തിരുവല്ല: ചിറപ്പാട് കലുങ്ക് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. നഗരസഭ 21ാം വാര്‍ഡിലെ ചിറപ്പാട്-വെളിയംകടവ് റോഡില്‍ ചിറപ്പാട് തോടിന് കുറുകെ സ്ഥിതിചെയ്യുന്ന കലുങ്കിന്‍െറ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് നിരവധിതവണ പരാതികള്‍ നല്‍കിയെങ്കിലും എം.എല്‍.എയും എം.പിയും കൗണ്‍സിലറുമടക്കമുള്ള പ്രതിനിധികള്‍ തിരിഞ്ഞുനോക്കിയില്ലന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയില്‍ മതിയായ വെളിച്ചം ഇല്ലാത്തതിനാല്‍ അപകടത്തിനുള്ള സാധ്യതയും ഏറെയാണ്. ഇരുവെള്ളിപ്പറ-തുകലശ്ശേരി കരകളെ ബന്ധിപ്പിക്കുന്ന കലുങ്ക് അപകടാവസ്ഥയിലായിട്ട് കാലങ്ങള്‍ പിന്നിട്ടു. അമ്പതിലേറെ വര്‍ഷത്തെ പഴക്കമുള്ള കലുങ്കിന്‍െറ അടിത്തട്ടിലെ കോണ്‍ക്രീറ്റ് ഇളകിമാറി കമ്പികള്‍ ദ്രവിച്ച് ജീര്‍ണാവസ്ഥയിലാണ്. ഇരു കരയിലുമുള്ള തൂണുകള്‍ക്ക് സംഭവിച്ചിരിക്കുന്ന ബലക്ഷയം മൂലം കലുങ്ക് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. എം.സി റോഡിലെ ആഞ്ഞിലിമൂട് ബസ് സ്റ്റോപ്, തുകലശ്ശേരി ബധിര വിദ്യാലയം, അമൃത വിദ്യാലയം, സി.എം.എസ് ഹൈസ്കൂള്‍, ഹോക്സ്വര്‍ത്ത് വിദ്യാപീഠം, മാക്ഫാസ്റ്റ് കോളജ്, ശ്രീരാമകൃഷ്ണാശ്രമം, ചേരനെല്ലൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എത്തുന്നതിന് ഇരുവെള്ളിപ്പറ, വെണ്‍പാല, വെളിയംകടവ് എന്നീ പ്രദേശവാസികളുടെ ഏക സഞ്ചാരമാര്‍ഗം കൂടിയാണ് ഈ റോഡ്. കൂടാതെ വെണ്‍പാലയില്‍ സ്ഥിതിചെയ്യുന്ന കദളിമംഗലം ദേവീ ക്ഷേത്രം, ഓര്‍ത്തഡോക്സ് പള്ളി, ക്നാനായ പള്ളി, തൃക്കയില്‍ ക്ഷേത്രം, പെന്തക്കോസ്ത് ആരാധനാലയം എന്നിവിടങ്ങളിലേക്ക് നഗരവാസികള്‍ക്ക് എത്താന്‍ സാധിക്കുന്ന പ്രധാന റോഡ് കൂടിയാണിത്. വിവിധ വിദ്യാലയങ്ങളിലേത് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഈ കലുങ്കിലൂടെ പ്രതിദിനം കടന്നുപോകുന്നത്. കലുങ്കിന്‍െറ ബലക്ഷയം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഭാരവാഹനങ്ങള്‍ കടന്നുപോകരുതെന്ന് കാട്ടി ഇരുകരകളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചതല്ലാതെ മറ്റ് നടപടി ഒന്നുംതന്നെ സ്വീകരിക്കാന്‍ നഗരസഭാ അധികൃതര്‍ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.