ഗതാഗതതടസ്സം സൃഷ്ടിച്ചു കമാനങ്ങളും ഫ്ളക്സ് ബോര്‍ഡുകളും

അടൂര്‍: ജനങ്ങള്‍ക്കും ഗതാഗതത്തിനും തടസ്സമുണ്ടാക്കുന്ന വിധം കമാനങ്ങളും പരസ്യബോര്‍ഡുകളും സ്ഥാപിക്കുന്നത് തുടരുമ്പോഴും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് വ്യാപകപരാതി. കമാനങ്ങളും ഫ്ളക്സ് ബോര്‍ഡുകളും ഗതാഗതത്തിനു തടസ്സമായി സ്ഥാപിക്കരുതെന്ന് മനുഷ്യാവകാശ കമീഷനും ഇവ പൊതുസ്ഥലങ്ങളില്‍ പാടില്ളെന്ന് ഹൈകോടതിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അടൂര്‍ താലൂക്കിലെ പാതകളില്‍ ബോര്‍ഡുകളും കമാനങ്ങളും സ്ഥാപിക്കുന്നത് സംബന്ധിച്ചു പലതവണ ആര്‍.ഡി.ഒയും തഹസില്‍ദാറും നിരോധ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കമാനങ്ങളും ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്യുമെന്നും ഇവ സ്ഥാപിക്കാന്‍ ആരെയും അനുവദിക്കില്ളെന്നും താലൂക്ക് വികസന സമിതി യോഗങ്ങളില്‍ തീരുമാനമെടുക്കുന്നത് തനിയാവര്‍ത്തനവുമാകുന്നു. ഏറെ തിരക്കുള്ള കെ.എസ്.ആര്‍.ടി.സി കവലയിലെ പാലം മുതല്‍ സെന്‍ട്രല്‍ കവലവരെ കമാനങ്ങള്‍ സ്ഥാപിക്കുന്നത് മുമ്പും ‘കര്‍ശന’മായി നിരോധിച്ചതാണ്. എന്നാല്‍, ഇപ്പോഴും ഇവിടെ കമാനങ്ങള്‍ തല്‍പരകക്ഷികളുടെ ഇഷ്ടത്തിനൊത്ത് ഉയരുന്നുണ്ട്. അടൂര്‍, പറക്കോട്, ഏനാത്ത്, നെല്ലിമുകള്‍, ഇളമണ്ണൂര്‍ എന്നിവിടങ്ങളില്‍ പലതവണ വാഹനങ്ങളിടിച്ചും അല്ലാതെയും കമാനങ്ങള്‍ നിലംപതിച്ചിട്ടുണ്ട്. എവിടെയും ഭാഗ്യം കൊണ്ടുമാത്രമാണ് ആളപായം ഉണ്ടാകാതിരുന്നത്. കെ.എസ്.ഇ.ബി പോസ്റ്റുകളിലും പാതവശത്തെ തണല്‍ മരങ്ങളിലും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും തുടരുന്നു. മരങ്ങളില്‍ ആണിയടിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന കോടതി ഉത്തരവ് പാലിക്കപ്പെടുന്നില്ല. സാമൂഹിക വനം വകുപ്പ് ഇവ നീക്കം ചെയ്യുകയോ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല. ടാര്‍ റോഡ് കുഴിച്ചു ഗതാഗതതടസ്സമുണ്ടാക്കി കമാനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ സ്ഥലനാമദിശാസൂചനാ ബോര്‍ഡുകള്‍ മറച്ചാണ് ഫ്ളക്സ് ബോര്‍ഡുകള്‍ വെക്കുന്നത്. നടപ്പാതകളിലൂടെ പോകുമ്പോള്‍ ഫ്ളക്സ് ബോര്‍ഡില്‍ തലയും ഉടലും തട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചില്ളെങ്കില്‍ ആശുപത്രിയെ ആശ്രയിക്കേണ്ടി വരുമെന്ന സ്ഥിതിയാണ്. റവന്യൂ, പൊലീസ്, നഗരസഭ, പൊതുമരാമത്ത് (റോഡ്സ്) അധികൃതരുടെ സംയുക്ത സംഘം നടത്തുന്ന പരിശോധനയില്‍ ഇത്തരം സാമഗ്രികള്‍ നീക്കം ചെയ്യുകയും നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നു. പാതവക്കിലെ കൈയേറ്റം ഒഴിപ്പിക്കുമെന്നു വീമ്പിളക്കിയ അധികൃതര്‍ രാഷ്ട്രീയക്കാരുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.