അടൂര്‍ നഗരസഭ: ബഹുനിലമന്ദിരവും ടൗണ്‍ഹാള്‍ നിര്‍മാണവും അനിശ്ചിതത്വത്തില്‍

അടൂര്‍: റവന്യൂ വകുപ്പിന്‍െറ അധീനതയിലുള്ള അടൂര്‍ ശ്രീചിത്തിര ടൗണ്‍ ഹാള്‍ സ്ഥലം നഗരസഭ ഏറ്റെടുത്ത് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിര്‍മിക്കുന്നതിനു നടപടി ആയില്ല. 2013നവംബര്‍ 24നാണ് മന്ത്രി അടൂര്‍ പ്രകാശ് സ്ഥലവും കെട്ടിടവും നഗരസഭക്ക് നല്‍കി രേഖകള്‍ കൈമാറിയത്. നഗരസഭാ മന്ദിരവും ടൗണ്‍ഹാളും പണിയുന്നതിന് നിലവിലെ ടൗണ്‍ഹാളും സ്ഥലവും സര്‍ക്കാര്‍ സൗജന്യമായി പതിച്ചു നല്‍കുകയായിരുന്നു. ടൗണ്‍ഹാള്‍ വിട്ടുകിട്ടണമെങ്കില്‍ പണം നല്‍കണമെന്ന നിര്‍ദേശം റവന്യൂ വകുപ്പ് മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, വിവിധ സ്ഥലങ്ങളില്‍ റവന്യൂ വകുപ്പിനു കീഴിലായിരുന്ന ടൗണ്‍ ഹാളുകള്‍ സൗജന്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വിട്ടുനല്‍കിയപ്പോള്‍ അടൂരിനോടു മാത്രം വിവേചനം കാട്ടുന്നതിനോട് കടുത്ത എതിര്‍പ്പ് ഉണ്ടാകുകയും ജനപ്രതിനിധികളുടെ ഇടപെടല്‍ മൂലം ഒടുവില്‍ കെട്ടിടവും സ്ഥലവും സൗജന്യമായി നല്‍കുകയുമായിരുന്നു. 2014 മാര്‍ച്ചിനു മുമ്പ് പണി തുടങ്ങുമെന്ന് നഗരസഭാ മുന്‍ ചെയര്‍മാന്‍ പറഞ്ഞിരുന്നു. രണ്ടു കോടിയും ബജറ്റില്‍ അനുവദിച്ചിരുന്നു. ആദ്യം വില്ളേജ് ഓഫിസ് നില്‍ക്കുന്ന സ്ഥലം കൂടി നഗരസഭ ആവശ്യപ്പെട്ടിരുന്നു. സമീപത്തെ വില്ളേജ് ഓഫിസ് ഉള്‍പ്പെടെയുള്ള സ്ഥലമാണ് നഗരസഭക്ക് കൈമാറാന്‍ ഉത്തരവായത്. എന്നാല്‍, റവന്യൂ വകുപ്പ് അധികൃതര്‍ ഇതിനെ എതിര്‍ക്കുകയും ഒടുവില്‍ വില്ളേജ് ഒഴിച്ചുള്ള 32 സെന്‍റ് സ്ഥലം നഗരസഭക്ക് വിട്ടുനല്‍കി വീണ്ടും ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍, സ്ഥലം നഗരസഭാ സെക്രട്ടറിയുടെ പേരിലേക്കു മാറ്റുന്നതിന്‍െറ കാലതാമസം വരികയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരികയും ടെന്‍ഡര്‍ ചെയ്യാന്‍ കഴിയാതെ വരികയുമായിരുന്നു. എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതി 50 ലക്ഷം രൂപ കെട്ടിടം പ്ളാന്‍ വരക്കാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടിടവും വസ്തുവും വിട്ടുകിട്ടിയെങ്കിലും നഗരസഭയുടെ അഞ്ചു നിലകളോടെയുള്ള കെട്ടിടവും ടൗണ്‍ഹാളും എന്ന ആശയം ഇപ്പോള്‍ ഉറങ്ങിയമട്ടാണ്. സ്ഥലം സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് ഏരിയയും സാമൂഹിക വിരുദ്ധ കേന്ദ്രവുമായി മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.