കെ.പി റോഡിന് സമാന്തരമായി ലിങ്ക് റോഡ് വേണമെന്ന്

അടൂര്‍: നെല്ലിമൂട്ടില്‍പടി മുതല്‍ കരുവാറ്റ വരെയുള്ള ബൈപാസ് അടൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാത്ത സാഹചര്യത്തില്‍ കായംകുളം-പത്തനാപുരം സംസ്ഥാനപാതക്ക് സമാന്തരമായി ലിങ്ക് റോഡ് നിര്‍മിക്കണമെന്ന ആവശ്യം ഉയരുന്നു. നഗരത്തിലെ അനധികൃത പാര്‍ക്കിങ്ങും വലിയ ചരക്ക് ലോറികളുടെയും ട്രക്കുകളുടെയും സഞ്ചാരവുമാണ് ഗതാഗത തടസ്സത്തിനു മുഖ്യകാരണം. കായംകുളം, കോട്ടയം ഭാഗങ്ങളില്‍നിന്ന് തിരുവനന്തപുരത്തേക്കുവരുന്ന വാഹനങ്ങള്‍ ബൈപാസിലൂടെയാണ് കടന്നുപോകുന്നത്. ഇതേരീതിയില്‍ കായംകുളത്തുനിന്ന് പുനലൂര്‍ ഭാഗത്തേക്കുവരുന്ന വാഹനങ്ങള്‍ അടൂരില്‍ വണ്‍വേ റോഡ് ആരംഭിക്കുന്ന ഇടത്തുനിന്ന് പന്നിവിഴ വഴി ടി.ബി ജങ്ഷനിലെ പ്രധാന റോഡിലത്തെുന്ന രീതിയില്‍ ലിങ്ക് റോഡ് നിര്‍മിച്ചാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതും വികസനമില്ലാത്ത റോഡുകളുമാണ് ഗതാഗതക്കുരുക്കിന് കാരണം. ട്രാഫിക് ഉപദേശക സമിതി തീരുമാനങ്ങള്‍ നടപ്പാകാറില്ല. അനധികൃത പാര്‍ക്കിങ്ങും വഴിയോര കച്ചവടവും നിര്‍ബാധം തുടരുന്നു. ജില്ലാ സഹകരണ ബാങ്ക് ശാഖ മുതല്‍ കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍ വരെ ഇരുചക്ര വാഹനങ്ങളും ടാക്സി വാഹനങ്ങളും പാര്‍ക്ക് ചെയ്യുമ്പോള്‍ മറുവശത്ത് സ്വകാര്യ വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളിലേക്ക് ലോഡിറക്കുന്ന ലോറികളും നിര്‍ത്തിയിടുന്നതോടെ അഴിയാക്കുരുക്കാണ് ഫലം. പാര്‍ക്കിങ്ങിന് സ്ഥലം നിശ്ചയിച്ചിട്ടുണ്ടെങ്കിലും വാഹനബാഹുല്യം നിമിത്തം നോ പാര്‍ക്കിങ് ഏരിയയും പാര്‍ക്കിങ്ങിനിടയാകുന്നു. വഴിയോരകച്ചവടവും ഗതാഗതക്കുരുക്കിന് കാരണമാണ്. കെ.എസ്.ആര്‍.ടി.സി ജങ്ഷനിലെ കായംകുളം ഭാഗത്തേക്കുള്ള സ്വകാര്യ ബസ് ബേ വ്യാപാരികള്‍ കൈയടക്കിയിരിക്കുന്നതിനാല്‍ സൗകര്യമായി ബസില്‍ കയറാനും ഇറങ്ങാനും യാത്രക്കാര്‍ക്ക് കഴിയുന്നില്ല. ശ്രീമൂലം ചന്തക്കരികില്‍ വണ്‍വേ റോഡരികിലെയും പന്നിവിഴ പാമ്പേറ്റുകുളം പാതയിലെയും കച്ചവടം അവസാനിപ്പിക്കാന്‍ നടപടിയില്ല. കെ.പി റോഡ്, എം.സി റോഡ്, അടൂര്‍-പത്തനംതിട്ട, അടൂര്‍-ശാസ്താംകോട്ട പാതകള്‍ സംഗമിക്കുന്ന അടൂരില്‍ തിരക്കേറെയാണ്. ഓണക്കാലം കൂടിയാകുന്നതോടെ തിരക്ക് വര്‍ധിക്കും. ടൗണിലെ മിക്ക ദിശാ സൂചന ബോര്‍ഡുകളും ഫ്ളക്സ് ബോര്‍ഡുകളാല്‍ മറഞ്ഞ നിലയിലാണ്. ലിങ്ക്് റോഡ് സാക്ഷാത്കരിച്ചാല്‍ കാല്‍നട പോലും ദുസ്സഹമായ നഗരത്തിനു മോക്ഷം ലഭിച്ചേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.