തിരുവല്ലയിലെ പരാജയ കാരണം പുതുശേരിയുടെ തലയില്‍കെട്ടിവെച്ച് തടിയൂരാന്‍ കോണ്‍ഗ്രസ് നീക്കം

പത്തനംതിട്ട: തിരുവല്ല നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസഫ് എം. പുതുശേരിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം പുതുശേരിയുടെ തന്നെ തലയില്‍കെട്ടിവെച്ച് തലയൂരാന്‍ കോണ്‍ഗ്രസ് നീക്കം. പുതുശേരിയുടെ തോല്‍വിയുടെ പ്രധാന കാരണക്കാരനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെ രക്ഷിക്കാനാണ് നേതാക്കള്‍ കൂട്ടത്തോടെ പുതുശേരിയെ കുറ്റപ്പെടുത്തുന്നതെന്ന ആരോപണവും ഉയരുന്നു. കുര്യന് അനിഷ്ടമുള്ള പുതുശേരി അടുത്ത തവണ സ്ഥാനാര്‍ഥിയാകുന്നത് തടയുക കൂടി ഇതിനൊപ്പം ലക്ഷ്യമിടുന്നുണ്ട്. കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, എന്‍. ഷൈലാജ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഡോ. സജി ചാക്കോ, ഡി.സി.സി ജനറല്‍ സെക്രട്ടറി സതീഷ് ചാത്തങ്കേരി എന്നിവരാണ് തോല്‍വിയുടെ കാരണം പുതുശേരിയുടെ ചുമലില്‍ ചാര്‍ത്തി തലയൂരാന്‍ ശ്രമിക്കുന്നത്. ഇക്കാര്യം പരാജയ കാരണം അന്വേഷിക്കാന്‍ എത്തിയ കെ.പി.സി.സി ഉപസമിതി മുമ്പാകെ അറിയിച്ചിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞ ശേഷം ജില്ലയിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പി.ജെ. കുര്യന്‍ പുതുശേരിയെ അംഗീകരിക്കില്ളെന്ന് നിലപാടെടുത്തതോടെയാണ് തിരുവല്ലയില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത്. അതുവരെ പുതുശേരിയാണ് തിരുവല്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെങ്കില്‍ എല്‍.ഡി.എഫിന് രക്ഷയില്ളെന്നായിരുന്നു പൊതു വര്‍ത്തമാനം. പി.ജെ കുര്യന്‍ മാര്‍ത്തോമ സഭയുടെ വക്കാലത്തുമായാണ് പുതുശേരിയെ ആക്രമിക്കുന്നത് എന്നു വന്നതോടെ യു.ഡി.എഫ് വോട്ടര്‍മാരില്‍ അത് ചേരിതിരിവ് സൃഷ്ടിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേരിതിരിഞ്ഞു. യു.ഡി.എഫ് വിജയിക്കുമെന്ന് കരുതിയിരുന്ന തിരുവല്ലയില്‍ അതോടെ എല്ലാം അവതാളത്തിലായി. കുര്യനെതിരെ നാലുപാടുനിന്ന് വിമര്‍ശം ശക്തമായപ്പോള്‍ മാണിയുമായി തിരുവല്ലയില്‍ ചര്‍ച്ച നടത്തി പുതുശേരിയെ കെട്ടിപ്പിടിച്ച് പ്രശ്നങ്ങള്‍ തീര്‍ന്നു എന്നു പ്രഖ്യാപിച്ച് കുര്യന്‍ തടിയൂരി. എന്നാല്‍, പ്രവര്‍ത്തകരിലും യു.ഡി.എഫ് വോട്ടര്‍മാരിലും ഉണ്ടായ ചേരിതിരിവ് അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. പ്രചാരണം ചൂടുപിടിച്ചപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ശക്തമായ പ്രചാരണവുമായി മുന്നേറിയത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയുളവാക്കിയിരുന്നു. യു.ഡി.എഫില്‍ പോരാണെന്ന് വന്നതും അക്കീരമണ്‍ വിജയിച്ചേക്കുമോ എന്ന ന്യൂനപക്ഷ ഭയവും എല്‍.ഡി.എഫിന് അനുകൂല രാഷ്ട്രീയ സ്ഥിതി സംജാതമാക്കി. അതിനു വഴിമരുന്നിട്ട കുര്യനെ രക്ഷിക്കാനാണ് വസ്തുതകള്‍ വളച്ചൊടിച്ച് കെ.പി.സി.സി ഉപസമിതിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വാദങ്ങള്‍ നിരത്തിയതെന്നാണ് കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നത്. 2011ലെ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി വിക്ടര്‍ ടി. തോമസിനെ പരാജയപ്പെടുത്താന്‍ പുതുശേരി പ്രവര്‍ത്തിച്ചതാണ് ഇത്തവണ തിരിച്ചടിക്ക് പ്രധാന കാരണമായതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കെ.പി.സി.സി ഉപസമിതി മുമ്പാകെ പറഞ്ഞത്. പല യു.ഡി.എഫ് പ്രവര്‍ത്തകരും പുതുശേരിയെ അംഗീകരിക്കാന്‍ തയാറായില്ല. 2011ല്‍ എ.കെ. ആന്‍റണി പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗംപോലും പുതുശേരി ബഹിഷ്കരിച്ചിരുന്നു. വിക്ടറിനെ തോല്‍പിക്കാന്‍ സ്വന്തം സഭയെപ്പോലും ഉപയോഗിക്കാന്‍ പുതുശേരി തയാറായി. ഇത് മറ്റ് സഭകളുടെ എതിര്‍പ്പിന് കാരണമായി. 2006ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വിക്ടര്‍ ടി. തോമസിനെ പരാജയപ്പെടുത്താന്‍ വിമതനായി രംഗത്തത്തെിയ സാം ഈപ്പനെ, പുതുശേരി ഇടപെട്ടാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയാക്കിയത്. ഇതുമൂലം നിരണം, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍പോലും പുതുശേരിക്കെതിരെ നിലപാടെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച ഈ പഞ്ചായത്തുകളില്‍പോലും പുതുശേരി പുറകില്‍ പോകാന്‍ ഇത് കാരണമായി. മുമ്പ് മൂന്നു തെരഞ്ഞെടുപ്പുകളില്‍ പുതുശേരി വിജയിച്ചിട്ടും സ്വന്തം നിയോജക മണ്ഡലത്തില്‍ കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ളെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മല്ലപ്പള്ളി താലൂക്ക് രൂപവത്കരണം, കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷന്‍, വെണ്ണിക്കുളം പോളിടെക്നിക്, കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജ്, പടുതോട് പാലം എന്നിവയില്‍ പുതുശേരിക്ക് യാതൊരു പങ്കും ഇല്ലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ കെ.പി.സി.സി സമിതിക്ക് മുമ്പാകെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനു മുന്നിലും തങ്ങള്‍ വെളിപ്പെടുത്തിയിരുന്നതായും നേതാക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ ഭൂതകാലം പരിഗണിച്ചു മാത്രമേ സ്ഥാനാര്‍ഥി നിര്‍ണയം നടത്താവൂ എന്നും അവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയാണ് തിരുവല്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി തോല്‍ക്കാന്‍ കാരണമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.