പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ നടപ്പാതകള്‍ കച്ചവടക്കാര്‍ കൈയേറി. ഇതോടെ കാല്‍നടക്കാര്‍ക്ക് നടന്നുപോകാന്‍ വേറെ സ്ഥലം കണ്ടത്തെണമെന്നതാണ് സ്ഥിതി. ഗതാഗത തിരക്കേറിയ നഗരത്തില്‍ കാല്‍നടക്കാര്‍ക്ക് ആശ്വാസമായിരുന്ന നടപ്പാതകളില്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ഇവരെ ഒഴിപ്പിക്കാനുള്ള ഒരു നടപടിയും നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. റോഡിന്‍െറ ഇരുവശത്തുമുള്ള നടപ്പാതകള്‍ ഏറെനാളായി സ്ഥിരം കച്ചവടക്കാരുടെ കൈവശമാണ്. ചില ഭാഗങ്ങളില്‍ താല്‍ക്കാലിക കച്ചവടക്കാരും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ടി.കെ റോഡ്, കെ.എസ്.ആര്‍.ടി.സി റോഡ്, പൊലീസ് സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളിലെ നടപ്പാതകളാണ് വ്യാപാരികള്‍ കൈയടക്കിയിരിക്കുന്നത്. ടി.കെ റോഡില്‍ ജനറല്‍ ആശുപത്രി ജങ്ഷന്‍ മുതല്‍ അബാന്‍ ജങ്ഷന്‍ വരെയുള്ള റോഡിലാണ് കൈയേറ്റം കൂടുതല്‍. ഇരുവശവും വ്യാപാരികള്‍ കടകളിലെ സാധനസാമഗ്രികള്‍ നടപ്പാതയില്‍ സൂക്ഷിച്ചിരിക്കുന്നു. മുന്നോട്ട് ഷെഡുകളും നിര്‍മിച്ചിട്ടുണ്ട്. പഴം, പച്ചക്കറി കച്ചവടക്കാര്‍ നടപ്പാതകളില്‍ ഉന്തുവണ്ടിയിലാണ് കച്ചവടം നടത്തുന്നത്. പല ഭാഗത്തും നടപ്പാതകള്‍ ശുചീകരിക്കാറുമില്ല. ജനറല്‍ ആശുപത്രിക്ക് സമീപം നടപ്പാത കാടുകയറിയ നിലയിലാണ്. പരാതി വര്‍ധിക്കുമ്പോള്‍ മാത്രമാണ് കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഇറങ്ങുന്നത്. നഗരസഭ യോഗങ്ങളില്‍ പലപ്പോഴുമിത് ചര്‍ച്ചയാകാറുണ്ടെങ്കിലും പിന്നീട് മൗനം പാലിക്കുന്ന സമീപനമാണ് അധികൃതരുടേത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നടപ്പാതകള്‍ ഉപയോഗിക്കുന്നവരും ഏറെയാണ്. കച്ചവടക്കാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ചെറുതും വലുതുമായ വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യുന്നതോടെ നടപ്പാതകൊണ്ട് ഒരു പ്രയോജനവും ഇല്ലാത്ത സ്ഥിതിയാണ്. കാല്‍നടക്കാര്‍ക്ക് തിരക്കേറിയതും വീതി കുറഞ്ഞതുമായ റോഡിലൂടെ ജീവന്‍ പണയംവെച്ച് നടക്കണമെന്നതാണ് ഇപ്പോഴുള്ള അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.