പന്തളത്ത് പുതിയ കണക്ഷന്‍ നല്‍കാന്‍ കേബ്ളില്ല

പന്തളം: പന്തളം നഗരപ്രദേശത്ത് ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ഫോണ്‍ കണക്ഷന്‍ നല്‍കാന്‍ കേബ്ള്‍ സൗകര്യമില്ലാത്തത് ഉപഭോക്താക്കളെ വലക്കുന്നു. എം.സി റോഡിന്‍െറ നവീകരണം പൂര്‍ത്തിയായതോടെയാണ് ബി.എസ്.എന്‍.എല്‍ വെട്ടിലായത്. എം.സി റോഡിനടിയില്‍ കുഴിച്ചിട്ടിരുന്ന കേബ്ളുകള്‍ റോഡ് നവീകരണ സമയത്ത് മാറ്റി സ്ഥാപിക്കാന്‍ കെ.എസ്.ടി.പി, ബി.എസ്.എന്‍.എല്‍ അധികൃതരോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേബ്ളുകള്‍ യഥാസമയം മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. നിലവിലുള്ള കേബ്ളുകളിലെ കണക്ഷന്‍ അവസാനിച്ചാല്‍ പുതിയ കണക്ഷന്‍ നല്‍കാനാകില്ല. എം.സി റോഡിനടിയിലുള്ള കേബ്ളുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പരിഹരിക്കാനുള്ള സംവിധാനങ്ങളില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. നിരന്തരം പ്രവര്‍ത്തനം മുടങ്ങുന്ന സാഹചര്യത്തില്‍ പലരും കണക്ഷന്‍ ഉപേക്ഷിക്കുകയാണ്. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന നമ്പര്‍ മാറുന്നത് മൂലമുള്ള ബുദ്ധിമുട്ടും ചെറുതല്ല. അതിനിടെ, കേബ്ള്‍ കണക്ഷന്‍ ഉപേക്ഷിക്കുന്നിടത്ത് വയര്‍ലെസ് കണക്ഷന്‍ നല്‍കി ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ബി.എസ്.എന്‍.എല്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍, വയര്‍ലെസ് ഫോണുകള്‍ ഉപഭോക്താവിന് അധിക ബാധ്യതയായി മാറുകയാണ്. ഡബ്ള്യു.എല്‍.എല്‍ ഫോണുകളില്‍ ബാറ്ററി ചാര്‍ജ് ചെയ്യണം, ബാറ്ററി കാലാകാലം മാറ്റണം തുടങ്ങിയ പ്രശ്നങ്ങള്‍ പലര്‍ക്കും ബാധ്യതയായിട്ടുണ്ട്. പഴയ നമ്പര്‍ വീണ്ടും കിട്ടില്ളെന്നതും ഓഫിസുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. പുതിയ കേബ്ള്‍ സ്ഥാപിച്ച് കണക്ഷന്‍ നല്‍കി പ്രശ്നപരിഹാരം കാണമെന്ന ആവശ്യത്തിന് ദീര്‍ഘകാലത്തെ പഴക്കമുണ്ട്. എന്നാല്‍, അധികൃതര്‍ ഇതൊന്നും കണ്ട ഭാവമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.