തിരുവല്ല: സബ്സിഡി അടക്കം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇല്ലാത്തതിനാല്‍ അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നെല്‍കര്‍ഷകര്‍ രണ്ടാം കൃഷി ഉപേക്ഷിക്കുന്നു. ആലപ്പുഴ ജില്ലയില്‍ രണ്ടാം കൃഷിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ നിഷേധിച്ചതാണ് കര്‍ഷകര്‍ രണ്ടാം കൃഷി ഉപേക്ഷിക്കാന്‍ കാരണം. നിരണം പഞ്ചായത്തിലെ ഇടയോടി ചെമ്പ്, ഇരതോട് തുടങ്ങിയ പാടശേഖരങ്ങളിലാണ് ഈ വര്‍ഷം രണ്ടാം കൃഷി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നത്. അപ്പര്‍ കുട്ടനാട്ടിലെ പല കര്‍ഷകരും രണ്ടാം കൃഷി നടത്തുന്നതിന് താല്‍പര്യമുള്ളവരായിരുന്നു. എന്നാല്‍, ജില്ലയിലെ പാടശേഖരങ്ങള്‍ക്ക് പുഞ്ചകൃഷിക്ക് മാത്രമാണ് സര്‍ക്കാര്‍ ആനുകൂല്യമുള്ളത്. ഇതുകാരണം രണ്ടാം കൃഷിയെക്കുറിച്ചുള്ള ആലോചന എല്ലാവരും ഉപേക്ഷിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളാണ് അപ്പര്‍കുട്ടനാട്ടില്‍ ഉള്‍പ്പെടുന്നത്. കുട്ടനാട് പാക്കേജിലും ഈ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിരുന്നു. ഈ പഞ്ചായത്തുകളിലെ മുഖ്യകൃഷി നെല്ലാണ്. മൊത്തം ഭൂമിയില്‍ പകുതിയില്‍ കൂടുതലും നെല്‍പാടങ്ങളുമാണ്. ആലപ്പുഴ ജില്ലയിലെ ആനുകൂല്യങ്ങള്‍ ഇവിടെ നല്‍കാന്‍ അധികൃതര്‍ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. അപ്പര്‍കുട്ടനാടന്‍ ഭാഗത്തെ നെല്‍പാടങ്ങളുടെ നിയന്ത്രണം ആലപ്പുഴ പുഞ്ച സ്പെഷല്‍ ഓഫിസിനാണ്. ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് അധികൃതര്‍ക്കെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. പമ്പിങ് സബ്സിഡി, വിത്ത്, വളം സബ്സിഡി തുടങ്ങിയവ സര്‍ക്കാറാണ് വഹിക്കുന്നത്. ഇത് ലഭ്യമാകാതെ കര്‍ഷകര്‍ക്ക് രണ്ടാം കൃഷി ചെയ്യാനാകില്ല. മാത്രമല്ല രണ്ടാം കൃഷിയില്‍ പത്തനംതിട്ട ജില്ലയിലെ ഭാഗങ്ങളില്‍നിന്ന് കൊയ്തെടുക്കുന്ന നെല്ല് സംഭരിക്കാന്‍ കഴിയില്ളെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 15 വര്‍ഷം മുമ്പ് ഇവിടങ്ങളില്‍ രണ്ടാം കൃഷി പതിവായിരുന്നു. പിന്നീട് നിന്നുപോയി. രണ്ടാം കൃഷിയുണ്ടെങ്കില്‍ നെല്ല് ഉല്‍പാദനം ഇരട്ടിയാകുമായിരുന്നു. സമീപ ജില്ലയിലെ ആനൂകൂല്യങ്ങള്‍ പത്തനംതിട്ട ജില്ലയിലെ പാടശേഖരങ്ങള്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ട് പാടശേഖര സമിതികള്‍ കൃഷി മന്ത്രിക്ക് നിവേദനം നല്‍കാന്‍ തയാറാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.