നേതൃത്വം അടിമുറി മാറണം: കോണ്‍ഗ്രസിലെ പ്രബല വിഭാഗം പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ന്

അടൂര്‍: അടൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് അടൂരിലെ കോണ്‍ഗ്രസ് നേതൃത്വം അടിമുറി മാറണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ പ്രബല വിഭാഗം പ്രവര്‍ത്തകരുടെ കൂട്ടായ്മ ശനിയാഴ്ച നടക്കും. ഗ്രൂപ്പിനതീതമായി അടൂരിലെ പഴയ നേതാക്കന്മാരും സജീവപ്രവര്‍ത്തകരുടെയും ഒരു വലിയ നിര സംഗമത്തിന് എത്തുമെന്നാണ് സൂചന. ഇത് വരും ദിവസങ്ങളില്‍ ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും. കോണ്‍ഗ്രസിലെ നിലവിലുള്ള നേതൃത്വത്തിനെതിരെ ആദ്യകാല നേതാക്കളും അസംതൃപ്തരായ യുവാക്കളും രംഗത്തത്തെിയത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. മുഴുവന്‍ സമയവും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട പല അവസരങ്ങളും നേതൃസ്ഥാനങ്ങളും ഒരു വിഭാഗം പങ്കിട്ടെടുക്കുകയാണെന്നാണ് പ്രധാന ആരോപണം. നേതൃത്വത്തിന്‍െറ പിടിപ്പുകേടും ആശ്രിത വാത്സല്യവും കാരണം സജീവമായി നിന്നിരുന്ന പല പ്രവര്‍ത്തകരും നിര്‍ജീവമാവുകയായിരുന്നു. പരാതി പറയാന്‍ ഇടമില്ലാതെ അസംതൃപ്തി മനസ്സില്‍ നിറച്ച് ഇപ്പോഴും ഒരു വിഭാഗം നിശ്ശബ്ദരായി നില്‍ക്കുന്നുവെന്നും കൂട്ടായ്മ സംഘാടകര്‍ പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ പിടിപ്പുകേടും നിര്‍ജീവാവസ്ഥയും കാരണം ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്ക് മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങാനിടയായി. ഒന്നിലധികം പദവികള്‍ സംബന്ധിച്ച് കെ.പി.സി.സി തീരുമാനം അടൂരില്‍ അട്ടിമറിക്കപ്പെട്ടു. ഇതിനെതിരെ പ്രതിഷേധിച്ച് അടൂരിലെ സജീവ പ്രവര്‍ത്തകരും പഴയകാല പ്രവര്‍ത്തകരും നേതാക്കളും ഗ്രൂപ്പിനതീതമായി സംഘടിച്ച് കോണ്‍ഗ്രസിനെ അടൂരില്‍ ശക്തമാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറയുന്നു. ശനിയാഴ്ച വൈകുന്നേരം മൂന്നിന് പഴകുളം പാസിലാണ് യോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.