കാറ്റും മഴയും: തിരുവല്ലയില്‍ അരക്കോടിയുടെ നാശനഷ്ടം: നിരവധി വീടുകള്‍ തകര്‍ന്നു

തിരുവല്ല: കനത്തമഴയിലും കാറ്റിലും തിരുവല്ല താലൂക്കില്‍ വന്‍നാശം. വ്യാഴാഴ്ച പുലര്‍ച്ചെ അനുഭവപ്പെട്ട ശക്തമായ കാറ്റിലും മഴയിലും വിവിധ ഇടങ്ങളിലായി അരക്കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കുറ്റപ്പുഴ വില്ളേജിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. നഗരസഭ 11ാം വാര്‍ഡിലെ തലമണ്ണില്‍ രാജന്‍െറ വീട് തെങ്ങുവീണ് പൂര്‍ണമായി നശിച്ചു. വീടിനു മുകളിലേക്ക് സമീപത്തെ പുരയിടത്തിലെ തെങ്ങ് വീഴുകയായിരുന്നു. തിരുമൂലപുരം പുളിയിക്കല്‍ വീട്ടില്‍ ഷണ്‍മുഖന്‍െറ വീടിനു മുകളിലേക്ക് പുലര്‍ച്ചെ പ്ളാവ് കടപുഴകി. മഞ്ഞാടി കാരിമല ലക്ഷ്മിസദനില്‍ മണിയുടെ വീടിനു മുകളില്‍ കൊന്നമരം വീണ് വീട് ഭാഗികമായി നശിച്ചു. കൊമ്പാടിപാറ പറമ്പില്‍ രാജു ജോസഫിന്‍െറ വീടിന് മുകളില്‍ പ്ളാവ് കടപുഴകി വീട് തകര്‍ന്നു. മഞ്ഞാടി ജ്യോതിഭവനില്‍ രാജശേഖരന്‍െറ വീടിന് മുകളിലേക്ക് തെങ്ങുവീണ് നശിച്ചു. ഇരുവള്ളിപ്ര പുളിക്കത്തറ മണ്ണില്‍ പി.എം. സക്കറിയയുടെ വീടിന് മുകളില്‍ തേക്ക് വീണ് ഒരുഭാഗം തകര്‍ന്നു. കറ്റോട് അങ്കണവാടി കെട്ടിടത്തിന് മുകളിലേക്ക് പാഴ്മരം കടപുഴകി. സമീപത്ത് മതിലുണ്ടായിരുന്നതിനാല്‍ കാര്യമായ നാശമുണ്ടായില്ല. തൈമല-മഞ്ഞാടി റോഡിലും രാവിലെ വൈദ്യുതി ലൈനിലേക്ക് മരം വീണു. കാവുംഭാഗം വില്ളേജിലും ചാലക്കുടി, അഴിയിടത്തുചിറ, വേങ്ങല്‍ മേഖലകളിലും കാറ്റ് നാശംവിതച്ചു. ചാലക്കുടി വടക്കേചിറപറമ്പില്‍ ശാരദ പ്രകാശിന്‍െറ വീടിന് മുകളിലേക്ക് സമീപത്തെ പൂഴിമരം കടപുഴകി വീട് ഭാഗികമായി തകര്‍ന്നു. സമീപവാസി ചിറയില്‍ പറമ്പില്‍ ശോഭനന്‍െറ വീട്ടിലേക്ക് തേക്കുമരം വീണ് വീടിനും സമീപത്തുള്ള വാഹനത്തിനും കേടുപാട് സംഭവിച്ചു. മന്നകരചിറ പ്രസാദിന്‍െറ എരിത്തിലിനു മുകളില്‍ മരം വീണ് എരിത്തില്‍ പൂര്‍ണമായി നശിച്ചു. കാവുംഭാഗം മേലകത്ത് ഷൈന്‍ കെ. അരവിന്ദന്‍െറ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്ത ഷവര്‍ലെ കാറിലേക്ക് മരംവീണു കുറ്റൂര്‍ വില്ളേജില്‍ കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുറ്റൂര്‍ കല്ലുങ്കല്‍ സ്വപ്ന രാജേഷ്, എന്‍. മാളിയേക്കല്‍ പുത്തന്‍ചിറ യോഹന്നാന്‍ മാത്യു ഞാലിയില്‍ കുഴിയിടത്ത് പറമ്പില്‍, വഞ്ചിമൂട്ടില്‍ പള്ളത്ത് പ്രമോദ് എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. നിരണം വില്ളേജില്‍ മാന്തറയില്‍ ശോശാമ്മ ജോണിന്‍െറ വീട്ടിലേക്ക് മരംവീണ് കേടുപാടുകള്‍ സംഭവിച്ചു. പെരിങ്ങര വില്ളേജില്‍ ഇതുവരെ നാലു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. പെരിങ്ങര പുതുമലയില്‍ കല്യാണി, എം.ടി. വര്‍ഗീസ് കിഴക്കേമാവേലില്‍, ചാത്തങ്കേരി സുശീലന്‍ ചിരങ്കതുണ്ടിയില്‍, കോണമത്ത് കിഴക്കേപറമ്പില്‍ മുരളീധരമേനോന്‍, അമിച്ചകരി പുതുപറമ്പില്‍ വിജയമ്മ, പെരിങ്ങര തേവാരിയില്‍ ഗോപി എന്നിവരുടെ വീടുകളിലേക്ക് മരം വീണ് കേടുപാട് സംഭവിച്ചു. കടപ്ര മുഖത്തല വള്ളിപ്പറമ്പില്‍ രാജുവിന്‍െറ വീടിനു മുകളിലേക്ക് തേക്ക് കടപുഴകി. വീടിന്‍െറ ഒരുവശത്തെ ഷെയ്ഡ്, മേക്കൂരയിലെ ഷീറ്റ് എന്നിവ തകര്‍ന്നു. ഒരുവശത്തെ ഭിത്തിക്ക് പൊട്ടല്‍ സംഭവിച്ചു. മരം വീഴുന്ന സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പഞ്ചായത്തിലും വില്ളേജ് ഓഫിസിലും പരാതി നല്‍കി. പുല്ലാട് മരം കടപുഴകി വീടിനു മുകളിലേക്കു വീണു. ആളപായമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.