പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ പലയിടത്തും ടാറിങ് ഇളകി; കുഴിയും വെള്ളക്കെട്ടും ഭീഷണി

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ഉതിമൂട് മുതല്‍ പ്ളാച്ചേരിവരെയുള്ള ഭാഗം തകര്‍ന്നു. കുഴികള്‍ രൂപപ്പെട്ട് റോഡില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. പ്ളാച്ചേരി, മക്കപ്പുഴ, മന്ദമരുതി, ചെത്തോങ്കര, വലിയപറമ്പില്‍പടി, എസ്.സി.യു.പി.എസ് പടി, ടൗണ്‍ ഭാഗം, പെരുമ്പുഴ പാലം, ബ്ളോക്കുപടി, മന്ദിരം ഭാഗങ്ങളിലെല്ലാം റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ടാറും മെറ്റലും ഇളകി റോഡില്‍ കുഴികള്‍ രൂപപ്പെട്ടതോടെ യാത്ര ദുരിതപൂര്‍ണമായി. കെ.എസ്.ടി.പി പദ്ധതിയിലുള്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്കു മുമ്പേ പുനര്‍നിര്‍മാണത്തിന് തീരുമാനിച്ച റോഡാണിത്. വികസന പദ്ധതിയുടെ പേരില്‍ വര്‍ഷങ്ങളായി റോഡില്‍ റീടാറിങ് അടക്കമുള്ള ജോലികള്‍ നടത്താറില്ല. ശബരിമല തീര്‍ഥാടനകാലത്ത് റോഡില്‍ കുഴികളടച്ചുള്ള അറ്റകുറ്റപ്പണി മാത്രമാണ് നടത്തുന്നത്. കഴിഞ്ഞ തീര്‍ഥാടനകാലത്തു മാത്രമാണ് റോഡിന്‍െറ ചില ഭാഗങ്ങളില്‍ റീടാറിങ് നടത്താന്‍ അനുമതി നല്‍കിയത്. സാങ്കേതിക വൈഭവമോ ഗുണമേന്മയോ ഇല്ലാതെയാണ് ഈ പണിയൊക്കെയും നടക്കുന്നത്. ഓടകളോ വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനങ്ങളോ ഇല്ലാത്ത റോഡില്‍ വെള്ളക്കെട്ടും അപകട ഭീഷണി ഉയര്‍ത്തുന്നു. ജങ്ഷനുകളില്‍ അടക്കം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. തീര്‍ഥാടനകാലം കഴിയുന്നതോടെ റോഡ് കുളംതോണ്ടുക പതിവാണ്. മഴയത്തെുന്നതോടെ തകര്‍ച്ച പൂര്‍ണമാകും. കുഴിയടക്കലിനായി പിന്നെ അടുത്ത തീര്‍ഥാടനകാലംവരെ കാത്തിരിക്കണമെന്നതാണ് സ്ഥിതി. വാഹനങ്ങളുടെ തിരക്ക് വര്‍ധിക്കുകയും ഇതുവഴി കെ.എസ്.ആര്‍.ടിസി ഹൈറേഞ്ച്, മലയോര മേഖലകളിലേക്കു പുതിയ സര്‍വിസുകള്‍ ആരംഭിക്കുകയും ചെയ്തതോടെ റോഡിന്‍െറ തകര്‍ച്ച യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. റോഡ് പുനര്‍നിര്‍മാണത്തിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോഴും ഇഴയുകയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.