റീസര്‍വേ പരാതികള്‍ അനന്തമായി നീട്ടരുതെന്ന്

പത്തനംതിട്ട: ജില്ലയിലെ റീസര്‍വേ പരാതികള്‍ തീര്‍പ്പാക്കുന്നത് അനന്തമായി നീട്ടരുതെന്ന് അഭ്യര്‍ഥിച്ച് കലക്ടര്‍ക്ക് പൊതുതാല്‍പര്യ ഹരജി നല്‍കാന്‍ പത്തനംതിട്ട ഡിസ്ട്രിക്റ്റ് എജുക്കേഷനല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൂടിയ റീസര്‍വേ പരാതിക്കാരുടെ യോഗം തീരുമാനിച്ചു. റീസര്‍വേ സംബന്ധിച്ച് അഞ്ച് വര്‍ഷത്തിലേറെ ദൈര്‍ഘ്യമുള്ള പരാതികള്‍പോലും പരിഹരിച്ചിട്ടില്ല. പരാതികള്‍ പരിഹരിക്കുന്നതിനായി സര്‍വേ ഓഫിസില്‍ സൂക്ഷിക്കേണ്ട ലിത്തോമാപ്പ്, സെറ്റില്‍മെന്‍റ് രജിസ്റ്റര്‍, ഫീല്‍ഡ് മെഷര്‍മെന്‍റ് ബുക്, ഡിവിഷന്‍ സ്കെച്ച് തുടങ്ങിയ രേഖകള്‍ പരാതിക്കാരന്‍ തിരുവനന്തപുരത്ത് റീസര്‍വേ ഡയറക്ടര്‍ ഓഫിസിലും പുരാവസ്തു വകുപ്പിലും പോയി സംഘടിപ്പിക്കേണ്ട സ്ഥിതിയാണ്. റീസര്‍വേക്ക് മുമ്പ് കരമടക്കാന്‍ സാധിച്ചിരുന്ന കൈവശക്കാരന് കരമടക്കാന്‍ കഴിയാത്ത സ്ഥിതിയിലുള്ള പരാതികളാണ് ബഹുഭൂരിപക്ഷമെന്നും യോഗം വിലയിരുത്തി. പരാതിക്കാരനെ സഹായിക്കുന്നതിനായി റീസര്‍വേ പരാതി ജനകീയ സമിതി രൂപവത്കരിച്ചു. സമിതിയുടെ രക്ഷാധികാരികളായി ജില്ലയിലെ എം.എല്‍.എമാര്‍, സി.പി.എം ജില്ലാ സെക്രട്ടറി, സി.പി.ഐ ജില്ലാ സെക്രട്ടറി, ഡി.സി.സി പ്രസിഡന്‍റ് എന്നിവരെയും സമിതി ചെയര്‍മാനായി അഡ്വ. ടി. സക്കീര്‍ ഹുസൈനെയും ജനറല്‍ കണ്‍വീനറായി ജില്ലാ എജുക്കേഷന്‍ സൊസൈറ്റി സെക്രട്ടറി കെ.ആര്‍. അശോക്കുമാറിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ചിറ്റാര്‍ മോഹനന്‍, അഡ്വ. മുഹമ്മദ് അന്‍സാരി, കെ.ജി. അനില്‍കുമാര്‍, അഡ്വ. എ.എസ്. റഫീക്ക് (വൈസ് പ്രസി.), വി.ഡി. സന്തോഷ്, ഭാസ്കരന്‍പിള്ള, മിത്രന്‍ (ജോ. കണ്‍.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.