പറക്കോട് കവല ഗതാഗതക്കുരുക്കില്‍; ബസ് സ്റ്റാന്‍ഡ് സ്വകാര്യവാഹനങ്ങളുടെ താവളം

അടൂര്‍: പറക്കോട് അനന്തരാമപുരം ചന്തക്കവല ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടുമ്പോള്‍ പരിഹാരമായി നിര്‍മിച്ച ബസ് സ്റ്റാന്‍ഡിന് വയസ്സ് രണ്ടുപതിറ്റാണ്ട് പിന്നിട്ടു. ബസുകളുടെ സാന്നിധ്യമില്ലാത്ത സ്റ്റാന്‍ഡ് ഭൂരിഭാഗവും സ്കാര്യവ്യക്തികള്‍ കൈയേറി. സ്വകാര്യവാഹനങ്ങളുടെ പാര്‍ക്കിങ്ങും സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടവും പതിവായി. ബസ്ബേ ടാര്‍ ചെയ്ത് സ്റ്റാന്‍ഡില്‍ ബസ് കയറ്റുമെന്ന നഗരസഭാ അധികൃതരുടെ പ്രഖ്യാപനം ഇനിയും നടപ്പായില്ല. കായംകുളം-പുനലൂര്‍ സംസ്ഥാനപാതയിലെ പറക്കോട് ചന്തക്കവലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചത്. എന്‍. ഗോപാലകൃഷ്ണന്‍ അടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കുമ്പോഴാണ് സ്റ്റാന്‍ഡിന്‍െറ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പഞ്ചായത്ത് നഗരസഭ ആയശേഷം ആര്‍.ഡി.ഒ കെ.വി. മോഹന്‍കുമാര്‍ നഗരസൗന്ദര്യവത്കരണം ലക്ഷ്യമിട്ട് ആവിഷ്കരിച്ച ‘പമ്പ-95’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്. നിര്‍മിതികേന്ദ്രം കംഫര്‍ട്ട് സ്റ്റേഷനും നഗരസഭ ബസ്ബേയും നിര്‍മിച്ചു. എന്നാല്‍, കവലയുടെ മുക്കിലും മൂലയിലുമെല്ലാം നിക്ഷിപ്ത താല്‍പര്യക്കാര്‍ ‘ബസ് സ്റ്റോപ്പു’കള്‍ ഉയര്‍ത്തിയതോടെ സ്റ്റാന്‍ഡിന്‍െറ പ്രസക്തി നഷ്ടപ്പെട്ടു. ബസുകള്‍ കയറാതായി. ഒടുവില്‍ നാട്ടുകാര്‍ രംഗത്തത്തെി ബസുകള്‍ കയറ്റാന്‍ തുടങ്ങി. ഇതിനിടെ, ചിലര്‍ ഡ്രൈവര്‍മാരെ കൈയേറ്റം ചെയ്തത് കേസായതോടെ നാട്ടുകാര്‍ പിന്തിരിഞ്ഞു. റോഡില്‍തന്നെ ബസുകള്‍ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും മൂലം സ്കൂള്‍ വിദ്യാര്‍ഥിയായ ബാലികയും ബൈക്ക് യാത്രക്കാരിയും മരിച്ചതുള്‍പ്പെടെ നിരവധി അപകടങ്ങളും ഉണ്ടായെങ്കിലും അധികൃതര്‍ സ്റ്റാന്‍ഡിനുനേരെ മുഖം തിരിച്ചു. നാട്ടുകാര്‍ പറക്കോട് വികസനസമിതി രൂപവത്കരിച്ചെങ്കിലും അതും നിലച്ചു. ഇടക്ക് സ്വകാര്യബസുകള്‍ സ്റ്റാന്‍ഡില്‍ കയറിയെങ്കിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ കയറിയില്ല. സ്റ്റാന്‍ഡ് തകര്‍ന്നുകിടക്കുന്നതാണ് ബസുകള്‍ കയറ്റുന്നതിന് വിഘാതമായി ബസുടമകള്‍ പറയുന്നത്. എന്നാല്‍, മത്സരയോട്ടത്തിന് തടസ്സമാകും എന്നതിനാലാണ് സ്റ്റാന്‍ഡില്‍ ബസുകള്‍ കയറ്റാത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡില്‍ നിര്‍ത്തുന്ന ബസുകളില്‍ കയറിപ്പറ്റാനായി യാത്രക്കാര്‍ നെട്ടോട്ടമോടുകയാണ്. സ്റ്റാന്‍ഡ് കോണ്‍ക്രീറ്റ് ചെയ്താലേ ഇനി ബസുകള്‍ കയറിയിറക്കാന്‍ പറ്റൂ. ബസുകള്‍ പുറത്തേക്കിറങ്ങേണ്ട കവാടത്തിലെ ഓടയുടെ മേല്‍മൂടി ഓട വൃത്തിയാക്കുന്നതിന് എക്സ്കവേറ്റര്‍ ഉപയോഗിച്ച് തകര്‍ത്തതിനാല്‍ ഇവിടെ സ്ളാബ് പുതുക്കിപ്പണിയണം. സ്റ്റാന്‍ഡിന്‍െറ ബോര്‍ഡും ജീര്‍ണിച്ചുനശിച്ചു. ഇത് പോസ്റ്ററും ഫ്ളക്സും കെട്ടാനാണ് ഉപയോഗിക്കുന്നത്. ശൗചാലയവും കാത്തിരിപ്പുകേന്ദ്രവും നാശത്തിന്‍െറ വക്കിലാണ്. കെ.പി റോഡും ചിരണിക്കല്‍, ഐവര്‍കാല പാതകളും സംഗമിക്കുന്ന പറക്കോട് ചന്തക്കവലയില്‍ മുക്കിനും മൂലക്കുമുള്ള ഓട്ടോസ്റ്റാന്‍ഡും കാര്‍, ടെമ്പോ ടാക്സി സ്റ്റാന്‍ഡും ചന്തയില്‍ ചരക്കിറക്കാനും കയറ്റാനും റോഡിന് ഇരുവശത്തും നിര്‍ത്തിയിടുന്ന ലോറികളും ട്രക്കുകളും പിന്നെ ബസുകളും കൂടി പാര്‍ക്ക് ചെയ്യുന്നതോടെ ഗതാഗതക്കുരുക്ക് കവലയെ വിട്ടൊഴിയുന്നില്ല. ടാക്സി സ്റ്റാന്‍ഡുകള്‍ പുനര്‍നിര്‍ണയിച്ച് പാര്‍ക്കിങ്ങിന് നിയന്ത്രണവും ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ കയറാനുള്ള സൗകര്യവും ചെയ്താല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.