പന്തളം: കെ.എസ്.ആര്‍.ടി.സിയില്‍ നിയമനം ലഭിച്ച ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന വൈകുന്നു. ജീവനക്കാര്‍ പ്രതിസന്ധിയില്‍. 2013 മുതല്‍ പി.എസ്.സി വഴി നിയമനം ലഭിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയാണ് മുടങ്ങിയിരിക്കുന്നത്. നിയമനം ലഭിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം. സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ നിയമനം ലഭിച്ചവരുടെ പ്രൊബേഷന്‍ ഡിക്ളയര്‍ ചെയ്യാന്‍ കഴിയൂ. ഇതാണ് ജീവനക്കാര്‍ പ്രതിസന്ധിയിലാകാന്‍ കാരണം. 115 വകുപ്പുകളിലും 120ലധികം വരുന്ന കമ്പനി, കോര്‍പറേഷനുകളിലും നിയമനം ലഭിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി കേന്ദ്ര ഓഫിസില്‍ മാത്രമാണ് പ്രത്യേക വിഭാഗമുള്ളത്. ജില്ലാ ഓഫിസുകളില്‍ രണ്ടോ മൂന്നോ ജീവനക്കാരെ മാത്രമാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതാണ് പരിശോധന വൈകാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജീവനക്കാരുടെ കുറവ് പരിഹരിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന വേഗത്തിലാക്കാന്‍ കഴിയും. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര ഓഫിസിലാണ് പരിശോധന നടത്തുന്നത്. ഉദ്യോഗാര്‍ഥി, നിയമനം ലഭിച്ച് എത്തിയാല്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ത്തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സി ഓഫിസിലേക്ക് പരിശോധനക്കായി നല്‍കേണ്ടതാണ്. ഇതില്‍ കെ.എസ്.ആര്‍.ടി.സി വീഴ്ച വരുത്തുന്നതായാണ് ഉയരുന്ന ആക്ഷേപം. ഏഴും എട്ടും മാസം കൂടുമ്പോള്‍ മാത്രമാണ് സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിയിലേക്ക് അയക്കുക. കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് വൈകി പി.എസ്.സിയിലേക്ക് അയക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപൂര്‍ണമാകുന്നതും സര്‍ട്ടിഫിക്കറ്റ് പരിശോധന വൈകുന്നതിന് കാരണമാകുന്നു. അപൂര്‍ണമായ അപേക്ഷകള്‍ അതത് വകുപ്പിലേക്ക് തിരികെ അയക്കുകയാണ് പി.എസ്.സി ചെയ്യുന്നത്. അപൂര്‍ണമായ അപേക്ഷകള്‍ പൂര്‍ണമാക്കി തിരികെ അയക്കുന്നതിലും കെ.എസ്.ആര്‍.ടി.സി വീഴ്ച വരുത്തുന്നതായാണ് പരാതി. പ്രബേഷന്‍ ഡിക്ളയര്‍ ചെയ്യാത്തതു മൂലം പുതുക്കിയ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുകയില്ല. ജീവനക്കാര്‍ക്ക് വായ്പ ലഭിക്കുന്നതിനായി ശമ്പളസര്‍ട്ടിഫിക്കറ്റും നല്‍കാന്‍ കഴിയാത്ത അസസ്ഥയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.