വേലംപ്ളാവ് കോളനിയിലെ 24 വീടുകള്‍ക്കും ശൗചാലയം നിര്‍മിക്കും

പത്തനംതിട്ട: ളാഹ വേലംപ്ളാവ് പട്ടികവര്‍ഗ കോളനിയിലെ 24 വീടുകള്‍ക്കും ശൗചാലയം നിര്‍മിച്ചു നല്‍കുമെന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍. ജില്ലാ ഭരണകൂടം, കുടുംബശ്രീ, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവ സംയുക്തമായി ‘ഊരില്‍ ഒരു ദിവസം’ പദ്ധതിയുടെ ഭാഗമായി വേലംപ്ളാവ് കോളനിയിലെ കമ്യൂണിറ്റി ഹാളില്‍ നടത്തിയ പ്രത്യേക അദാലത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഒരോ വീട്ടിലും ശൗചാലയം നിര്‍മിക്കുന്നതിന് ജില്ലാ ശുചിത്വ മിഷന്‍ 12,000 രൂപയും ഗ്രാമപഞ്ചായത്ത് 3,400 രൂപയും ധനസഹായം നല്‍കും. ബാക്കി പണം പട്ടികവര്‍ഗ വകുപ്പ് മുഖേന ലഭ്യമാക്കും. നിര്‍മാണം നടത്തുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കോളനിവാസികള്‍ക്ക് തൊഴിലുറപ്പ് പദ്ധതി മുഖേന തൊഴില്‍ നല്‍കിയായിരിക്കും ശൗചാലയം നിര്‍മിക്കുക. ളാഹ ഹാരിസണ്‍ എസ്റ്റേറ്റ് ജങ്ഷനില്‍നിന്ന് വേലംപ്ളാവ് കോളനിയിലേക്കുള്ള 3.25 കി.മീ. റോഡ് നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാന്‍ ഗ്രാമപഞ്ചായത്ത് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. ഹാരിസണ്‍ കമ്പനിയുടെയും വനം വകുപ്പിന്‍െറയും ഭൂമിയിലൂടെയാണ് കോളനിയിലേക്കുള്ള റോഡ് പോകുന്നത്. റോഡ് നവീകരണത്തിന് ധനസഹായം നല്‍കി സഹകരിക്കണമെന്ന് ഹാരിസണ്‍ കമ്പനി പ്രതിനിധിയോടും കലക്ടര്‍ നിര്‍ദേശിച്ചു. കോളനിയിലെ അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി മുഖേന കോളനിവാസികള്‍ക്ക് തൊഴില്‍ നല്‍കിയാകും നിര്‍മാണം. ആനയുള്‍പ്പെടെ വന്യജീവികളില്‍നിന്ന് സംരക്ഷണം നല്‍കുന്നതിന് സോളാര്‍ വേലി നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദേശം നല്‍കി. വീട് വെക്കുന്നതിന് പുരയിടത്തിലെ ഒന്നര മീറ്റര്‍ തടി വെട്ടാമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതിനു പുറമെ നട്ടുപിടിപ്പിച്ച മറ്റുമരങ്ങള്‍ കോളനിവാസികള്‍ക്ക് വെട്ടി ഉപയോഗിക്കാമോയെന്നതു പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പട്ടികവര്‍ഗ വകുപ്പില്‍നിന്ന് ആടിനെ ലഭ്യമാക്കുന്ന പദ്ധതിക്ക് കോളനിവാസികള്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസര്‍ പറഞ്ഞു. വ്യക്തിഗത കിണര്‍- മഴവെള്ള സംഭരണി നിര്‍മാണത്തിന് ധനസഹായം ലഭ്യമാക്കുമെന്നും പട്ടികവര്‍ഗ ഓഫിസര്‍ പറഞ്ഞു. കോളനിവാസികള്‍ക്ക് എസ്.എസ്.എല്‍.സി, പ്ളസ് ടു പഠനത്തിന് സഹായം നല്‍കുമെന്ന് സാക്ഷരതാ മിഷന്‍ പ്രതിനിധി അറിയിച്ചു. ആരോഗ്യവകുപ്പ് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ കോളനിവാസികളെ പരിശോധിച്ചു മരുന്നുകള്‍ നല്‍കി. കോളനിയില്‍ ബ്ളോക് പഞ്ചായത്ത് സോളാര്‍ ലൈറ്റ് സ്ഥാപിക്കും. വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന് ഗ്രാമപഞ്ചായത്തും നടപടിയെടുക്കും. കോളനിവാസി വത്സലക്ക് പുതിയ റേഷന്‍ കാര്‍ഡ് കലക്ടര്‍ കൈമാറി. ആവശ്യമെങ്കില്‍ പാലിയേറ്റിവ് കെയര്‍ സേവനം, വാക്കര്‍, വാട്ടര്‍ബെഡ്, വീല്‍ചെയര്‍ തുടങ്ങിയവ സൗജന്യമായി ലഭ്യമാക്കുന്നതിനും ലഹരി വിരുദ്ധ ബോധവത്കരണം നടത്തുന്നതിനും സന്നദ്ധമാണെന്ന് ചെറുകോല്‍പുഴ ഹോളിസ്റ്റിക് സെന്‍ററിലെ ഫാ. സ്കറിയ കലക്ടറെ അറിയിച്ചു. അദാലത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.വി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മധു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന സജി, വാര്‍ഡ് അംഗം രാജന്‍ വെട്ടിക്കല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഉഷാകുമാരി, സി.ആര്‍. മോഹനന്‍, പി.ജി. ശോഭന, പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മി, ജയ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ഗ്രേസി ഇത്താക്ക്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ സാബീര്‍ ഹുസൈന്‍, ജില്ലാ പട്ടികവര്‍ഗ ഓഫിസര്‍ എ. റഹീം, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ആര്‍. സോമന്‍, ഇ.കെ. സുധാകരന്‍, ജെ. അജിത് കുമാര്‍, വി.എസ്. സീമ, കണ്‍സള്‍ട്ടന്‍റ് വി. സാബു, ബിന്‍സി ജോയ്, റജീന ജയിംസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.