കവിയൂരിനു ലഭിച്ച കോളജ് നഷ്ടമാകുന്നു

തിരുവല്ല: പ്രതീക്ഷകളോടെ കവിയൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച മഹാത്മഗാന്ധി യൂനിവേഴ്സിറ്റിയുടെ കോളജ് കവിയൂരിനു നഷ്ടമാകുന്നു. സ്വന്തമായി സ്ഥലം ഏറ്റെടുത്ത് കോളജ് നിര്‍മിക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിക്കാഞ്ഞതാണ് സ്ഥാപനം അടച്ചു പൂട്ടലിലേക്ക് എത്താന്‍ ഇടയാകുന്നത്. പഞ്ചായത്ത് നിയന്ത്രണത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം അന്യാധീനപ്പെട്ട് കിടക്കുമ്പോള്‍ സ്ഥലമില്ലായ്മുടെ പേരില്‍ കോളജ് അടച്ചുപൂട്ടുന്നതിലുള്ള പ്രതിഷേധത്തിലാണ് നാട്ടുകാര്‍. വര്‍ഷങ്ങള്‍ക്ക്് മുമ്പ് ഐ.എച്ച്.ആര്‍.ഡി കോളജ് നിര്‍മിക്കാനെന്ന പേരില്‍ പഞ്ചായത്ത് നേതൃത്വത്തില്‍ മാനേജ്മെന്‍റ് കമ്മിറ്റി രൂപവത്കരിച്ച് വാങ്ങിക്കൂട്ടിയ ഏക്കര്‍ കണക്കിന് സ്ഥലമടക്കം കാടുപിടിച്ചു കിടക്കുകയാണ്. കോളജ് അടച്ചുപൂട്ടാന്‍ യൂനിവേഴ്സിറ്റി നടപടി ആരംഭിച്ചതോടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്സില്‍ കഴിഞ്ഞ വര്‍ഷം പ്രവേശം നേടിയ നാല്‍പതോളം വിദ്യാര്‍ഥികളുടെ പഠനമാണ് തുലാസിലായിരിക്കുന്നത്. വി.സിയും രജിസ്ട്രാറും സ്ഥലം സന്ദര്‍ശിച്ച് സൗകര്യം ബോധ്യപ്പെട്ട ശേഷമാണ് കഴിഞ്ഞ വര്‍ഷം ആഘോഷമായി ഉദ്ഘാടനം നടത്തിയത്. മനക്കച്ചിറയില്‍ ആറ്റുതീരത്ത് ഒരേക്കറും പുന്നലത്ത് രണ്ടേക്കറുമാണ് കോളജിനായി സ്ഥലം കണ്ടത്തെിയത്. കോളജ് താല്‍ക്കാലികമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. സര്‍വകലാശാലയിലെ ഇതേ അധികൃതര്‍ തന്നെയാണ് ഇപ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് കോളജ് നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നത്. ആദ്യ ബാച്ചിലെ കുട്ടികളെ പത്തനംതിട്ടയില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കാമെന്നാണു നിര്‍ദേശം. സമീപസ്ഥലത്തെ കോളജില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ ഇതോടെ പ്രതിസന്ധിയിലായി. 50 അംഗ സ്പോണ്‍സറിങ് കമ്മിറ്റി നേതൃത്വത്തില്‍ നാട്ടുകാര്‍ പിരിവെടുത്താണ് ഫര്‍ണിച്ചറും മറ്റും വാങ്ങിയത്. പെട്ടെന്ന് സാഹചര്യങ്ങള്‍ മാറിമറിഞ്ഞതിലെ അഴിമതിയും ഗൂഢാലോചനയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ട് അന്വേഷിക്കണമെന്ന് ബി.ജെ.പി തോട്ടഭാഗം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.