പന്തളം: പന്തളം വിദ്യാഭ്യാസ ഉപജില്ലാ ഓഫിസ് ഒരു ഭാഗം ജീര്‍ണിച്ചു നിലംപൊത്താറായ നിലയില്‍. എം.എം ജങ്ഷനില്‍ എം.സി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്താതായതോടെ ഒരുഭാഗം ചോര്‍ന്നൊലിക്കുകയാണ്. ശക്തമായ കാറ്റിലും മഴയിലും ജീവന്‍ പണയംവെച്ചാണ് ജീവനക്കാര്‍ ഇതിനുള്ളിലിരിക്കുന്നത്. ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. മുന്‍വശം കോണ്‍ക്രീറ്റും പുറകുഭാഗം ഓടും ആസ്ബസ്റ്റോസ് ഷീറ്റും ഉപയോഗിച്ചാണ് മേല്‍ക്കൂര തീര്‍ത്തിരിക്കുന്നത്. ആസ്ബസ്റ്റോസ് ഷീറ്റുകളുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പുകളെ അവഗണിച്ചാണ് സര്‍ക്കാര്‍ ഓഫിസ് കെട്ടിടം ഇതുപയോഗിച്ച് മേഞ്ഞിരിക്കുന്നത്. മഴക്കാലമായതോടെ ഒരു തുള്ളിവെള്ളംപോലും പുറത്തുപോകാത്ത സ്ഥിതിയിലാണ്. ചോര്‍ച്ചമൂലം ഭിത്തികളിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നത് കെട്ടിടത്തിന്‍െറ ബലക്ഷയത്തിനും കാരണമാകുന്നു. ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംബന്ധിച്ച വിവരങ്ങളടങ്ങിയ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ഓഫിസിന്‍െറ സ്ഥിതിയും വ്യത്യസ്തമല്ല. മുറിയുടെ സ്ഥിതി ശോചനീയമാണ്. സീലിങ് ഇളകി മാറിയ നിലയിലാണ്. ശക്തമായ മഴയില്‍ റെക്കോഡുകള്‍ എങ്ങനെ സൂക്ഷിക്കുമെന്നറിയാതെ കുഴങ്ങുകയാണ് ജീവനക്കാര്‍. എം.സി റോഡും ഓഫിസുമായി ഒരു മതിലിന്‍െറ വ്യത്യാസം മാത്രമാണുള്ളത്. ഓഫിസിനു മുന്‍വശം ഹമ്പില്‍ വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ കെട്ടിടത്തിന് കുലുക്കം അനുഭവപ്പെടുന്നതായി ജീവനക്കാര്‍ പറയുന്നു. കെട്ടിടത്തിന്‍െറ ഭിത്തികള്‍ ഇടിഞ്ഞുവീഴുമോ എന്ന ഭീതിയിലാണ് ജീവനക്കാര്‍. പത്ത് ജീവനക്കാരാണ് പന്തളം ഉപജില്ലാ ഓഫിസില്‍ ജോലി ചെയ്യുന്നത്. കെട്ടിടം പുതുക്കിപ്പണിയേണ്ട കാലം കഴിഞ്ഞു. പുതിയ കെട്ടിടം നിര്‍മിക്കാന്‍ കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ നിലവിലെ കെട്ടിടത്തിന്‍െറ അറ്റകുറ്റപ്പണി എങ്കിലും നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഒരുപിടി നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കുകയാണ് ജീവനക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.