ചെമ്പന്മുടി പാറമടക്ക് ലൈസന്‍സ്; ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും –സമര സമിതി

റാന്നി: ചെമ്പന്മുടിമലയിലെ പാറമട വിഷയത്തില്‍ ഹൈകോടതി വിധി പാറമട ഉടമകള്‍ക്ക് അനുകൂലമായ പശ്ചാത്തലത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ചെമ്പന്മുടിമല അതിജീവന സമരസമിതി തീരുമാനം. ഇതിന് ഹൈകോടതിയിലെ നിയമവിദഗ്ധരുടെ സഹായം തേടുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. കോടതി വിധിയുടെ എല്ലാ വശങ്ങളും പഠിച്ചും പരിശോധിച്ചുമാണ് അടുത്ത നടപടികളിലേക്കുനീങ്ങാന്‍ സമരസമിതി ആലോചിക്കേണ്ടത്. പഞ്ചായത്ത് ഭരണസമിതി ധിറുതിപിടിച്ച് പാറമടക്ക് ലൈസന്‍സ് നല്‍കിയതിനുപിന്നില്‍ കോടതിവിധിയോടുള്ള വിധേയത്വം മാത്രമാണോ എന്നതും പരിശോധിക്കും. പഞ്ചായത്ത് നല്‍കിയ ലൈസന്‍സ് അനുമതി റദ്ദുചെയ്യുന്നതുവരെ പഞ്ചായത്ത് ഓഫിസ് പടിക്കല്‍ നാട്ടുകാരെ പങ്കെടുപ്പിച്ച് റിലേ സത്യഗ്രഹം ആരംഭിക്കാനും സമരസമിതി തീരുമാനിച്ചു. റിലേ സത്യഗ്രഹത്തിന്‍െറ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് നടക്കും. പഞ്ചായത്ത് അനുവദിച്ച ലൈസന്‍സ് പ്രകാരം പാറമടയില്‍ കല്ലുപൊട്ടിക്കാന്‍ നീക്കം നടത്തിയാല്‍ എന്തു വിലകൊടുത്തും അതു തടയാനാണ് നീക്കം. ഒരുകഷണം കല്ലുപോലും പൊട്ടിക്കാനോ കൊണ്ടുപോകാനോ അനുവദിക്കില്ളെന്നാണ് നാട്ടുകാരുടെ നിലപാട്. നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് പൂട്ടിയ പാറമട വീണ്ടും തുറക്കാന്‍ കൂട്ടുനില്‍ക്കുന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം ഉണ്ടാകുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍െറ കഴിഞ്ഞ ഭരണസമിതി കൈക്കൊണ്ട തീരുമാനങ്ങള്‍ക്കും ഗ്രാമസഭയുടെയും തീരുമാനങ്ങളെയും തകിടംമറിച്ചുകൊണ്ടുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ മലക്കംമറിച്ചിലിനുപിന്നില്‍ കോടതി നിര്‍ദേശം പാലിക്കപ്പെടുക മാത്രമാണോ ലക്ഷ്യമെന്ന സംശയം സമരസമിതി ഉയര്‍ത്തിയിരിക്കുകയാണ്. കോടതിയെ യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതിനുപകരം സി.പി.എം ജില്ല, ഏരിയ ഘടകങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിച്ച് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തുവെന്നാണ് ആക്ഷേപം. പാറമടകളുടെ ദുരന്തം അനുഭവിക്കുന്ന പതിനഞ്ചോളം പട്ടികജാതി-വര്‍ഗ കോളനികളാണ് ചെമ്പന്മുടി പാറമടക്ക് സമീപമുള്ളതെന്നും ലക്ഷം വീടുകളിലും മൂന്നു സെന്‍റുകളിലും കഴിയുന്ന ഈ കുടുംബങ്ങളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പൊടിപടലങ്ങള്‍ കൊണ്ട് രോഗങ്ങള്‍ ഉണ്ടാകുന്നതെന്നും എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം പിന്‍വലിച്ചില്ളെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപംനല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.