ബാങ്ക് തെരഞ്ഞെടുപ്പില്‍ ഇടതു സഹകാരികളെ കൂട്ടത്തോടെ ഒഴിവാക്കാന്‍ നീക്കമെന്ന് ആക്ഷേപം

കോഴഞ്ചേരി: തിരുവല്ല ഈസ്റ്റ് കോ ഓപറേറ്റിവ് ബാങ്ക് തെരഞ്ഞെടുപ്പില്‍ ഇടതു സഹകാരികളെ കൂട്ടത്തോടെ ഒഴിവാക്കാന്‍ നീക്കമെന്ന് ആക്ഷേപം. ഇടതു സഹകാരികളെ ഒഴിവാക്കി സജീവ അംഗങ്ങളുടെ പട്ടിക തയാറാക്കാന്‍ ഭരണ സമിതി പദ്ധതിയിടുന്നതായി പരാതി. സജീവ അംഗങ്ങളുടെ പട്ടിക തയാറാക്കിയതായി ബാങ്കിന്‍െറ ജനറല്‍ മാനേജര്‍ അസി. രജിസ്ട്രാര്‍ മുഖേന സഹകരണ വകുപ്പിലെ ജോയന്‍റ് രജിസ്ട്രാര്‍ക്ക് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ പട്ടിക പ്രാവര്‍ത്തികമാക്കാന്‍ സഹകരണ ചട്ടങ്ങളുടെ പിന്‍ബലത്തില്‍ കഴിയാതെ വരുമെന്ന് ഇടതു നേതാക്കള്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11ന് ബാങ്ക് ഹെഡ് ഓഫിസിലത്തെി ജി.എമ്മിനെ ധരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ വോട്ടര്‍ പട്ടികക്കുവേണ്ടി തയാറാക്കിയ ലിസ്റ്റ് കഴിഞ്ഞ രണ്ടു വര്‍ഷമായി ബാങ്കുമായി സാമ്പത്തിക ഇടപാട് നടത്തുന്നവരുടെ പട്ടിക മാത്രമാണ് ശേഖരിച്ചിരിക്കുന്നത്. ഇതിലൂടെ മാത്രം സജീവ അംഗങ്ങളുടെ പട്ടിക തയാറാക്കാന്‍ കഴിയില്ളെന്ന് നേതാക്കള്‍ പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ നടത്തിയവര്‍ മാത്രമല്ല പൊതുയോഗങ്ങളില്‍ പങ്കെടുത്തവരെ കൂടി ഉള്‍പ്പെടുത്തിയെങ്കില്‍ മാത്രമേ സജീവ അംഗങ്ങളുടെ ലിസ്റ്റ് പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂവെന്ന് സഹകരണ ചട്ടങ്ങളില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ കഴിഞ്ഞ പൊതുയോഗത്തില്‍ പങ്കെടുത്തവരുടെ എണ്ണം വെറും 45 ആണ്. തിരുവല്ല ഈസ്റ്റ് കോഓപറേറ്റിവ് ബാങ്ക് ഏഷ്യയിലെ ഏറ്റവും വലിയ അര്‍ബന്‍ ബാങ്കാണ്. 18 ശാഖകളിലൂടെ 64000ല്‍പരം സഹകാരികള്‍ അംഗങ്ങളായിട്ടുണ്ട്. 312 കോടിയാണ് ഇതിന്‍െറ പ്രവര്‍ത്തന മൂലധനം. 287 കോടി ഇവിടെ നിക്ഷേപമുണ്ട്. സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് 187 പേരെ നിയമനത്തിലുള്‍ക്കൊള്ളാന്‍ കഴിയും. 87 പേര്‍ ഇപ്പോള്‍ ജീവനക്കാരായുണ്ട്. കഴിഞ്ഞ കാലങ്ങളിലെല്ലാം ഭരണസമിതി കാട്ടിയിട്ടുള്ള അഴിമതി മൂലം ലാഭത്തിലായിരുന്ന ഈ ബാങ്ക് ഇപ്പോള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരെക്കൊണ്ട് ഭരണസമിതിയായ യു.ഡി.എഫ് നേതാക്കള്‍ ഇടതു സഹകാരികളെ പരമാവധി ഒഴിവാക്കി വോട്ടര്‍ പട്ടിക തയാറാക്കി തെരഞ്ഞെടുപ്പിന് തയാറെടുക്കുകയാണെന്നാണ് ആരോപണം. നിയമപരമല്ലാത്ത പ്രവൃത്തികളെ ഏതുവിധേനയും ചോദ്യം ചെയ്യുമെന്നും ചെറുക്കുമെന്നും ഇടതു നേതാക്കള്‍ ബാങ്ക് ജനറല്‍ മാനേജര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സി.പി.ഐ ജില്ലാ എക്സി. അംഗങ്ങളായ മനോജ് ചരളേല്‍, ജിജി ജോര്‍ജ്, ജില്ലാ കൗണ്‍സില്‍ അംഗം രാജു കടക്കരപ്പള്ളി, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ജി. അജയകുമാര്‍, എം.സി. പാപ്പി, രവീന്ദ്രന്‍ നായര്‍, എ.കെ. സന്തോഷ് കുമാര്‍, ജിജി മാത്യു, കെ.സി. സജി കുമാര്‍, ജോര്‍ജ് വര്‍ഗീസ് എന്നിവരാണ് കഴിഞ്ഞ ദിവസം ബാങ്കിലത്തെി സജീവ അംഗത്വത്തിലുള്ളവരുടെ പട്ടിക ആവശ്യപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.