മൃഗവേട്ട സംഘത്തിലെ പ്രധാനി പിടിയില്‍

ചിറ്റാര്‍: വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘത്തിലെ പ്രധാനപ്രതിയെ വനപാലകര്‍ പിടികൂടി. ആങ്ങമൂഴി വാലുപാറ പാമ്പോതറയില്‍ ഐതമ്പി എന്ന തമ്പിയെയാണ് (54) ആങ്ങമൂഴി ഗൂഡ്രിക്കല്‍ യെ്റഞ്ച് ഓഫിസര്‍ കെ. സജുവിന്‍െറ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റ് ചെയ്തത്. പുലി ഉള്‍പ്പെടെ നിരവധി വന്യമൃഗങ്ങളെയാണ് ഇദ്ദേഹവും സംഘവും പിടികൂടിയിട്ടുള്ളതെന്ന് വനപാലകര്‍ പറയുന്നു. കൂട്ടുപ്രതികളെയും ഇവര്‍ ഉപയോഗിച്ച തോക്ക്, വില്‍പന നടത്തിയ പുലിത്തോല്‍ എന്നിവക്കായും അന്വേഷണം ആരംഭിച്ചു. സുഹൃത്ത് പണിതുനല്‍കിയ നാടന്‍ തോക്ക് ഉപയോഗിച്ചാണ് വന്യമൃഗങ്ങളെ വേട്ടയാടിയിരുന്നത്. സംഘത്തിലെ പ്രധാന കണ്ണിയായിരുന്ന ആങ്ങമൂഴി പാലത്തടിയാര്‍ സ്വദേശി കേഴ ബേബിയെന്ന ബേബിയുടെ പക്കല്‍ തോക്കുണ്ടെന്ന് തമ്പി സമ്മതിച്ചു. രണ്ടു മാസങ്ങള്‍ക്കുമുമ്പ് പുലിയുടെ ആക്രമണത്തില്‍ ബേബി മരണപ്പെട്ടിരുന്നു. ഗ്രൂഡ്രിക്കല്‍ റെയ്ഞ്ചിലെ വിവിധ പ്രദേശങ്ങളില്‍ നിരവധി പുലികള്‍, കേഴമാന്‍, മ്ളാവ്, കാട്ടുപോത്ത്, കാട്ടുന്നി എന്നിവ ഇവരുടെ തോക്കിനിരയായിട്ടുണ്ടെന്നും പുലിത്തോലും മാംസവും വില്‍പന നടത്തിയതായും വനപാലകര്‍ നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചു. കഴിഞ്ഞദിവസം വനത്തിനുള്ളില്‍ വനപാലകര്‍ നടത്തിയ പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ തമ്പിയെ കണ്ടിരുന്നു. തുടര്‍ന്ന് വനപാലകര്‍ ചോദ്യം ചെയ്തപ്പോഴാണ് വന്‍ മൃഗവേട്ട സംബന്ധിച്ച വിവരം ലഭിച്ചത്. വനത്തിനുള്ളില്‍ വ്യാജചാരായ നിര്‍മാണവും ഇദ്ദേഹം നടത്തിയിരുന്നതായി വനപാലകര്‍ പറയുന്നു. ഇതിനുമുമ്പും വന്യമൃഗങ്ങളെ വേട്ടായാടിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇദ്ദേഹത്തിന്‍റ പേരിലുണ്ട്. പുലിയുടെ ആക്രമണത്തില്‍ മരിച്ച കേഴബേബി ഇദ്ദേഹത്തിന്‍െറ സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു. ഗൂഡ്രിക്കല്‍ ഫോറസ്റ്റ് റെയ്ഞ്ചിലൂടെ കടന്നുപോകുന്ന പ്ളാപ്പള്ളി-ആങ്ങമൂഴി പാതയില്‍ കഴിഞ്ഞ കുറെ ആഴ്ചകളിലായി പുലിയുടെ സാന്നിധ്യം കണ്ടിരുന്നു. നിരീക്ഷണത്തിനായി വനപാലകര്‍ നിരീക്ഷണ കാമറയും സ്ഥാപിച്ചിരുന്നു. കാമറയില്‍ നിരവധിതവണ പുലിയുടെ ചിത്രം തെളിഞ്ഞിരുന്നു. എന്നാല്‍, കുറേ ദിവസങ്ങളായി പുലിയെ ഇവിടെ കാണാതായെന്നും വനപാലകര്‍ പറയുന്നുണ്ട്. പുലിയെ ഈ സംഘം വേട്ടയാടിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും വനപാലകര്‍ പറയുന്നു. റാന്നി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.