര്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റും. കേരള കാര്‍ഷിക സര്‍വകലാശാല ഉത്തരമേഖല ഗവേഷണകേന്ദ്രം പീലിക്കോടിന്‍െറ സാങ്കേതികവിദ്യ സഹായത്തോടെയാണ് ഈ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. ഉപ്പിലിട്ട മാങ്ങയടക്കം മാങ്ങയുടെ തന്നെ 15ല്‍പരം അച്ചാറുകള്‍ കൂടാതെ ജാതിക്ക, നെല്ലിക്ക, ഇഞ്ചി, പച്ചമുളക്, കാന്താരിമുളക്, കാരറ്റ്, ബീറ്റ്റൂട്ട്, ചുവന്നുള്ളി, വെളുത്തുള്ളി തുടങ്ങിയ അച്ചാറുകളുടെ രുചി വൈവിധ്യം അനുഭവിച്ചറിയാം. ചക്ക കൊണ്ടുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ ചക്ക ഹല്‍വ, ചക്കവരട്ടിയത്, ചിപ്സ്, അച്ചാര്‍, ചക്ക അപ്പം, പള്‍പ്പ്, ജാം, സ്ക്വാഷ്, പായസം, അട, ചക്കക്കുരു, ചമ്മന്തിപ്പൊടി തുടങ്ങി ചക്കക്കൊണ്ടുള്ള 40ല്‍പരം മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ മേളയുടെ മുഖ്യ ആകര്‍ഷണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.