അടൂര്‍: ഏനാത്ത് ബസ് ബേ പ്രവര്‍ത്തനസജ്ജമാകുന്നു. പണിതീരാതെ ഒന്നാംഘട്ടം കഴിഞ്ഞപ്പോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്‍െറയും ഏഴംകുളം ഗ്രാമപഞ്ചായത്തിന്‍െറയും സംയുക്ത ചുമതലയിലാണ് ബസ് ബേ നിര്‍മിച്ചത്. 2015 ആഗസ്റ്റിലാണ് ഉദ്ഘാടനം നടന്നത്. 100 പേര്‍ക്ക് ഇരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാള്‍, ശബരിമല അയ്യപ്പഭക്തര്‍ക്ക് ഇടത്താവളം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ശൗചാലയങ്ങള്‍ എന്നിവയായിരുന്നു പദ്ധതി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുമുമ്പ് ഒരു നില മാത്രം പൂര്‍ത്തീകരിച്ച് ശൗചാലയങ്ങളും ഇരിപ്പിടങ്ങളും മാത്രം സ്ഥാപിച്ച് തിടുക്കത്തില്‍ ഉദ്ഘാടനം നടത്തുകയായിരുന്നു. ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതി ജല-വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍വേണ്ടി മൂന്നേകാല്‍ ലക്ഷം രൂപ അടച്ചെങ്കിലും നല്‍കാന്‍ വകുപ്പുകള്‍ നടപടിയെടുത്തില്ല. ഉദ്ഘാടനവേളയില്‍ കെട്ടിടത്തില്‍ ജില്ലാ പഞ്ചായത്തിന്‍െറ പേരുമാത്രം എഴുതുന്നതില്‍ അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. അതിനാല്‍ പേര് എഴുതാതെയാണ് ഉദ്ഘാടനം നടന്നത്. നിര്‍മാണം സമയബന്ധിതമായി തീര്‍ക്കുമെന്ന അധികൃതരുടെ വാഗ്ദാനം വെറുതെയായതായി പരാതി ഉയര്‍ന്നപ്പോള്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. പഴകുളം മധു മുന്‍കൈയെടുത്താണ് ത്വരിതഗതിയിലാക്കിയത്. സംരക്ഷണഭിത്തി കെട്ടി യാര്‍ഡ് മെറ്റലിട്ട് കോണ്‍ക്രീറ്റ് ചെയ്തു. കാത്തിരിപ്പ് കേന്ദ്രവും ശൗചാലയവും പണിതു. അടൂര്‍, പത്തനാപുരം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചവറ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഏനാത്ത് വന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും വേണ്ടിയാണ് ബസ് ബേ നിര്‍മിച്ചത്. ജില്ലാ പഞ്ചായത്ത് നാലുലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയും ആദ്യഘട്ടമായി ഇതിനായി വകയിരുത്തി. നെല്‍വയല്‍ നികത്തി ബസ് ബേ നിര്‍മിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ ശ്രമം വിവാദത്തിലായതോടെയാണ് അനിശ്ചിതത്വത്തിലായത്. ഫെഡറല്‍ ബാങ്ക് ഏനാത്ത് ശാഖക്ക് എതിര്‍വശം എം.സി റോഡരികിലാണ് 10 സെന്‍റ് സ്ഥലം 2009 ഒടുവില്‍ ഏറ്റെടുത്തത്. വയറിങ്, പ്ളംബിങ് ജോലികളാണ് നടക്കുന്നത്. ശൗചാലയത്തില്‍ വെള്ളം ലഭ്യമാക്കും. ജലപമ്പും ജലടാപ്പുകളും സ്ഥാപിക്കും. വൈദ്യുതി ലഭിച്ചാലുടന്‍ ബസ് ബേ കെട്ടിടത്തിന്‍െറ പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.