നിര്‍മാണം നിലച്ചു: പന്തളം-മാവേലിക്കര റോഡിലെ ഓടകള്‍ പൊതുജനത്തെ വലക്കുന്നു

പന്തളം: പന്തളം-മാവേലിക്കര റോഡില്‍ പണിതീരാത്ത ഓട പൊതുജനത്തെ വലക്കുന്നു. ഒന്നരവര്‍ഷം മുമ്പ് ആരംഭിച്ച ഓട നിര്‍മാണം ആറുമാസത്തിലധികമായി നിലച്ചിരിക്കുകയാണ്. യാത്രക്കാര്‍ക്കൊപ്പം വ്യാപാരികളെയും ഇതേറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ശബരിമല സീസണ്‍ ആരംഭിക്കുന്നതിനുമുമ്പ് ഓട നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രിയുടെയും കലക്ടറുടെയും സാന്നിധ്യത്തില്‍ പ്രഖ്യാപിച്ച പി.ഡബ്ള്യു.ഡി അധികൃതര്‍ക്കാകട്ടെ ഒരുകുലുക്കവുമില്ല. പന്തളം ജങ്ഷന്‍ മുതല്‍ നഗരസഭാ കാര്യാലയത്തിന് മുന്‍വശം വരെയാണ് ഓടനിര്‍മാണം. 136 മീറ്റര്‍ ദൂരം ഓട പൂര്‍ത്തിയാക്കി ഫുട്പാത് നിര്‍മിക്കുന്നതിനും അതിനു മുകളില്‍ ടൈല്‍ പാകുന്നതിനുമായി 25 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒച്ചിഴയുന്ന വേഗമായിരുന്നു. സ്വകാര്യ ബസ് സ്റ്റേഷന്‍, മാര്‍ക്കറ്റ്, സബ് ട്രഷറി, നഗരസഭാ കാര്യാലയം, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍, ബാങ്കുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നത്. ഓട നിര്‍മാണം മുടങ്ങിയതോടെ കാല്‍നടക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. തിരക്കേറിയ റോഡിന്‍െറ ഓരംപറ്റിയാണ് കാല്‍നടക്കാരുടെ യാത്ര. ഇതിനിടെ നിരവധിയാളുകള്‍ക്ക് ഓടയില്‍ വീണും പരിക്കേറ്റു. ഓട നിര്‍മാണം ആരംഭിച്ചതുമുതല്‍ വ്യാപാരികളുടെയും കഷ്ടകാലം ആരംഭിച്ചു. തുറന്നിട്ട ഓടകളില്‍നിന്നുള്ള ദുര്‍ഗന്ധമായിരുന്നു പ്രധാന വെല്ലുവിളി. ഫുട്പാത്ത് ഇല്ലാത്തതിനൊപ്പം ദുര്‍ഗന്ധം കൂടിയായപ്പോള്‍ ആളുകള്‍ കുറഞ്ഞത് കച്ചവടത്തില്‍ ഗണ്യമായ ഇടിവുണ്ടായി. നിര്‍മാണത്തിന്‍െറ ആദ്യഘട്ടത്തില്‍ തന്നെ വ്യാപാരികളുമായുണ്ടായ തര്‍ക്കം ഹൈകോടതി വരെയത്തെിയിരുന്നു. കമീഷനെ നിയമിച്ചാണ് കോടതി പ്രശ്നപരിഹാരം കണ്ടത്തെിയത്. പൊതു സമൂഹത്തെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു പി.ഡബ്ള്യു.ഡിയുടെ ഓട നിര്‍മാണം. ഓടക്ക് കുഴിയെടുത്ത് കുറെക്കാലം അതേപോലെതന്നെയിട്ടു. പ്രതിഷേധം ശക്തമായപ്പോള്‍ വാര്‍ത്തെങ്കിലും മൂടി ഇടുന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. അതിനെതിരെയും പ്രതിഷേധം ഉയര്‍ന്നതോടെ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യത്തില്‍ കിടന്ന പഴയ സ്ളാബുകള്‍ ഇടാന്‍ ശ്രമം തുടങ്ങി. വീണ്ടും പ്രതിഷേധം ശക്തമായതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഓട നിര്‍മാണത്തിന്‍െറ സാമഗ്രികള്‍ റോഡില്‍ ഇറക്കിയിട്ടിരിക്കുന്നത് ഗതാഗത സ്തംഭനത്തിനും ഇടയാക്കുന്നുണ്ട്. മഴക്കാലം ആയതോടെ വെള്ളക്കെട്ടും രൂക്ഷമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.