പത്തനംതിട്ട: പമ്പാ നദിയുടെ ശുചിത്വം ഉറപ്പാക്കുന്നതിന് സംയുക്ത പരിശോധന നടത്താന്‍ കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഈമാസം 18ന് കലക്ടര്‍, ദേവസ്വം കമീഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പമ്പയില്‍ സ്ഥല പരിശോധന നടത്തും. ഇതിന്‍െറ അടിസ്ഥാനത്തില്‍ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കും. ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിനു മുമ്പുതന്നെ ഇതര സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പ്ളാസ്റ്റിക്കിനെതിരായ ബോധവത്കരണം ആരംഭിക്കും. ഇതിനുള്ള പദ്ധതി തയാറാക്കി ജൂലൈ ഒന്നിന് മുമ്പ് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും. ശബരിമലയില്‍ ശുദ്ധജല വിതരണം ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റി നാലുകോടി രൂപ വിനിയോഗിച്ച് റിവേഴ്സ് ഓസ്മോസിസ് പ്ളാന്‍റ് സ്ഥാപിക്കും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ ഇത്തവണ തീര്‍ഥാടനം തുടങ്ങുന്നതിനു മുമ്പുതന്നെ എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ ദേവസ്വം ബോര്‍ഡ് നിര്‍മിച്ചുനല്‍കും. ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതിലൂടെ കഴിഞ്ഞ തീര്‍ഥാടന കാലത്ത് 14 പേരുടെ ജീവന്‍ രക്ഷിക്കാനായെന്ന് കലക്ടര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട റോഡുകള്‍ നവീകരിക്കുന്നതിന് 465 പ്രവൃത്തികള്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് പദ്ധതി തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചു. പത്തനംതിട്ട-പമ്പ റോഡിന്‍െറ സുരക്ഷ ഉറപ്പാക്കുന്നതിന് ജൂലൈ 15ന് സുരക്ഷായാത്ര നടത്തും. സെപ്റ്റംബറില്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് സുരക്ഷായാത്ര നടത്തും. വിവിധ വകുപ്പ് പ്രതിനിധികള്‍ സുരക്ഷാ യാത്രയില്‍ പങ്കെടുക്കും. ബാരിക്കേഡും വേഗനിയന്ത്രണ സംവിധാനവും ആവശ്യമായ സ്ഥലങ്ങള്‍ നിര്‍ണയിച്ച് പദ്ധതി തയാറാക്കാന്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. ശബരിമലയില്‍ മാസപൂജ സമയത്തും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാക്കുന്നതിന് പദ്ധതി തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചതായി കലക്ടര്‍ പറഞ്ഞു. നിലവില്‍ തീര്‍ഥാടന കാലത്താണ് ശുചീകരണത്തിനായി വിശുദ്ധി സേനാംഗങ്ങളെ വിന്യസിക്കുന്നത്. ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്‍െറ കൈവശമുള്ള സ്ഥലത്തിന്‍െറ അതിര് നിശ്ചയിക്കുന്നതിന് നടപടിയെടുക്കും. ഇതിനായി 18ന് വനം-ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തും. മരക്കൂട്ടത്തിനും പമ്പക്കും ഇടയില്‍ അടിയന്തര വൈദ്യസഹായമത്തെിക്കുന്നതിന് ഒരു ഓള്‍ ടെറൈയിന്‍ വെഹിക്ക്ള്‍ ആംബുലന്‍സ് സജ്ജമാക്കാന്‍ കഴിയുമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ (ആരോഗ്യം) ചുമതലപ്പെടുത്തി. ത്രിവേണിയില്‍ പാര്‍ക്കിങ് സ്ഥലം ഉയര്‍ത്തുക, യു ടേണില്‍ പുതിയ റോഡ് നിര്‍മിക്കുക എന്നീ ദേവസ്വം ബോര്‍ഡിന്‍െറ ആവശ്യങ്ങളിന്മേല്‍ സംയുക്ത പരിശോധന നടത്തും. ശബരിമല വെടിവഴിപാട് സംബന്ധിച്ച സുരക്ഷ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ 18ന് സ്ഥല പരിശോധന നടത്തും. തിരുവാഭരണപാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടി പൂര്‍ണതയിലത്തെിക്കും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില നേരത്തേ നിശ്ചയിക്കുന്നതിനും യോഗം തീരുമാനിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദ്, ചീഫ് എന്‍ജിനീയര്‍ ജനറല്‍ ജി. മുരളീകൃഷ്ണന്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍.ഐ. ജ്യോതിലക്ഷ്മി, അടൂര്‍ ആര്‍.ഡി.ഒ എം.കെ. കബീര്‍, ഡെപ്യൂട്ടി കലക്ടര്‍ ട്രെയ്നി അതുല്‍ എസ്. നാഥ്, അയ്യപ്പസേവാസംഘം ജനറല്‍ സെക്രട്ടറി എന്‍. വേലായുധന്‍ നായര്‍, ഐ.എല്‍.ഡി.എം പ്രതിനിധികളായ ഫൈസല്‍ ടി. ഇല്യാസ്, എം. അമല്‍രാജ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗ്രേസി ഇത്താക്ക്, പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജെ. അനില്‍കുമാര്‍, കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എസ്. സുധ, ജില്ലാ ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ ഇ.കെ. സുധാകരന്‍, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വി.കെ. രാജീവ്, റെയ്ഞ്ച് ഓഫിസര്‍മാരായ എന്‍.വി. സതീശന്‍, എ. നൗഷാദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.