പെരിങ്ങര–ചാത്തങ്കേരി തോട് നശിക്കുന്നു

തിരുവല്ല: അപ്പര്‍കുട്ടനാടന്‍ നെല്ലറകളിലേക്ക് തെളിനീര് എത്തിച്ചിരുന്ന പെരിങ്ങര-ചാത്തങ്കേരി തോട് കടുത്ത ആരോഗ്യഭീഷണി ഉയര്‍ത്തുന്നു. മഴക്കാല ശുചീകരണപ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ നടക്കാതെ പോയതും തോടിന്‍െറ വൃത്തിഹീനമായ അന്തരീക്ഷവുമാണ് പ്രദേശവാസികള്‍ക്ക് കടുത്ത ആരോഗ്യഭീഷണി ഉയര്‍ത്തുന്നത്. ജലസമൃദ്ധമായ ഭൂതകാലം പഴയതലമുറകളുടെ ഓര്‍മകളില്‍ മാത്രം ഒതുങ്ങി. പഞ്ചായത്തിന്‍െറ പേപ്പര്‍ പദ്ധതികള്‍ക്ക് ഒന്നും തന്നെ തോടിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. മണിമലയാറിന്‍െറ കൈവഴിയായി മണിപ്പുഴയില്‍നിന്നും ആരംഭിച്ച് ചാത്തങ്കരി തോട്ടില്‍ പതിക്കുന്ന പെരിങ്ങര തോടാണ് മാലിന്യവാഹിനിയായി മാറിയിരിക്കുന്നത്. കാലവര്‍ഷത്തില്‍ വെള്ളമത്തെിയെങ്കിലും കാര്യമായ ഒഴുക്ക് തോട്ടില്‍ അനുഭവപ്പെട്ടില്ല. ജലനിരപ്പ് താഴ്ന്നതോടെ പലഭാഗത്തും മാലിന്യം അടിഞ്ഞുകൂടിയ അവസ്ഥയിലാണ്. ഇതിനാല്‍ സുഗമമായ നീരൊഴുക്കും തോട്ടിലില്ല. വെള്ളപ്പൊക്ക കാലത്ത് മീന്‍ പിടിക്കുന്നതിനായി തോട്ടില്‍ സ്ഥാപിച്ച വമ്പന്‍ കൂടുകളും കൂടിന് സംരക്ഷണമൊരുക്കുന്ന ചേരുകളുമാണ് നീരൊഴുക്ക് തടസ്സപ്പെടാന്‍ പ്രധാനമായും കാരണമാകുന്നത്. മീന്‍ പിടിക്കുന്നതിനായി തോടിന് കുറുകെ കെട്ടിയിരുന്ന അഴിയടുപ്പമുളള വലകളും ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പോളയും പായലും അഴുകി പ്രദേശമാകെ ദുര്‍ഗന്ധം പരത്തുകയാണ്. ജലം കെട്ടിക്കിടക്കുന്നത് പ്രദേശത്ത് ക്രമാതീതമായി കൊതുക് പെരുകുന്നതിനും ഇടയാക്കുന്നുണ്ട്. തോട്ടിലെ മലിനജലം ഉറവകളിലൂടെ പ്രദേശത്തെ കിണറുകളിലത്തെുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. നീരൊഴുക്ക് സുഗമമായി നടക്കാതെ മാലിന്യം അടിഞ്ഞുകൂടിയ പ്രദേശത്ത് തോട്ടിലെ ജലം കറുത്തിരുണ്ട് കുഴമ്പ് പരുവത്തിലായി മാറിയിട്ടുണ്ട്. തോട്ടിലെ ജലം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ അപ്പര്‍ കുട്ടനാട്ടിലെ പ്രധാന കാര്‍ഷിക മേഖലയായ പെരിങ്ങരക്ക് കടുത്തവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രദേശത്തെ പല പ്രധാന പാടശേഖരങ്ങളിലേക്ക് കാര്‍ഷിക ആവശ്യത്തിനുള്ള ജലം ലഭിച്ചിരുന്നത് ഈ തോട്ടില്‍നിന്നാണ്. കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും അടക്കമുള്ള ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് തോടിന്‍െറ ഇരുകരയിലുമുള്ള നിരവധി കുടുംബങ്ങള്‍ ഈ തോടിനെയാണ് ആശ്രയിച്ചിരുന്നത്. മാലിന്യം നിറഞ്ഞ തോട്ടിലേക്കിറങ്ങാന്‍ ഇപ്പോള്‍ ജനം മടിക്കുകയാണ്. ദുര്‍ഗന്ധം അവഗണിച്ച് തോട്ടിലിറങ്ങുന്നവര്‍ക്ക് ശരീരത്തില്‍ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുന്നതായി പരാതിയുണ്ട്. ഇരുകരയിലുമുള്ള ചില വീടുകളില്‍നിന്ന് പലവിധ മാലിന്യം തോട്ടില്‍ തള്ളുന്നതും വെള്ളം മലിനമാകാന്‍ കാരണമാകുന്നുണ്ട്. ചിലരുടെ മാലിന്യക്കുഴലുകള്‍വരെ തോട്ടിലേക്കാണ് കിടക്കുന്നത്. തോട് സംരക്ഷിക്കാന്‍ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗങ്ങളായ ആശാദേവി, പി.കെ. പ്രകാശ് എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.