പത്തനംതിട്ട: നഗരത്തില്‍ ഗതാഗതം താറുമാറാകുന്നു. ഓട നിര്‍മാണത്തിന് തൊട്ടുപിറകെ പൈപ്പ് പൊട്ടലുംകൂടിയായതോടെ നഗരത്തിലെ ഗതാഗതം താറുമാറാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. പൈപ്പ് പൊട്ടിയത് ഞായറാഴ്ചയായതിനാല്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല. എന്നാല്‍, ഞായറാഴ്ച ഒഴിച്ച് മറ്റേതെങ്കിലും ദിവസമായിരുന്നുവെങ്കില്‍ നഗരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമായിരുന്നു. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മിനി സിവില്‍സ്റ്റേഷന്‍ പടിക്കലാണ് പൈപ്പ് പൊട്ടിയത്. ഇവിടെ ഗതാഗതം നിരോധിച്ചാണ് ഞായറാഴ്ച അറ്റകുറ്റപ്പണികള്‍ നടത്തിയത്. കെ.എസ്.ആര്‍.ടി.സി റോഡിലെ ഓട നിര്‍മാണം, മിനി സിവില്‍ സ്റ്റേഷന്‍പടിക്കലെ പൂട്ടുകട്ട സ്ഥാപിക്കല്‍ എന്നീ ജോലികളെ തുടര്‍ന്ന് ദിവസങ്ങളായി നഗരത്തില്‍ ഗതാഗതം താറുമാറായിക്കിടക്കുകയാണ്. കഴിഞ്ഞാഴ്ച ഇതുവഴി വാഹന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഓട നിര്‍മാണവുമായി ബന്ധപ്പെട്ട് സാധന സാമഗ്രികള്‍ റോഡിലാകെ നിരന്നുകിടക്കുകയുമാണ്. പണി പൂര്‍ത്തിയായ ഓടയുടെ മുകളില്‍ സ്ളാബ് സ്ഥാപിക്കുന്ന പണികളും ഇനിയും പൂര്‍ത്തിയാകാനുണ്ട്. നഗരത്തില്‍ നോ പാര്‍ക്കിങ് മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതും നടപ്പാതകളിലെ കച്ചവടവുമൊക്കെ ഗതാഗതക്കുരുക്കിന് മറ്റ് കാരണങ്ങളാണ്. നടപ്പാത നിര്‍മിച്ചിട്ടുണ്ടെങ്കിലും കാല്‍നടക്കാര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കുന്നില്ല. ടി.കെ റോഡില്‍ മിനി സിവില്‍ സ്റ്റേഷന്‍പടി മുതല്‍ അബാന്‍ ജങ്ഷന്‍ വരെ വാഹനങ്ങളുടെ പാര്‍ക്കിങ് നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍, നിയമം ലംഘിച്ചാണ് ഇവിടെ പാര്‍ക്കിങ്. നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ പോലും ഇളക്കിമാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പൂട്ടുകട്ടകള്‍ പാകി നിര്‍മിച്ച നടപ്പാതയില്‍ ഇപ്പോള്‍ അനധികൃതമായി ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നു. പുതിയ സ്വകാര്യബസ്സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ പന്തളം, കോഴഞ്ചേരി ഭാഗത്തേക്ക് പോകാനായി അബാന്‍ ജങ്ഷനില്‍ എത്തി ഇതുവഴിയാണ് സെന്‍ട്രല്‍ ജങ്ഷനിലേക്ക് പോകുന്നത്. ബസുകള്‍കൂടി ഇതുവഴി കടത്തിവിട്ടതോടെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് മിനി സിവില്‍ സ്റ്റേഷന്‍ റോഡില്‍ അനുഭവപ്പെടുന്നത്. ഇവിടെ റോഡ് മുറിച്ചുകടക്കാന്‍പോലും വലിയ പ്രയാസമാണ്. ഈ സ്ഥലത്ത് ഓട്ടോറിക്ഷകള്‍ വട്ടമടിച്ച് തിരിക്കുന്നതും അപകടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ടി.കെ റോഡില്‍ ആലുക്കാസ് ജ്വല്ലറിക്ക് സമീപവും നടപ്പാത കൈയേറി കച്ചവടം പൊടിപൊടിക്കുകയാണ്. ഇവിടെ കാല്‍നടക്കാര്‍ റോഡില്‍ കൂടിയാണ് സഞ്ചരിക്കുന്നത്. ഇത് അപകടത്തിനും കാരണമാകുന്നുണ്ട്. നടപ്പാതകളിലെ കച്ചവടക്കാരോട് ഉന്തുവണ്ടികള്‍ ഫുട്പാത്തില്‍ നിന്ന് നീക്കംചെയ്യാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടാകുന്നു. അന്യസ്ഥലങ്ങളില്‍ നിന്നുള്ള കച്ചവടക്കാരാണ് നടപ്പാത കൈയേറി കച്ചവടം നടത്തുന്നത്. ഇവരുടെ കച്ചവടംകണ്ട് മറ്റുവാഹനയാത്രക്കാരും ഫുട്പാത്തിലും റോഡരികിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.