നിമിഷവരയില്‍ സ്റ്റൈല്‍ മന്നന്‍; ഷാജി മാത്യു ശ്രദ്ധേയനായി

പത്തനംതിട്ട: തിയറ്ററിന് മുന്നില്‍ രജനികാന്തിന്‍െറ കാര്‍ട്ടൂണുകള്‍ വരച്ച് കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു നടത്തിയ അതിവേഗ ഹാസ്യവര ശ്രദ്ധേയമായി. കബാലി സിനിമ കാണാനത്തെിയ നൂറുകണക്കിന് യുവാക്കള്‍ക്കു മുന്നില്‍ സ്റ്റൈല്‍ മന്നന്‍ രജനിയുടെ കാര്‍ട്ടൂണ്‍ വരച്ചുനല്‍കിയാണ് ഷാജി ആളുകളെ ആകര്‍ഷിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12ന്‍െറ ഷോ തുടങ്ങുന്നതിനുമുമ്പായിരുന്നു കബാലി പ്രദര്‍ശിപ്പിക്കുന്ന ധന്യ-രമ്യ തിയറ്ററില്‍ സ്റ്റൈല്‍ മന്നന്‍െറ പടം ഷാജി മാത്യു വരച്ച് ആരാധകര്‍ക്ക് കൊടുത്തത്. പ്രധാന കവാടത്തിന് മുന്നില്‍ നിലയുറപ്പിച്ച് കൂളിങ് ഗ്ളാസും താടിയും അലസമായ മുടിയുമുള്ള രജനിയുടെ കാര്‍ട്ടൂണ്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വരച്ചുതീര്‍ത്തു. അധികം വൈകാതെ സിനിമ കാണാന്‍ എത്തിയ ആരാധകര്‍ ഷാജിക്കു ചുറ്റും തടിച്ചുകൂടി. എല്ലാവര്‍ക്കും രജനിയുടെ വിവിധ രൂപത്തിലുള്ള ചിത്രങ്ങള്‍ വരച്ചുനല്‍കി. രജനിക്കൊപ്പം നില്‍ക്കുന്ന തങ്ങളുടെ കാര്‍ട്ടൂണുകള്‍ ചിലര്‍ ആവശ്യപ്പെട്ടു. നിമിഷവരയില്‍ വിവിധ വ്യക്തികള്‍ രേഖാചിത്രത്തിലൂടെ പിറവിയെടുത്തു. ‘കാര്‍ട്ടൂണ്‍ നെരുപ്പുഡാ’ എന്ന് കാഴ്ചക്കാര്‍ വിളിച്ചുപറയുന്നത് കേള്‍ക്കാമായിരുന്നു. ഇതിനിടെ ഷാജി കൈയില്‍ കരുതിയ പേപ്പര്‍ തീര്‍ന്നപ്പോള്‍ സിനിമ കാണാന്‍ എത്തിയവര്‍ കടയില്‍നിന്ന് പേപ്പറുകള്‍ വാങ്ങിക്കൊണ്ടു വന്നു. 12.30ന് നൂണ്‍ഷോ തുടങ്ങുന്നതിനു മുമ്പ് രജനിയുടെ നൂറില്‍പരം കാര്‍ട്ടൂണുകള്‍ ഷാജി വരച്ചുതീര്‍ത്തു. തിയറ്ററിന് മുന്നില്‍ കാര്‍ട്ടൂണിസ്റ്റ് നടത്തുന്ന മിന്നല്‍ പ്രകടനം കാണാന്‍ ഇതിനിടെ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകളത്തെി. താന്‍ ജന്മംകൊടുത്ത മണ്ടൂസ് എന്ന കഥാപാത്രം മനസ്സിന് നല്‍കിയ തൃപ്തിക്ക് സമമായിരുന്നു രജനിയുടെ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ കിട്ടിയതെന്ന് ഷാജി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.