പെരുനാട് ആശുപത്രി ഊര്‍ധ്വശ്വാസം വലിക്കുന്നു

വടശേരിക്കര: കിഴക്കന്‍ മേഖല രോഗാതുരമാകുമ്പോഴും പെരുനാട് ആശുപത്രി ഊര്‍ധ്വശ്വാസം വലിക്കുന്നു. നൂറുകണക്കിന് തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും നാട്ടുകാരുടെയും ആശ്രയ കേന്ദ്രമായ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രമാണ് ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സേവനം ലഭ്യമാകാതെ അടച്ചുപൂട്ടലിന്‍െറ വക്കത്തത്തെി നില്‍ക്കുന്നത്. പമ്പക്കും മണ്ണാറക്കുളഞ്ഞിക്കും ഇടക്കുള്ള ഏക സാമൂഹികാരോഗ്യ കേന്ദ്രമായ പെരുനാട് ആശുപത്രി ശബരിമല തീര്‍ഥാടകരുടെ പ്രധാന ആശ്രയ കേന്ദ്രം കൂടിയാണ്. അഞ്ചിലധികം ഡോക്ടര്‍മാരുണ്ടായിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ ഉച്ചവരെ ഒരു ഡോക്ടറുടെ സേവനമാണ് ലഭിക്കുന്നത്. പനിയും പകര്‍ച്ചവ്യാധികളും കൂടാതെ ജീവിതശൈലീരോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്ന നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ ഉച്ചക്കുശേഷം ചികിത്സ ലഭ്യമല്ലാതായത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തോട്ടം, ടിംബര്‍, ക്വാറി തുടങ്ങിയ മേഖലകളില്‍നിന്ന് അപകടം പറ്റിയ തൊഴിലാളികളെയും മറ്റും ആദ്യം എത്തിക്കുന്നതും പെരുനാട് ആശുപത്രിയിലാണ്. എല്ലാ അപകടങ്ങളും രോഗങ്ങളും ഉച്ചക്കുമുമ്പേ ഉണ്ടായിക്കൊള്ളണമെന്നാണ് ജില്ലയിലെ ആരോഗ്യവകുപ്പിന്‍െറ നിലപാട്. ചുറ്റുവട്ടത്തുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് ദോഷം വരാതിരിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പണികഴിപ്പിച്ച വലിയ കെട്ടിടവും എക്സ് റേ യൂനിറ്റും ഇതുവരെ തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. ശബരിമല വനത്തിലെ ആദിവാസികളുടെ ഏക ആശ്രയമായ പെരുനാട് ആശുപത്രിയില്‍ ഉച്ചക്ക് മുമ്പത്തെി ഡോക്ടറെ കാണുകയെന്നത് അസാധ്യമായ കാര്യമാണ്. പനിയും പകര്‍ച്ചവ്യാധിയും വ്യാപകമായതോടെ ഡ്യൂട്ടിയിലുള്ള ഏക ഡോക്ടറും നഴ്സുമാരും വൈകീട്ട് മൂന്നുവരെ ജോലിചെയ്താല്‍പോലും മുഴുവന്‍ രോഗികളെയും പരിശോധിക്കാന്‍ പല ദിവസങ്ങളിലും സാധ്യമാകുന്നില്ല. രോഗികളുടെ തിരക്കുമൂലം ശാസ്ത്രീയ പരിശോധനയും രോഗനിര്‍ണയവും നടക്കണമെന്നുമില്ല. ജീവനക്കാരും രോഗികളും തമ്മിലുള്ള വാക്കേറ്റവും പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.