മീറ്ററില്ലാത്ത ഓട്ടോകള്‍ക്കെതിരെ നടപടിക്ക് എസ്.പിയുടെ നിര്‍ദേശം

പത്തനംതിട്ട: മീറ്ററില്ലാതെ ഓടുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി തുടങ്ങി. ഇതിന്‍െറ ഭാഗമായി ബുധനാഴ്ച ജില്ലയില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. മീറ്റര്‍ ഇല്ലാത്ത ഓട്ടോകളില്‍നിന്ന് 100 രൂപ വീതം ബുധനാഴ്ച പിഴയീടാക്കി. ജില്ലാ പൊലീസ് മേധാവിയായി ഹരിശങ്കര്‍ ചുമതലയേറ്റു. അദ്ദേഹത്തിന്‍െറ നിര്‍ദേശം അനുസരിച്ചാണ് ഓട്ടോകളിലും മറ്റു വാഹനങ്ങളിലും പരിശോധന നടത്തിയത്. പരിശോധന ഒട്ടോ തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷാ തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. അടൂരിലും പ്രതിഷേധമുയര്‍ന്നു. വാഹനത്തില്‍ കയറുന്ന യാത്രികന് താന്‍ എത്ര കിലോമീറ്റര്‍ യാത്ര ചെയ്തു. അതിന് എത്ര രൂപ കൂലി നല്‍കണം എന്ന് അറിയാനുള്ള അവകാശമുണ്ട്. ഇതിന് മീറ്റര്‍ നിര്‍ബന്ധമാണെന്ന് മോട്ടോര്‍ വാഹന ചട്ടത്തില്‍ പറയുന്നു. മീറ്റര്‍ സ്ഥാപിക്കാത്തത് കാരണം യാത്രക്കാര്‍ അമിത യാത്രാക്കൂലി നല്‍കേണ്ടിയുംവരുന്നു. ഈ സാഹചര്യത്തിലാണ് മീറ്ററില്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് എസ്.പി പറഞ്ഞു. ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കുമ്പോള്‍തന്നെ മീറ്റര്‍ സ്ഥാപിക്കണമെന്നും അത് പ്രവര്‍ത്തിപ്പിക്കണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്. ഇത് ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ 1000 രൂപ പിഴ ഈടാക്കാനാണ് ചട്ടത്തില്‍ പറയുന്നത്. ഒരു സൂചനയെന്ന നിലയിലാണ് ഇപ്പോള്‍ 100 രൂപ വീതം പിഴ ഈടാക്കിയത്. വെള്ളിയാഴ്ച ഓട്ടോ തൊഴിലാളികളുടെ യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച വെച്ചിട്ടുണ്ട്. മീറ്റര്‍ സ്ഥാപിക്കാന്‍ അവര്‍ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ച സമയം ഇതിന് നല്‍കാമെന്നാണ് കരുതുന്നത്. അതിനുശേഷം മീറ്ററില്ലാതെയും ഉള്ളത് പ്രവര്‍ത്തിപ്പിക്കാതെയും നിരത്തിലിറങ്ങുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നിയമാനുസൃതമുള്ള പിഴ ചുമത്തും. കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും ഹരിശങ്കര്‍ പറഞ്ഞു. സ്കൂള്‍ തുറന്ന സമയമായതിനാല്‍ വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. കുട്ടികളെ കയറ്റാതെയും നിയമം ലംഘിച്ചും പായുന്ന സ്വകാര്യ ബസുകള്‍ക്ക് എതിരെയും കര്‍ശന നടപടിയുണ്ടാകും. കൂടാതെ കുട്ടികളെ കുത്തിനിറച്ച് പായുന്ന ഓട്ടോറിക്ഷകളും സ്കൂള്‍ വാഹനങ്ങളും പൊലീസ് പരിശോധിച്ച് നടപടിയെടുക്കും. ബസുകളില്‍ സ്ത്രീകളുടെ സീറ്റിലിരുന്ന് സഞ്ചരിച്ച പുരുഷന്മാര്‍ക്കെതിരെ കേസെടുത്തു. വാതില്‍ ഇല്ലാത്തതും ഉണ്ടായിട്ടും അത് കെട്ടിവെച്ച് സവാരി നടത്തുകയും ചെയ്ത സ്വകാര്യ ബസുകള്‍ക്കെതിരെയും പിഴ ചുമത്തി. ഓട്ടോ തൊഴിലാളികളുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതു കൊണ്ടാണ് അവരുടെ നേതാക്കളുമായി ചര്‍ച്ചക്ക് തയാറായിരിക്കുന്നതെന്നും എസ്.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.