പന്തളം: വാടകക്കെടുത്ത വാഹനം പണയംവെച്ച് തട്ടിപ്പ് നടത്തിയ രണ്ടുപേരെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം കടയ്ക്കാട് ആനന്ദഭവനില്‍ അഖില്‍മോഹന്‍(22), വലിയവിള കിഴക്കേതില്‍ അപ്പു എന്ന സജു(23) എന്നിവരാണ് അറസ്റ്റിലായത്. ഈകേസില്‍ കായംകുളം സ്വദേശി കൊച്ചുമോന്‍ എന്ന നൗഷാദിനെ പിടികിട്ടാനുണ്ട്. മങ്ങാരം കുന്നിക്കുഴി അനീഷ്ഭവനില്‍ ബിനുവിന്‍െറ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ബിനുവിന്‍െറ സ്വിഫ്റ്റ് കാറ് ഏപ്രില്‍ നാലിന് പ്രതികള്‍ 20 ദിവസത്തേക്ക് വാടകക്ക് എടുത്തിരുന്നു. എന്നാല്‍, കാലാവധി കഴിഞ്ഞിട്ടും വാഹനം മടക്കിക്കിട്ടാതിരുന്നപ്പോഴാണ് ഈമാസം ഒമ്പതിന് ബിനു അടൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം കായംകുളം സ്വദേശിയായ നൗഷാദിന് കൈമാറുകയും നൗഷാദ് കാറ് പണയംവെക്കുകയും ചെയ്തതായി മനസ്സിലായത്. കാറ് കൊല്ലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. ഇത്തരത്തില്‍ അഞ്ചോളം കാറുകള്‍ പ്രതികള്‍ വാടകക്കെടുക്കുകയും പണയംവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ കാറുകളുടെ താക്കോല്‍ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് ഉടമകളില്‍നിന്ന് ഡ്യൂപ്ളിക്കേറ്റ് താക്കോല്‍ വാങ്ങുകയും ഈ താക്കോല്‍ ഉപയോഗിച്ച് പണയംവെച്ചിടത്തുനിന്ന് കാര്‍ മോഷ്ടിച്ച് ഉടമകള്‍ക്ക് മടക്കിനല്‍കിയും തട്ടിപ്പ് നടത്തി വന്നതായി പൊലീസ് പറഞ്ഞു. പഴകുളം സ്വദേശി ഹക്കീംഷായുടെ ഇന്നോവാ കാര്‍ വാടകക്കെടുക്ക് പണയംവെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ അടൂര്‍ പൊലീസിലും ഇവര്‍ക്കെതിരെ കേസുണ്ട്. രണ്ടാംപ്രതി സജു മറ്റ് കേസുകളിലും പ്രതിയാണ്. അടൂര്‍ ഡിവൈ.എസ്.പി എസ്. റഫീക്കിന്‍െറ നേതൃത്വത്തില്‍ പന്തളം സി.ഐ എ.എസ്. സുരേഷ്കുമാര്‍, എസ്.ഐ ടി.എം. സൂഫി, എസ്.ഐ ബി. രമേശന്‍, എസ്.സി.പി.ഒ സുരേഷ്ബാബു, സി.പി.ഒമാരായ രാജേഷ് ചെറിയാന്‍, രാജേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.